വിശ്വാസം (2019)




വിശ്വാസം (2019)

തല ശിവ കോംബോയിലെ ഏറ്റവും പുതിയ വി സീരീസ് സിനിമ. വീരം, വേതാളം, വിവേകം ഇപ്പോൾ വിശ്വാസം. ഓരോ സിനിമ കഴിയും തോറും പ്രതീക്ഷ കുറഞ്ഞു കുറഞ്ഞു വിശ്വാസം ഇറങ്ങിയപ്പോൾ കാണാൻ ഒട്ടും തന്നെ താൽപ്പര്യം ഇല്ലായിരുന്നു. വീരം, വേതാളം പിന്നെയും സഹിക്കാമായിരുന്നു. എന്നാൽ വിവേകം ഒരു രക്ഷയുമില്ല. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും അറയ്ക്കും അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്ക് തിയേറ്ററിൽ പോയി തല വെക്കാതിരുന്നത്. എന്നാൽ സിനിമ വാണിജ്യപരമായി വൻ വിജയമായിരുന്നു. അതും രജനിയുടെ പടത്തിന്റെ ഒപ്പം റിലീസ് ഉണ്ടായിട്ടും അത് സിനിമയെ ബാധിച്ചില്ല.

ഇനി സിനിമയിലേക്ക് വരാം
ശിവ വളരെ കയ്യടക്കമുള്ള സംവിധായകനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

വീരം - ചേട്ടൻ അനിയൻ സെന്റിമെന്റ്‌സ്
വേതാളം - ചേട്ടൻ അനിയത്തി സെന്റിമെന്റ്‌സ്
വിവേകം - ഭാര്യ ഭർത്താവ് സെന്റിമെന്റ്‌സ്
വിശ്വാസം - അച്ഛൻ മകൾ സെന്റിമെന്റ്‌സ്

തന്റെ ഓരോ സിനിമയിലും ബന്ധങ്ങൾക്ക് ഇത്രയും പ്രാധാന്യം നൽകുന്ന ഒരു സംവിധായകൻ വേറെയില്ല. കഥാപാരമായി ശരാശരി ആണെങ്കിൽ കൂടി പെർഫോമൻസ് വെച്ചു നോക്കുമ്പോൾ സിനിമ തൃപ്തിപ്പെടുത്തുന്ന അനുഭവമാണ്. അജിത്ത്, നയൻതാര, ബേബി അനിഖ, തുടങ്ങിയവർ മികച്ച പ്രകടനം നടത്തി. ചില ഇമോഷണൽ സീനുകൾക്ക് പ്രേക്ഷകന്റെ കണ്ണു നിറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്ഥിരം തട്ടുപൊളിപ്പൻ ക്ലിഷേ ചേരുവകളും, അനാവശ്യമായി കുത്തികേറ്റിയ ഊള പാട്ടുകളും ഒഴിച്ചാൽ സിനിമ ഒരു തവണ കണ്ടിരിക്കാനുള്ള വകയുണ്ട്. ക്ലൈമാക്സ് കുറച്ചുകൂടി വിശ്വസനീയമായ രീതിയിൽ എടുക്കാമായിരുന്നു എന്ന് മാത്രം തോന്നി. എന്നിരുന്നാലും വിവേകം പോലൊരു ദുരന്തം പ്രതീക്ഷിച്ചു കണ്ടത് കൊണ്ടായിരിക്കാം വിശ്വാസം അത്ര നിരാശ നൽകിയില്ല. ഫാമിലി ഏറ്റെടുത്തത് ആയിരിക്കാം സിനിമ ഇത്ര വലിയ വിജയമായി മാറാൻ കാരണം. സ്ക്രീൻ പ്രെസെൻസിൽ തലയെ വെല്ലാൻ ആരുമില്ലെന്ന് വീണ്ടും പുള്ളി തെളിയിച്ചു. കൂടെ കിടിലൻ ലുക്കും.

വാൽക്കഷ്ണം:- ശിവയുടെ കൂട്ട് നിർത്തണം എന്നു പറയുന്നില്ല. എന്നാലും വല്ലപ്പോഴും ഒരു വ്യത്യസ്ത സിനിമ കൂടി ചെയ്യാൻ സമയം കണ്ടെത്തണമെന്ന് മാത്രം പറഞ്ഞു കൊണ്ട് നിർത്തുന്നു. എന്നൈ അറിന്താൽ കഴിഞ്ഞു ആ ലെവൽ ഒരു പടം ഇതുവരെ വന്നിട്ടില്ല. കഴിവുള്ള, ഇഷ്ടമുള്ള ഒരു നടൻ വീണ്ടും വീണ്ടും ഇതുപോലുള്ള സിനിമകൾ ചെയ്യുന്നത് തീർത്തും നിരാശജനകമാണ്.

©Naaz373