തണ്ണീർമത്തൻ ദിനങ്ങൾ (2019) റിവ്യൂ



തണ്ണീർമത്തൻ ദിനങ്ങൾ (2019)
സംവിധാനം:- ഗിരീഷ്‌ എ ഡി

ഒരുകൂട്ടം പുതിയ പിള്ളേരുമായി വന്ന ഒരു കൊച്ചു സിനിമ,  റിലീസായി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ആ സിനിമയ്ക്ക് പ്രേക്ഷകർ ഒന്നടങ്കം മികച്ച അഭിപ്രായങ്ങൾ പറയുന്നത് കേട്ടപ്പോൾ മുതൽ തോന്നിയതാണ് ഈ സിനിമ എന്തായാലും ഒന്ന് കാണണമെന്ന്. അതുകൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇന്ന്  ഒരുപാട് പ്രതീക്ഷകളുമായി ടിക്കറ്റ് എടുത്തു. 

സിനിമയിലേക്ക്
മലയാള സിനിമ സ്നേഹികൾക്ക് പരിചിതമായ രണ്ടുപേർ ചേർന്ന് നിർമ്മിച്ച സിനിമ കൂടിയാണിത്. ഛായാഗ്രാഹകൻ ജോമോൻ ടി ജോണും എഡിറ്റർ ഷെമീർ മുഹമ്മദും ആദ്യമായി നിർമിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ഫ്രാങ്കി (മാത്യു) യാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം കട്ടയ്ക്ക് നിന്ന് തകർത്ത വേറെയും ഒരുപാട് പേർ സിനിമയിലുണ്ട്. എല്ലാവരും പൊളിച്ചടുക്കിയെന്ന് തന്നെ പറയാം. അതിൽ തന്നെ പ്രത്യേകം എടുത്ത് പറയേണ്ട പേരുകളിൽ ചിലതുണ്ട്. ജയ്സന്റെ കൂട്ടുകാരനായ മെൽവിനും ചേട്ടനായ ജോയ്‌സണും സിജുവും കൂട്ടുകാരിയുടെ റോൾ ചെയ്ത കീർത്തിയുമെല്ലാം മറക്കാനാവാത്ത കഥാപാത്രങ്ങളാണ്.  കൗണ്ടറുകൾ കൊണ്ട് ഓരോ പ്രേക്ഷകരെയും കയ്യിലെടുക്കാൻ ചിത്രത്തിലെ ഓരോരുത്തർക്കും കഴിഞ്ഞു. വളരെ ലളിതമായ രീതിയിൽ പറഞ്ഞു പോകുന്ന കഥയും നമുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരുപിടി കഥാപാത്രങ്ങളും കൊണ്ട് സിനിമ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു. പ്ലസ് ടൂ ലൈഫ് കഴിഞ്ഞ ഏതൊരാൾക്കും ഈ സിനിമ എന്നും ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു മികച്ച അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. 
വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച രവി മാഷും ചിത്രത്തിന്റെ പ്ലസ് പോയിന്റാണ്. രവി പത്മനാഭൻ എന്ന മലയാളം മാഷിന്റെ വേഷം ഗംഭീരമായി തന്നെ വിനീത് അവതരിപ്പിച്ചു. എന്നാലും അത്രയും നേരം സ്കോർ ചെയ്ത രവി സാറിനെ ക്ലൈമാക്സിൽ ഒതുക്കി കളഞ്ഞതിനോട് മാത്രം ചെറിയൊരു വിയോജിപ്പ്‌ തോന്നിപ്പോയി. എന്നിരുന്നാലും സിനിമ നല്ല രീതിയിൽ തന്നെ കൊണ്ടവസാനിപ്പിച്ചു. 

പ്ലസ് ടൂ കാലഘട്ടത്തിൽ നിങ്ങൾ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഈ സിനിമയിൽ നിങ്ങൾക്ക് എക്‌സ്പീരിയൻസ് ചെയ്യാൻ കഴിയും. അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. തുറന്ന മനസ്സും കണ്ണുമായി കാണാവുന്ന നല്ലൊരു സിനിമ എന്ന് ചുരുക്കത്തിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. ഒരുപക്ഷേ ടോറന്റിൽ വന്നു കഴിഞ്ഞിട്ട് കണ്ടാൽ നിങ്ങൾക്ക് ഈ ചിത്രം ഇഷ്ടപെടണമെന്നില്ല. അതുകൊണ്ട് ഉടൻ തന്നെ ടിക്കറ്റ് എടുത്തോളൂ. 

#Naaz373