മിഖായേൽ റിവ്യൂ by Naaz373






















മിഖായേൽ

മിഖായേൽ മാലാഖയുടെ പേരിൽ വന്ന സിനിമയിൽ നമ്മുടെ നായകനും അത്തരമൊരു മാലാഖയാണ്. തന്റെ കുടുംബത്തെയും കൂടപ്പിറപ്പിനെയും രക്ഷിക്കാൻ നിയോഗിക്കപ്പെട്ട മിഖായേൽ നാമത്തിൽ വന്ന മാലാഖ. സിനിമയിലേക്ക് കൂടുതൽ കടക്കുന്നതിന് മുൻപ് കുറച്ചു കാര്യങ്ങൾ.

സംവിധായകൻ
ഹനീഫ് അദെനി എന്ന സംവിധായകന്റെ കഴിഞ്ഞ സിനിമകൾ കണ്ട എന്നെപ്പോലെ ഏതൊരു പ്രേക്ഷകനും വളരെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമായിരുന്നു മിഖായേൽ. അതിന് ഹൈപ്പ് കൂട്ടാൻ പാകത്തിനുള്ള ട്രയ്ലർ കൂടി കണ്ടപ്പോൾ എല്ലാവരും വ്യത്യസ്തമായ നല്ലൊരു സ്റ്റൈലിഷ് സിനിമ കാണാമെന്ന് കരുതി. സംവിധായകൻ തന്റെ മുൻ ചിത്രങ്ങൾ പോലെ തന്നെയാണ് ഈ സിനിമയും  ഒരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഫാദറിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം പറഞ്ഞപ്പോൾ പുള്ളി തന്നെ തിരക്കഥ എഴുതിയ എബ്രഹാമിന്റെ സന്തതികളിൽ ചേട്ടനും അനിയനും തമ്മിലുള്ള ബന്ധം കാണിച്ചു തന്നു. വ്യക്തിപരമായി ഈ രണ്ട് സിനിമകളും എനിക്ക് ഇഷ്ടമായതാണ്. അതുകൊണ്ട് തന്നെ ആ ഒരു താൽപ്പര്യം സിനിമ ഇറങ്ങിയ സമയത്ത് ഉണ്ടായിരുന്നു.

എന്നാൽ ആദ്യ ദിനം പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രത്തിന് വൻ നെഗറ്റീവ് അഭിപ്രായങ്ങൾ നേരിടേണ്ടി വന്നു. ഒരിക്കലും അങ്ങനെയൊരു പ്രതികരണം സിനിമയും അതിന്റെ അണിയറ പ്രവർത്തകരും തീരെ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ നെഗറ്റീവ് റിവ്യൂസ് വന്ന ചില പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പുകൾ അവർ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. ഇത് ആദ്യത്തെ സംഭവം അല്ലാത്തതിനാൽ എല്ലാവരും അത് പെട്ടെന്ന് accept ചെയ്തു. എന്നാൽ അതിന്റെ പേരിൽ സിനിമയ്ക്ക് എതിരെ വീണ്ടും പ്രതിഷേധം ഉയർന്നു. ഒരു സിനിമ ഗ്രൂപ്പിലും മിഖായേൽ സിനിമയുടെ റിവ്യൂ പോസ്റ്റ് ചെയ്യരുത് എന്ന് മെംബേഴ്സിന് അറിയിപ്പ് ലഭിച്ചു. സിനിമയെ മൊത്തത്തിൽ ബഹിഷ്‌കരിച്ചു കൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. ഇതിലെ ശരി തെറ്റുകൾ ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. അത് അങ്ങനെ തന്നെ നിൽക്കട്ടെ. ഇത്രയും വിവാദങ്ങൾ സിനിമയുടെ പേരിലുണ്ടായ സ്ഥിതിക്ക് സിനിമ കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്താം എന്നു ഞാൻ കരുതി.

