കുമ്പളങ്ങി നൈറ്റ്‌സ് (2019)



കുമ്പളങ്ങി നൈറ്റ്‌സ് (2019)

ആർക്കും വേണ്ടാത്ത എല്ലാ സാധങ്ങളും കൊണ്ട് തള്ളുന്ന ഒരു കുഗ്രാമം, അതാണ് കുമ്പളങ്ങി. അവിടെ ജീവിക്കുന്ന നാല് സഹോദരന്മാരുടെ ജീവിതം, അവരുടെ സ്നേഹം, സന്തോഷം, വിഷമം, പ്രണയം, ഉപജീവനം, തുടങ്ങിയ എല്ലാ മേഖലകളിൽ കൂടിയും സിനിമ സഞ്ചരിക്കുന്നു. മധു സി നാരായണൻ എന്ന പുതുമുഖ സംവിധായകൻ തന്റെ ആദ്യ സിനിമകൊണ്ട് തന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് നിർമിച്ച സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം, ഫ്രാങ്കി എന്ന മാത്യു എന്നിവരാണ് കുമ്പളങ്ങിയിലെ കൂടപ്പിറപ്പുകളായി വേഷമിടുന്നത്.

സിനിമയിലേക്ക്
ഈ പഞ്ചായത്തിലെ ഏറ്റവും മോശം കുടുംബം ഏതാണെന്ന് ചോദിച്ചാൽ അത് സജിയുടെയും സഹോദരൻമാരുടെയും കുടുംബമാണ്.  ഇളയ സഹോദരൻ ഫ്രാങ്കി പറയുന്ന ഡയലോഗ് ആണിത്. ശരിക്കും അങ്ങനെയൊരു കുടുംബത്തിലേക്കാണ് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. അപ്പനും അമ്മയും ഇല്ലാതെ വളർന്ന നാല് സഹോദരൻമാരും അവരുടെതായ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതും അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ ചെറിയ ചെറിയ തമാശകളും വിഷമങ്ങളും പ്രയാസങ്ങളും ഒക്കെയായി സിനിമയുടെ ആദ്യ പകുതി കഴിയുമ്പോൾ കാണുന്ന ഓരോ പ്രേക്ഷകനും കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിൽ എത്തിയ ഫീൽ കിട്ടും.
അവർക്കിടയിലെ ചെറിയ കാര്യങ്ങളും ചെറിയ സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും തമ്മിലുള്ള ആഴവും അതിന്റെ നൈർമല്യവും  ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന രീതിയിൽ തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷെയ്ൻ എന്ന യുവ നടന്റെ കരിയർ മാറ്റിമറിക്കാൻ ബോബി എന്ന കഥാപാത്രത്തിന് കഴിയും. ബോബി ബേബി കോംബോ മനസ്സിനോട് ചേർന്ന് നിൽക്കും.
സൗബിൻ എന്ന നടന്റെ റേഞ്ച് മനസിലാക്കാൻ സജി എന്ന ഈയൊരു കഥാപാത്രം മാത്രം മതി. പെട്ടെന്ന് ഇമോഷണൽ ആകുന്ന ടൈപ്പ്‌ ക്യാരക്ടർ വളരെ കയ്യടക്കത്തോടെ തന്നെ അദ്ദേഹം ചെയ്തു. സജി എന്ന മൂത്ത സഹോദരനെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കൂടാതെ ശ്രീനാഥ് ഭാസിയുടെ ബോണി മറ്റൊരു മികച്ച പ്രകടനം തന്നെയാണ്. പുള്ളിക്ക് ഡയലോഗ് ഇല്ലാതെ മാസ് കാണിക്കൽ നിസാരമാണെന്നു തെളിയിച്ചു. മാസ് ഡയലോഗ് എല്ലാം കഴിഞ്ഞു അത് ബോണി പറയാൻ പറഞ്ഞു എന്നാണ് പറയുന്നത്
ഷമ്മിയുടെ കാര്യം പ്രത്യേകം പറയുന്നില്ല. കാരണം "ഷമ്മി ഹീറോയാടാ ഹീറോ"
സിമിയുടെ കഥാപാത്രം ചെയ്ത ഗ്രേസി, ബേബിയായി തകർത്ത അന്ന ബെൻ, മുരുകന്റെ കഥാപാത്രം ചെയ്ത തമിഴ് നടൻ, പ്രശാന്ത് എന്ന ഫ്രീക്കനെ അവതരിപ്പിച്ചു കയ്യടി നേടിയ സൂരജ് ചേട്ടൻ അങ്ങനെ ഓരോ ചെറിയ കഥാപാത്രം വരെ മികച്ചതാക്കി മാറ്റി.

അണിയറ വിശേഷങ്ങൾ
സുഷിൻ ശ്യാമിന്റെ മനോഹരമായ സംഗീതവും ബിജിഎം സിനിമയുടെ മാറ്റ് കൂട്ടുന്നു. ഉയിരിൽ തൊടും ഇപ്പോഴും റിപീറ്റ് മോഡിൽ തന്നെയാണ്. ഷൈജു ഖാലിദ് എന്ന അതുല്യ പ്രതിഭയുടെ കയ്യൊപ്പ് സിനിമയുടെ ഓരോ ഷോട്ടിലും കാണാൻ കഴിയും. കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തിന്റെ ഭംഗി ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകളിൽ ഭദ്രമായിരുന്നു സൈജു ശ്രീധരന്റെ എഡിറ്റിങ് മികവും പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

കാണുന്ന ഓരോരുത്തർക്കും ഓരോ അനുഭൂതി ആയിരിക്കും കുമ്പളങ്ങി നൈറ്റ്‌സ് സമ്മാനിക്കുന്നത്. ടോറന്റ് റിലീസിന് ശേഷം കൾട്ട് ആയി മാറുന്ന കുറെ കിടിലൻ ഡയലോഗുകൾ സിനിമയിൽ ഒരുപാടുണ്ട്.
എന്ത് പ്രഹസനമാടോ സജീ...
യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ..
ഷമ്മിയുടെ മോളെ വിളിയൊക്കെ ചിരിക്കാനുള്ള വക നൽകി.

വാൽക്കഷ്ണം:- കുറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് ഒരെണ്ണം പറഞ്ഞ സൈക്കോ കുമ്പളങ്ങിയിലൂടെ വന്നിട്ടുണ്ട്. അത് തിയേറ്ററിൽ തന്നെ പോയി അസ്വദിക്കേണ്ട ഐറ്റം തന്നെയാണ്.
ഫഹദ് ഫാസിൽ എന്ന നടന്റെ റേഞ്ച് ഓരോ സിനിമയിലും അതിന്റെ ഹൈ ലെവലിൽ തന്നെ നമുക്ക് കാണാൻ സാധിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കുമ്പളങ്ങിയിലെ ഷമ്മി ചേട്ടൻ.

#Naaz373