Saving Private Ryan (1998)



Saving Private Ryan (1998)

തന്റേതായ അഭിനയ ശൈലി കൊണ്ടും തിരഞ്ഞെടുക്കുന്ന സിനിമകളിലെ വ്യത്യസ്തത കൊണ്ടും എന്നിലെ സിനിമാസ്വാദകനെ എക്കാലവും ഭ്രമിപ്പിച്ച നടനാണ് ടോം ഹാങ്ക്സ്. 
ടോം ഹാങ്ക്സ് എന്ന നടനോടുള്ള അടങ്ങാത്ത ആവേശവും ഇഷ്ടവും കൊണ്ട്  കൂടിയാണ് ഞാൻ ഹോളിവുഡ് സിനിമകൾ കണ്ട് തുടങ്ങിയത് എന്നും വേണമെങ്കിൽ പറയാം. അതിൽ ഏറ്റവും ഒടുവിലത്തെ സിനിമയാണ് സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത സേവിങ് പ്രൈവറ്റ് റയാൻ. 

പൂർണമായും ഇതൊരു മിലിട്ടറി സിനിമയാണ്. പട്ടാളക്കാരുടെ ജീവിതവും അവരുടെ നാടിനോടും വീടിനോടുമുള്ള സ്നേഹവും കടപ്പാടുകളും ഒരേപോലെ ചിത്രം ചർച്ച ചെയ്യുന്നു. അതേപോലെ തന്നെ അവരുടെ ഇടയിലെ സൗഹൃദവും നല്ല നിമിഷങ്ങളും മനോഹരമായി ചിത്രം പറയുന്നതിനോടൊപ്പം തന്നെ അവരുടെ മാനസിക സംഘർഷങ്ങൾക്ക് കൂടി സിനിമ പ്രാധാന്യം നൽകുന്നുണ്ട്. 

പ്രത്യേക ഉത്തരവ് പ്രകാരം ജെയിംസ് റയാൻ എന്ന മിലിട്ടറി ഉദ്യോഗസ്ഥനെ കണ്ടെത്താനായി ക്യാപ്റ്റൻ ജോൺ മില്ലറുടെ നേതൃത്വത്തിൽ നടത്തുന്ന മിലിട്ടറി ഓപ്പറേഷനാണ് സിനിമയുടെ പ്രമേയം. സിനിമയുടെ ടെക്‌നിക്കൽ സൈഡ് എടുത്തു പറയേണ്ടത് തന്നെയാണ്. യുദ്ധരംഗങ്ങൾ ഒക്കെ വളരെ കൃത്യതയോടെയും പെർഫെക്ഷനോടെയും കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റീവൻ സ്പിൽബെർഗ് എന്ന മികച്ച സംവിധായകന്റെ കയ്യടക്കത്തോടെയുള്ള സംവിധാന മികവ് സിനിമയുടെ ഓരോ ഷോട്ടിലും കാണാൻ കഴിയും. രണ്ടേമുക്കാൽ മണിക്കൂർ നീണ്ട സിനിമയായിരുന്നിട്ടു കൂടി ഒരു സെക്കന്റ് പോലും മടുപ്പിക്കാത്ത അവതരണ മികവും പ്രത്യേകം പ്രശംസ അർഹിക്കുന്നു.

യുദ്ധങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും അവയ്ക്കിടയിൽ ആരാലും അറിയപ്പെടാതെ മരണത്തെ പോലും തോൽപിച്ച, നാടിന് വേണ്ടി സ്വയം സമർപ്പിച്ച കുറെ നല്ല പട്ടാളക്കാരുടെയും അവരിലെ മനുഷ്യരുടെയും കൂടി കഥയാണ് ഈ ചിത്രം. തീർച്ചയായും കാണാൻ സമയം കണ്ടെത്തുക. 

Highly Recommended 👌

#Naaz373