The Green Mile (1999)



The Green Mile (1999)
From the Director of Shawshank Redemption
Genre: Crime, Drama, Fantasy

വിചാരണ തടവിൽ ശിക്ഷയും കാത്ത് കഴിയുന്ന ഒരു കുറ്റവാളിയോട് അയാളുടെ ജയിലിനുള്ളിലെ സംരക്ഷണ ചുമതലയുള്ള ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും ഇത്രയധികം ദയയും അനുകമ്പയും പ്രകടിപ്പിച്ചു കാണില്ല. അതുമാത്രമല്ല അയാളുടെ വിയോഗത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ചതും ഇപ്പറഞ്ഞ പൊലീസുകാർ തന്നെയാണ്. അങ്ങനെ ഒരുപാട് വ്യത്യസ്തതയുള്ള ഒരുകൂട്ടം ജയിൽ ഉദ്യോഗസ്ഥരുടെയും അവരുടെ പ്രിയപ്പെട്ട ഒരു തടവുകാരന്റെയും ഒപ്പമുള്ള ചുരുങ്ങിയ കാലത്തെ ജയിൽ ജീവിതം ഇത്തിരി ഫാന്റസിയുടെ മേമ്പൊടി ചേർത്ത് മനോഹരമായി വർണിച്ചു തന്ന ഒരു വിസ്മയിപ്പിക്കുന്ന കവിത പോലെയാണ് ഈ സിനിമ കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്.

സ്റ്റീഫൻ കിംഗ്‌ എന്ന എഴുത്തുകാരന്റെ 'ഗ്രീൻ മൈൽ' എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ 1999ൽ റിലീസ് ചെയ്തു.  Shawshank Redemption എന്ന എക്കാലത്തെയും മികച്ച ചിത്രത്തിന് ശേഷം അതേ സംവിധായകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ ഒരു പ്രിസൺ മൂവി എന്നതിലുപരി മികച്ചൊരു ഫാന്റസി മൂവി കൂടിയാണ്. ഈ സിനിമയുടെ ജനർ നോക്കിയാൽ മതി ഈ സിനിമ എത്രത്തോളം വ്യത്യസ്തമാണെന്ന് മനസിലാക്കാൻ. ഏകദേശം മൂന്നു മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരു നിമിഷം പോലും ബോറടിപ്പിക്കാത്തത്തിന്റെ പ്രധാന കാരണവും ഈയൊരു ഫാന്റസി എലമെന്റ് തന്നെയാണ്.

സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കൻ ജയിലിൽ ആണെങ്കിൽ കൂടിയും ഇതൊരു മുഴുനീള ജയിൽ സിനിമയല്ല. Shawshank Redemption പോലെ ഒരു ജയിൽ സിനിമ എന്നു കേൾക്കുമ്പോൾ നാം ചിന്തിക്കുന്ന തരത്തിലുള്ള ജയിൽ ബ്രെക്കിങ് പോലെ യാതൊന്നും സിനിമയിൽ ഇല്ലെന്ന് കൂടി ഓർമിപ്പിക്കുന്നു. പിന്നെ എന്താണ് ഇങ്ങനെയൊരു സിനിമയിൽ ഉള്ളതെന്ന് ചോദിച്ചാൽ അത് നിങ്ങൾ കണ്ട് തന്നെ അറിയേണ്ട ചില വിസ്മയങ്ങൾ ആണെന്ന് മാത്രം പറഞ്ഞ്‌ നിർത്താം.

ഇതുപോലൊരു വ്യത്യസ്ത പരീക്ഷണം ചെയ്യാൻ ധൈര്യം കാണിച്ച സംവിധായകൻ ഫ്രാങ്ക് ഡറബോണ്ട് തന്നെയാണ് സിനിമയെ അതിന്റെ പൂർണതയിൽ എത്തിച്ചത് എന്ന് നിസ്സംശയം പറയാം.  അതേപോലെ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഫോറസ്റ്റ് ഗംബിന് ശേഷം ടോം ഹാങ്ക്സിന്റെ കരിയറിലെ തന്നെ മറ്റൊരു വഴിത്തിരിവായിരുന്നു ഈ ചിത്രം. അതേപോലെ തന്നെ ചിത്രത്തിൽ ജോൺ കോഫി എന്ന  മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. കൂടാതെ നിരവധി പുരസ്‌കാരങ്ങളും സിനിമയെ തേടിയെത്തി.

ചുരുക്കത്തിൽ അനുഭവിച്ചറിയേണ്ട ഒരു 'അത്ഭുത' സിനിമ തന്നെയാണ് ദ് ഗ്രീൻ മൈൽ.
മലയാള പരിഭാഷ എംസോണിൽ ലഭ്യമാണ്.

Personally Recommended 👌

#Naaz373