ഇനി സിനിമയിലേക്ക് വരാം.
സംവിധായകന്റെ സ്ഥിരം ശൈലിയിൽ തുടങ്ങിയ സിനിമയുടെ കഥാഗതി ആദ്യ കുറച്ചു സമയം കാണുമ്പോൾ ഏതൊരാൾക്കും മനസിലാകും. അതിനാൽ പ്രത്യേകിച്ച് എടുത്ത് പറയത്തക്ക ട്വിസ്റ്റോ കാര്യങ്ങളോ ഒന്നും തന്നെ സിനിമയിൽ ഇല്ല. പിന്നെയുള്ളത് ഒരു കുടുംബ കഥയാണ്. അതും മുൻ സിനിമകളിൽ കണ്ടു പഴകിയ അതേ വീഞ്ഞു തന്നെ പുതിയ കുപ്പിയിലാക്കി വീണ്ടും തിയേറ്ററിൽ എത്തിച്ചു. അതിൽ കുറച്ചു മാസ് എലമെന്റ്‌സ് ഒക്കെ ചേർത്ത് സിനിമ ഒരു ശരാശരിയിൽ കൊണ്ടെത്തിക്കാൻ ആദ്യ പകുതി വരെ കഴിഞ്ഞു. എന്നാൽ രണ്ടാം പകുതി എന്നിലെ പ്രേക്ഷകനെ സംബന്ധിച്ച് തീർത്തും നിരാശയായിരുന്നു. കഥയിലെ പ്രധാന വില്ലനെ നായകൻ വക വരുത്തിയിട്ടും വീണ്ടും സിനിമ വലിച്ചു നീട്ടി വേറെന്തൊക്കെയോ ആക്കി മാറ്റാൻ സംവിധായകൻ കാണിച്ച വ്യഗ്രത സിനിമയിൽ നന്നായി നിഴലിച്ചു കാണാം. നല്ലൊരു താരനിര ഉണ്ടായിട്ടും അത് വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാതെ പോയ രണ്ടാം ഭാഗം. കുറെ കഥാപാത്രങ്ങൾ വരുന്നു പോകുന്നു എന്നല്ലാതെ കാണുന്ന പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്ക ഒന്നും സിനിമയുടെ രണ്ടാം പകുതിയിൽ സംവിധായകന് നൽകാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അതുവരെ ശരാശരി ഉണ്ടായിരുന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ ശരാശരിയിലും താഴെയുള്ള അനുഭവം ആയി മാറി.

കഥാപാത്രങ്ങളിലേക്ക് വന്നാൽ സിദ്ദിഖ് ഇക്ക ചെയ്ത ജോർജ് പീറ്റർ എന്ന നെഗറ്റീവ് റോളിൽ വന്ന ക്യാരക്ടർ അല്ലാതെ മറ്റാരും മനസിൽ തങ്ങി നിൽക്കുന്നില്ല. ട്രയ്ലറിൽ നല്ല രീതിയിൽ ബൂസ്റ്റ്‌ ചെയ്ത ഉണ്ണി മുകുന്ദൻ ചെയ്ത മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ സിനിമയിൽ നേരെ തിരിച്ച് ഒരു ഹാസ്യ കഥാപാത്രം ആക്കി മാറ്റി. ഉണ്ണിയുടെ ചില മാസ് (കാണിക്കാൻ വേണ്ടി പറഞ്ഞ) ഡയലോഗുകൾ തിയേറ്ററിൽ ചിരി പടർത്തി. ചില സീനുകളും എന്തിനായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. JD ചക്രവർത്തി, സുരാജ്‌ എന്നിവർ ചെയ്‌ത പോലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങൾ നന്നായിരുന്നു. സുദേവും, ഷാജോണും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ പോയി.

ആകെ മൊത്തം സിനിമ ഒരു അവിയൽ പരുവത്തിൽ ആണ് എനിക്ക് തോന്നിയത്. ചിലപ്പോൾ ഇത് എന്റെ മാത്രം തോന്നൽ ആയിരിക്കാം. നിവിൻ പോളിയുടെ ഫാൻസിന് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും സിനിമയിൽ ആവശ്യത്തിന് ചേർത്തിട്ടുണ്ട്. അതുകൊണ്ട് സിനിമ ബോക്സ് ഓഫിസിൽ പരാജയപ്പെടില്ല.

വാൽക്കഷ്ണം:- സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്റെ അക്കൗണ്ട് പൂട്ടിയാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും സിനിമയ്ക്കും അതിന്റെ അണിയറ പ്രവർത്തകർക്കും മാത്രമായിരിക്കും. ഒരു സിനിമ കാശ് കൊടുത്ത് കണ്ടിട്ട് അതിന്റെ അഭിപ്രായം പറയാൻ ഏതൊരാൾക്കും അവകാശമുണ്ട്.

#Naaz373