ഒരു യമണ്ടൻ പ്രേമകഥ (2019) Movie Review By Muhammad Nezar



ഒരു യമണ്ടൻ പ്രേമകഥ (2019)
സംവിധാനം:- ബി.സി. നൗഫൽ

കൃത്യമായി പറഞ്ഞാൽ 566 ദിവസങ്ങളുടെ വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ റിലീസ് ആവുന്ന ദുൽഖർ ചിത്രമെന്ന സവിശേഷതയോടെ വന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തിന്റെ ടാഗ് ലൈനിൽ പറയുന്നത് പോലെ തന്നെ 'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ' തന്നെയാണ്. രണ്ടാമത് ഇറങ്ങിയ സിനിമയുടെ ടീസർ പോലെ തന്നെ വളരെ സിംപിൾ ആയ ഒരുപാട് ചിരിപ്പിച്ചും കുറച്ചു നൊമ്പരപ്പെടുത്തിയും ഗ്രാമീണ അന്തരീക്ഷത്തിൽ പറഞ്ഞു പോകുന്ന തികച്ചും ലളിതമായ സിനിമ എന്ന് ഒറ്റവാക്കിൽ പറയാം. 

ലല്ലുവിന്റെയും അവന്റെ ഒപ്പം കൂട്ടായി എന്തിനും ഏതിനും ചങ്ക് പറിച്ചു കൂടെയുള്ള ചാവേറുകളുടെയും രസകരമായ കഥയാണ് സിനിമയുടെ പ്രമേയം. ദുൽഖറിനെ കൂടാതെ സലിംകുമാർ, സൗബിൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഹരീഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. സംയുക്ത മേനോനും നിഖില വിമലുമാണ് നായികമാർ. 

കോമഡി പ്രോഗ്രാമുകളിലൂടെ പ്രശസ്തനായ ബി.സി നൗഫൽ ആദ്യമായി സംവിധാനം നിർവഹിച്ച് ഹിറ്റ് തിരക്കഥകളുടെ അമരക്കാരായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്ന് തിരക്കഥ  ഒരുക്കിയ സിനിമ കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ. സിനിമയുടെ നട്ടെല്ല് ബിബിനും വിഷ്ണുവും ഒന്നിച്ച് എഴുതിയ തിരക്കഥ തന്നെയാണ്. ഒരു സെക്കന്റ് പോലും ബോറടി തോന്നാത്ത വിധത്തിലുള്ള സ്ക്രിപ്റ്റിങ്ങും ഡയലോഗുകളും സിനിമ കൂടുതൽ അസ്വാദ്യകരമാക്കുന്നുണ്ട്. മനസ്സറിഞ്ഞ് ചിരിക്കാനുള്ള ഒരുപാട് കിടിലൻ കൗണ്ടറുകളാൽ സമ്പന്നമാണ് ചിത്രം. അതിന്റെ ഫുൾ ക്രെഡിറ്റ് തിരകഥാകൃത്തുക്കളായ വിഷ്ണുവിനും ബിബിനുമുള്ളതാണ്. അതേപോലെ ക്ലിഷേകളെ കാറ്റിൽ പറത്തിയ ക്ലൈമാക്സും സിനിമയുടെ വലിയൊരു ഹൈലൈറ്റ് ആണ്. അതുപോലെ തന്നെ എടുത്ത് പറയേണ്ട പ്രകടനങ്ങളിൽ ഒന്നാണ് സുരാജേട്ടന്റേത്. അതുവരെ ചിരിച്ചവരെ   ഒറ്റ നിമിഷം കൊണ്ട് കണ്ണ് നിറയ്ക്കാൻ ഫ്രാൻസിസ് എന്ന കഥാപാത്രത്തിന് കഴിഞ്ഞു.  ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള എൻഡിങ് സ്ഥിരം തട്ടുപൊളിപ്പൻ സിനിമകളിൽ നിന്നും ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നു. അതുപോലെ തന്നെ ദുൽഖർ അവതരിപ്പിക്കുന്ന ലല്ലു എന്ന കഥാപാത്രത്തിന്റെ ശരിയായ പേര് സിനിമയിലെ നല്ലൊരു ട്വിസ്റ്റ് ആക്കി കയ്യടി നേടാനും സിനിമയ്ക്ക് സാധിച്ചു. ഫാൻസിനും ഫാമിലിക്കും ഒരേപോലെ ആസ്വദിച്ചു കാണാനുള്ള സകല ചേരുവകളും ചേർത്ത് തയ്യാറാക്കിയ മികച്ച വിഭവമാണ് ഈ ചിത്രം.

കടമാക്കുടി എന്ന കൊച്ചിയിലെ ഒരു ചെറു ഗ്രാമത്തെ അതിന്റെ ഗ്രാമീണ സൗന്ദര്യം ഒട്ടും ചോർന്നു പോകാതെ പ്രേക്ഷകരിൽ എത്തിക്കാൻ പി. സുകുമാറിന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞു. നാദിർഷാ ഒരുക്കിയ പാട്ടുകളും ബിജിബാലിന്റെ ബിജിഎം നന്നായിരുന്നു. ചുരുക്കത്തിൽ ഒരു ക്ലീൻ എന്റർടൈനർ  തന്നെയാണ് ഈ യമണ്ടൻ സിനിമ. റിലീസ് ചെയ്ത സമയം തെറ്റിപ്പോയി എന്ന് മാത്രമാണ് ഏക പോരായ്മയായി തോന്നിയത്. ഒരാഴ്ചയ്ക്ക് ശേഷം തുടങ്ങുന്ന റമളാൻ നോമ്പും നാളെ റിലീസ് ആവുന്ന എൻഡ് ഗെയിം സീരിസും  സിനിമയെ പ്രതികൂലമായി ബാധിച്ചില്ലെങ്കിൽ നല്ലൊരു വിജയമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 

ലാസ്റ്റ് വേർഡ്:- ദുൽഖർ ആരാധകരുടെ ഒന്നര വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല. നല്ല കട്ട ലോക്കൽ ലുക്കിൽ ഒരു പക്കാ ലോക്കൽ പടം തന്നെയാണ് തന്റെ ആരാധകർക്ക് വേണ്ടി DQ നൽകിയത്.  എന്നാൽ കൂടിയും ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന സിനിമ സുകുമാരക്കുറുപ്പ് എന്ന യമണ്ടൻ കള്ളന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയ്‌ക്ക് വേണ്ടിയാണ്. ഇന്ന് മുതൽ അതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു.

അന്തസ്സുള്ള ഒരു വിജയം ആശംസിച്ചുകൊണ്ട് നിർത്തുന്നു.

#Naaz373