ജല്ലിക്കെട്ട് (2019) മൂവി റിവ്യൂ By Naaz373



ജല്ലിക്കട്ട്  (2019)
സംവിധാനം:- ലിജോ ജോസ് പെല്ലിശ്ശേരി

"രണ്ടു കാലിൽ കയറു പൊട്ടിച്ചോടുന്ന പോത്തുകളുടെ കഥ" എന്ന് വേണമെങ്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. 

വെറും ഒരു പോത്തിനെ പ്രധാന കഥാപാത്രമാക്കി ഫിലിം മേക്കിങിന്റെ തമ്പുരാൻ ലിജോ ജോസ് പെല്ലിശ്ശേരി അണിയിച്ചൊരുക്കിയ സിനിമയാണ്  ജല്ലിക്കട്ട്. നിരവധി അന്താരാഷ്ട്ര ബഹുമതികൾ കരസ്ഥമാക്കിയ സിനിമ റിലീസിന് മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. ഓരോ സിനിമ പ്രേമിയെപ്പോലെ ഞാനും ഈയൊരു ദിവസത്തിന് വേണ്ടി കാത്തിരിപ്പ്‌ തുടങ്ങിയിട്ട് കുറെയായി. 

സിനിമയിലേക്ക്...
വർക്കിയുടെ ഇറച്ചിക്കടയിലേക്ക് അറക്കാൻ കൊണ്ടുവന്ന പോത്ത് ഒരു രാത്രിയിൽ കയറും പൊട്ടിച്ചോടുന്നു. നാട്ടിലെ സകലമാന കൃഷിയും കടയും വീടും പറമ്പും കിളച്ചു മറിച്ച് പോത്ത് ഓടടാ ഓട്ടം തന്നെ. നാലു കാലുള്ള പോത്തിന്റെ പുറകെ ഓടുന്ന ഇരുകാലികളായ പോത്തുകളും ഓടുന്നത് മുതൽ കഥ തുടങ്ങുകയാണ്. 

ഒരു രാത്രിയുടെ മാത്രം ആയുസുള്ള കഥയെ തന്റെ സ്വതസിദ്ധമായ രീതിയിലുള്ള അവതരണ മികവിലൂടെ പുതിയൊരു കാഴ്ചയുടെ ലോകത്തേക്ക് പ്രേക്ഷകരെയും സിനിമ ഒപ്പം കൂട്ടുന്നുണ്ട്. മലയാള സിനിമ ഇന്നേവരെ കണ്ട കാഴ്ച ശീലങ്ങളുടെ പൊളിച്ചെഴുത്ത് തന്നെയാണ് ജല്ലിക്കട്ട്. പൊട്ട് പോലും തൊട്ടാൽ പൊന്നാക്കി മാറ്റാൻ കഴിവുള്ള ലിജോയെ സംബന്ധിച്ച്  ജല്ലിക്കട്ട് നിസാരമായ കാര്യം മാത്രം. 

നാൽക്കാലിയുടെ കുളമ്പടിയും ഇരുകാലിയുടെ ചങ്കിടിപ്പും ഒരേപോലെ ഒപ്പിയെടുത്ത രങ്കനാഥ്‌ രവിയുടെ ശബ്ദമിശ്രണം, പോത്ത് ഓടുമ്പോൾ ക്യാമറയുമായി കൂടെയോടുന്ന ഗിരീഷ് ഗംഗാധരനും, രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും വെവേറെ അനുഭവിച്ചറിയാം. 
ആന്റണിയും വർക്കിയും കുട്ടച്ചനും കൂടെ വേറെ കുറെ പോത്തുകളും അടങ്ങുന്ന കാസ്റ്റിങ് അപാരം. ഒപ്പം അതിനൊത്ത പ്രകടനങ്ങളും സിനിമയെ സമ്പുഷ്ടമാക്കി മാറ്റുന്നു. 

പുതുമകൾ ഇഷ്ടപ്പെടുന്നവർക്ക് കാഴ്ചയുടെ പുതിയൊരു ലോകം തുറന്ന് തരുന്ന സിനിമ എന്ന് ഒറ്റ വാക്കിൽ പറയാം. ഇനി ധൈര്യമായി പറയാം ഇത് ഒരൊന്നൊന്നര മോളിവുഡ് ലെവൽ പടമാണ് എന്ന്. ഒന്നര മണിക്കൂർ മാത്രം മാറ്റിവെച്ച് ഈ സിനിമ കണ്ടാൽ നിങ്ങൾക്ക് ഒരായുസിൽ മറക്കാനാവാത്ത അനുഭവം ആണിതെന്ന് ഞാൻ ഉറപ്പ് തരാം. 

ലിജോ ജോസ് പെല്ലിശ്ശേരി, കാത്തിരിക്കുന്നു നിങ്ങളുടെ അടുത്ത പരീക്ഷണത്തിനായി...

No Plans To Change,
No Plans To Impress.

#Naaz373