ജൂൺ (2019) റിവ്യൂ by Muhammad Nezar



ജൂൺ (2019)

ഒരുപാട് നല്ല അഭിപ്രായം വന്നതുകൊണ്ട് കാണാമെന്ന് കരുതിയ സിനിമയാണ്  ജൂൺ. യാതൊരു പ്രതീക്ഷയുമില്ലാതെ പോയി കണ്ട് മനസ് നിറച്ച നല്ലൊരു സിനിമ. എന്റെ സ്കൂൾ, കോളേജ് ജീവിതങ്ങളിലേക്ക് കൂടി ഈ സിനിമ എന്നെ മടക്കി കൊണ്ടുപോയി.

ജൂൺ എന്ന പെണ്കുട്ടിയുടെ ബാല്യവും, കൗമാരവും, യൗവനവും വളരെ മനോഹരമായി സിനിമയിൽ കാണിച്ചു തന്ന രജിഷ വിജയൻ എന്ന നടിയുടെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ആ കഥാപാത്രത്തെ അതേപടി പകർത്തിയ പ്രകടനം. ഓരോ കാലഘട്ടം കാണിക്കുമ്പോഴും അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ രജിഷയിലെ അഭിനേത്രിക്ക് സാധിച്ചിട്ടുണ്ട്. അനുരാഗ കരിക്കിൻ വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി തന്റെ പ്രതിഭ തെളിയിച്ച രജിഷയുടെ കരിയറിലെ തന്നെ ഏറ്റവും നല്ല റോളുകളിൽ ഒന്നാണ് ഈ സിനിമയിലേത്. കൂടെ അഭിനയിച്ച അർജുൻ അശോകൻ, ജോജു, പിന്നെ പേരറിയാത്ത മറ്റ് അഭിനേതാക്കൾ എല്ലാവരും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി മാറ്റി.

ആദ്യ പകുതിയിൽ ജൂൺ എന്ന പെണ്കുട്ടിയുടെ പ്ലസ് ടൂ, കോളേജ്, ലൈഫ്‌ ആണെങ്കിൽ രണ്ടാം പകുതിയിൽ അവളുടെ അതിനു ശേഷമുള്ള യൗവനകാലവും കല്യാണം വരെയുള്ള ജീവിതവുമാണ് സിനിമ പറയുന്നത്. സിനിമ ആദ്യാവസാനം വരെ ഒരു വ്യക്തിയിൽ മാത്രമായി ചുരുങ്ങിയെങ്കിൽ കൂടി സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ അവരുടെ സൗഹൃദവും അതിന്റെ ഒരുമിച്ചു കൂടലും ആഘോഷവുമായി ഒരു ഹാപ്പി എൻഡിങ് മൂഡിലാണ് അവസാനിക്കുന്നത്. എപ്പോഴൊക്കെയോ നാം നമ്മുടെ പഠന കാലവും അതിന്റെ കുസൃതികളുമൊക്കെ ഒരിക്കലെങ്കിലും ഓർത്തുപോകും. അത് തന്നെയാണ് ഈ സിനിമയുടെ വിജയവും. കാണുന്നവരെ അവരുടെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ ബാല്യകാലത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രം ആയിരുന്നു അർജുൻ അശോകൻ ചെയ്തു മനോഹരമാക്കിയ ക്യാരക്ടർ. ശരിക്കും ഒരു ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു, ആത്മാർഥമായി പ്രണയിച്ചു, അതിന്റെ നോവും, രുചിയും ഒരേപോലെ ആസ്വദിച്ച എനിക്ക് ആ കഥാപാത്രവുമായി ഒരുപാട് റിലേറ്റ് ചെയ്യാൻ സാധിച്ചു.

മൊത്തത്തിൽ കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പം തിയേറ്ററിൽ നിന്നു തന്നെ അസ്വദിക്കേണ്ട മികച്ച ഫീൽ ഗുഡ് മുവിയാണ് ജൂൺ.

#Naaz373