ഉണ്ട (2019) Review by Muhammad Nezar




ഉണ്ട (2019)
സംവിധാനം:- ഖാലിദ് റഹ്‌മാൻ

നാല് ദിവസത്തെ ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലേക്ക് പോകേണ്ടിവരുന്ന ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥർക്ക് അവിടെ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ജേക്കബ് ഗ്രിഗറി തുടങ്ങിയവർ അണിനിരക്കുന്നു. 

ഇതുവരെ കണ്ട പോലീസ് ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലുള്ള മേക്കിങ്ങും പെർഫോമൻസും കൊണ്ട് ചിത്രം പുതിയൊരു അനുഭവമായി മാറി. സ്ഥിരം പോലീസ് കഥകളിൽ കണ്ടിട്ടുള്ള എടുത്താൽ പൊങ്ങാത്ത ഡയലോഗുകളോ, മീശ പിരിച്ച് കലിപ്പ് കാണിക്കുന്ന രംഗങ്ങളോ ഒന്നുമില്ലാതെ തന്നെ കാണുന്ന പ്രേക്ഷകരുടെ നെഞ്ചു തുളച്ചു കയറാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്‌. 

എസ് ഐ മണികണ്ഠൻ എന്ന പൊലീസുകാരനായി മമ്മൂട്ടിയുടെ പരകായ പ്രവേശം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം. മലയാളികൾ ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ വ്യത്യസ്തമായ പോലീസ് വേഷം കൂടിയാണ് എസ് ഐ മണികണ്ഠൻ. സാധാരണക്കാരിൽ സാധാരണക്കാരനായ പൊലീസുകാരനായി സിനിമയിൽ ഉടനീളം മമ്മൂട്ടി എന്ന മഹാനടൻ ജീവിച്ചു കാണിച്ചു. മണികണ്ഠൻ അനുഭവിക്കുന്ന നിസ്സഹായതയും, രോഷവും ആകുലതകളും എല്ലാം ആ കൈകളിൽ ഭദ്രമായിരുന്നു. അത് വേണ്ട രീതിയിൽ യൂസ് ചെയ്യാൻ ഖാലിദ് റഹ്‌മാൻ എന്ന സംവിധായകനും കഴിഞ്ഞിട്ടുണ്ട്. മാസ് ഇല്ലാതെ മാസ് കാണിച്ചു തന്ന ചില രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആണ്. അതേപോലെ പ്രശാന്ത് പിള്ളയുടെ മാരക ബിജിഎം സിനിമയിൽ ഒരു കഥാപാത്രം പോലെ ഫീൽ ചെയ്യും.

നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷവും സിനിമ ചർച്ച ചെയ്യുന്നു. മാവോയിസ്റ്റ് എന്ന മുദ്ര കുത്തി സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഒരുകൂട്ടം സാധാരണക്കാരായ ജനങ്ങളുടെ ജീവിതം കൂടി ചിത്രം വരച്ചു കാട്ടുന്നു. 

ചുരുക്കത്തിൽ ഒരുപറ്റം പോലീസുകാരുടെ ജീവിതത്തിൽ നിന്നും പകർത്തിയ ഫ്രെയിമുകൾ കൂട്ടിച്ചേർത്തു വെച്ച സിനിമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. തിയേറ്ററിൽ തന്നെ കണ്ടറിയേണ്ട സിനിമ. മണി സാറും പിള്ളേരും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

#Naaz373