Lucifer (2019) Movie Review



ലൂസിഫർ (2019) ❤
സംവിധാനം : പൃഥ്വിരാജ് സുകുമാരൻ

മലയാളികളുടെ പ്രിയ നടന്മാരായ മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ,  ഓരോ സിനിമാ സ്നേഹിയെ പോലെ ഞാനും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ. പ്രതീക്ഷയുടെ അമിതഭാരം കുറക്കാൻ വേണ്ടി രാവിലെ മുതൽ നെറ്റ് പോലും ഓണാക്കാതെ, ഒരു റിവ്യൂ പോലും വായിക്കാതെയാണ് സിനിമയ്ക്ക് കയറിയത്. 

സിനിമയിലേക്ക്
സ്വർഗത്തിൽ നിന്നും പുറത്താക്കപ്പെട്ട മാലാഖയുടെ കഥയാണ് ലൂസിഫർ. ആ മാലാഖയെ സ്നേഹത്തോടെ  ചിലർ എസ്തപ്പാൻ എന്നും ഭയത്തോടെ ചിലർ ലൂസിഫർ എന്നും ബഹുമാനത്തോടെ മറ്റ് ചിലർ സ്റ്റീഫൻ നെടുമ്പള്ളി എന്നും വിളിച്ചു. അറിയപ്പെടാത്ത മറ്റ് പല പേരുകളിലും പല നാടുകളിലുമായി ആ മാലാഖ വസിക്കുന്നു. ആ മാലാഖയുടെ ആരും അറിയാത്ത കഥ കൂടിയാണ് ലൂസിഫർ.

ആദ്യ പകുതി രാഷ്ട്രീയ പശ്ചാത്തലത്തിൽ നടക്കുന്ന കഥാ സന്ദർഭങ്ങളിൽ കൂടിയാണ് സിനിമ കടന്നു പോകുന്നത്. എന്നാൽ ഇതൊരു മുഴുനീള രാഷ്ട്രീയ സിനിമയല്ല. എന്നിരുന്നാലും കേരളത്തിലെ രാഷ്ട്രീയക്കാരെയും മീഡിയയെയും ഒരേപോലെ ചിത്രം ട്രോളുന്നുണ്ട്. മുരളി ഗോപിയുടെ ഡയലോഗുകളിൽ ചിലത് ഇവിടുത്തെ പ്രമുഖന്മാരെ തേച്ചൊട്ടിക്കുന്നതാണ്.   എന്നാൽ ഇതൊന്നുമല്ല സിനിമയുടെ യഥാർത്ഥ മുഖം. അത് തിയേറ്ററിൽ തന്നെ കണ്ടറിയണം. ട്രെയ്ലറിൽ കാണിച്ച പോലൊരു പൊളിറ്റിക്കൽ മൂഡുള്ള സിനിമയാണെന്ന് കരുതി ഒരു സിംഹത്തിന്റെ മടയിൽ ആണെ ചെന്ന് കേറിയതെന്ന് വൈകിയാണ് അറിഞ്ഞത്. കാരണം ടീസറിലും, ട്രയ്ലറിലും ഒന്നും നമ്മൾ  കാണാത്ത  മറ്റൊരു അവതാരത്തെ പൃഥ്വിരാജ് എന്ന ബ്രില്യന്റ് സംവിധായകൻ സിനിമയിൽ ഒളിച്ചു വെച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ എന്തെങ്കിലും പറഞ്ഞു പോയാൽ അത് ചിലപ്പോൾ സ്പോയിലർ ആയിപ്പോകും. 

ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ഈയടുത്ത്  കണ്ട മറ്റൊരു അഡാർ
സിനിമയുടെ ഫീലാണ്. കാർത്തിക് സുബ്ബരാജ് എന്ന ഫാൻബോയ്‌ തന്റെ ഡ്രീം ഹീറോ ആയ രജനീകാന്തിനെ വെച്ചു ഇറക്കിയ അൾട്രാ മാസ് പടമായ പേട്ട കണ്ടിറങ്ങിയപ്പോൾ കിട്ടിയ അതേ ഫീൽ ഇന്ന് ലുസിഫർ കണ്ടിറങ്ങുമ്പോഴും എനിക്ക് കിട്ടിയെങ്കിൽ അതിനു കാരണം പൃഥ്വിരാജ് എന്നയാൾക്ക് മോഹൻലാൽ എന്ന തന്റെ ഹീറോയോടുള്ള അടങ്ങാത്ത ആവേശം ഒന്നുകൊണ്ടു മാത്രമാണ്. തീർച്ചയായും ഇതൊരു ഔട്ട് ആൻഡ് ഔട്ട് മോഹൻലാൽ ഷോ തന്നെയാണ്. മോഹൻലാൽ എന്ന നടനെ മലയാളികൾ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നുവോ അതിന്റെ ഡബിൾ ഇരട്ടിയായി പൃഥ്വിരാജ് എന്ന സംവിധായകൻ തിരികെ തന്നെന്ന് നിസംശയം പറയാം. ആരാധകർക്ക് മാത്രമല്ല മോഹൻലാൽ എന്ന നടനെ ഇഷ്ടപെടുന്ന ഓരോ മലയാളിക്കും ആഘോഷമാക്കാനുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്. കുറിക്ക് കൊള്ളുന്ന പഞ്ച് ഡയലോഗുകളും ഫാൻസിന് വേണ്ടിയുള്ള ചില മൂവി റഫറൻസും സിനിമയ്ക്ക് നൽകിയ എനർജി ലെവൽ ചെറുതൊന്നുമല്ല. അതേപോലെ സ്റ്റണ്ട് സിൽവയുടെ ആക്ഷൻ സീനുകളും ദീപക് ദേവിന്റെ ബിജിഎം  രോമാഞ്ചം തരുന്നുണ്ട്. എന്നാലും നല്ല കുറച്ചു പാട്ടുകൾ കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ എന്നുതോന്നി. സുജിത് വാസുദേവിന്റെ മികച്ച വിഷ്വൽസും സിനിമയുടെ മാറ്റ് കൂട്ടുന്നു. 

വിവേക് ഒബ്റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, സായ് കുമാർ, ബൈജു, കലാഭവൻ ഷാജോൺ തുടങ്ങി ആന്റണി പെരുമ്പാവൂരിന് വരെ ഒരേപോലെ പ്രാധാന്യം നൽകിക്കൊണ്ട് ഓരോ കഥാപാത്രത്തിനും  അത് ആവശ്യപ്പെടുന്ന സ്പേസ് നൽകുന്നതിൽ സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ തോന്നിയ ചെറിയ ചില ഇഴച്ചിൽ മാറ്റി നിർത്തിയാൽ സിനിമ ശരാശരിയേക്കാൾ മുകളിലുള്ള അനുഭവം നൽകുന്നുണ്ട്. 

ചുരുക്കത്തിൽ ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടൈനറാണ് ലുസിഫർ. ഫാൻസിനും ഫാമിലിക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ചിത്രം. മലയാളത്തിലെ എണ്ണം പറഞ്ഞ പുതുമുഖ സംവിധായകരുടെ കൂട്ടത്തിലേക്ക് ഒരാൾ കൂടി എത്തുന്നു എന്നതും ഒരു സിനിമാ പ്രേമിയെന്ന നിലയിൽ ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. 

ലാസ്റ്റ് വേർഡ് : - പൃഥ്വിരാജിന്റെ സിനിമകളിൽ സ്ഥിരം കേട്ടുവരുന്ന ആ  ഹോളിവുഡ് ലെവലിലുള്ള സിനിമയുടെ മറ്റൊരു  ലോകത്തിലേക്ക് ദേ ഇപ്പൊ ഞങ്ങളുടെ ലാലേട്ടനെയും ഇങ്ങേർ കൊണ്ടുപോയി. ഇനിയെന്തൊക്കെ സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. അതിനുള്ള കാരണം വേറൊന്നുമല്ല ഒരു രണ്ടാം ഭാഗത്തിനുള്ള വെടി മരുന്ന് കൂടി ബാക്കി വെച്ചിട്ടാണ് പുള്ളി  പടം അവസാനിപ്പിക്കുന്നത്. 

#Naaz373