അഞ്ചാം പാതിരാ (2020) മൂവി റിവ്യൂ


അഞ്ചാം പാതിരാ (2020)
സംവിധാനം:- മിഥുൻ മാനുവൽ തോമസ്

അതുവരെ ലൈറ്റ് കോമഡി സിനിമകൾ മാത്രം ചെയ്‌തു പോരുന്ന ഒരു സംവിധായകൻ പെട്ടെന്ന് ട്രാക്ക് മാറ്റി ത്രില്ലർ ജേണറിൽ ഒരു സിനിമ ചെയ്യുമ്പോൾ സ്വാഭാവികമായും അയാളുടെ മുൻ സിനിമകൾ കണ്ട് ശീലിച്ച പ്രേക്ഷകർക്ക് പുതിയ ചിത്രം കാണാനുള്ള ആകാംക്ഷ ഉണ്ടാകും. ഒപ്പം സിനിമയുടെ ട്രെയിലറും മികച്ചു നിൽക്കുമ്പോൾ പ്രത്യേകിച്ചും ആ സിനിമ ഒരിക്കലും മിസ് ചെയ്യില്ല. അങ്ങനെയൊരു ആകാംക്ഷയോടെ തന്നെയാണ് ഞാനും ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്. 

സിനിമയിലേക്ക്...
അൻവർ ഹുസൈൻ എന്ന ക്രിമിനൽ സൈക്കോളജിസ്റ്റ് ആയ കുഞ്ചാക്കോ ബോബൻ ഗൗരവം നിറഞ്ഞ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന രംഗത്തിൽ തുടങ്ങിയ സിനിമ അദ്ദേഹത്തിന്റെ കേസുകളും റീസേർച്ചുകളെയും കുറിച്ചും ചെറുതല്ലാത്ത ഒരു ചിത്രം പ്രേക്ഷകന് നൽകി കൊണ്ട് സിനിമ അതിന്റെ ട്രാക്കിലേക്ക് കയറുന്നു.
നഗരത്തിൽ ഒരു രാത്രി നടക്കുന്ന പോലീസുകാരന്റെ കൊലപാതകവും അതിന്റെ അന്വേഷണ വിഭാഗത്തിലേക്ക് അൻവർ ഹുസൈൻ എത്തിച്ചേരുന്നതും തുടർന്നുണ്ടാകുന്ന സമാന രീതിയിലുള്ള കൊലപാതക പരമ്പരകളും തമ്മിലുള്ള ബന്ധത്തിന്റെ ചുരുളഴിക്കാനായി അയാളും പോലീസും നടത്തുന്ന സംഭവബഹുലമായ അന്വേഷണത്തിന്റെ കഥയാണ് അഞ്ചാം പാതിരാ പറയുന്നത്. ത്രില്ലർ സിനിമ ആയതിനാൽ അതിന്റെ സൗന്ദര്യം ചോർന്ന് പോകാതിരിക്കാൻ കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. എന്നിരുന്നാലും ഒരു നിമിഷം പോലും കണ്ണടപ്പിക്കാതെ ഒറ്റയിരുപ്പിന് കണ്ട് തീർക്കാൻ നിർബന്ധിതനാക്കുന്ന ഈ വർഷത്തെ ആദ്യത്തെ നിലവാരമുള്ള ത്രില്ലർ സിനിമകളിൽ ആദ്യത്തേത് ഇത് തന്നെയാണ്. 

അണിയറയിലേക്ക്...
സ്ക്രിപ്റ്റ്, ബിജിഎം, ക്യാമറ ഇത് മൂന്നുമാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. അതുകൊണ്ട് സിനിമ തിയേറ്റർ എക്‌സ്പീരിയൻസ് ആവശ്യപെടുന്നു. സിനിമയുടെ സംവിധായകൻ എന്ന നിലയിൽ മിഥുൻ തന്നെയാണ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ പൂർണ അവകാശി. അത്രയും കാലം കോമഡി സിനിമകൾ മാത്രം ചെയ്തുപോന്ന സംവിധായകന്റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒരു ത്രില്ലർ എടുത്തു വിജയിപ്പിക്കുക എന്നുള്ളത്. അതിൽ മിഥുൻ മാനുവൽ തോമസ് എന്ന യുവ സംവിധായകൻ തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ് കാണിക്കുന്ന സീൻ വരെ മാത്രം കണ്ടാൽ അത് മനസിലാവും. ഒരുകൂട്ടം മികച്ച അണിയറ പ്രവർത്തകർ സിനിമയ്ക്ക് മുന്നിലും പിന്നിലുമുള്ളത് കൊണ്ട് തന്നെ അതിന്റെതായ നിലവാരം പുലർത്തുന്ന തരത്തിലുള്ള മേക്കിങ്ങും അവതരണവും സിനിമയെ പ്രേക്ഷകനുമായി കൂടുതൽ അടുപ്പിക്കുന്നു. ഷൈജു ഖാലിദിന്റെ കാമറ കണ്ണുകളിൽ ഒപ്പിയെടുത്ത ഷോട്ടുകളും സുഷിന്റെ ഉഗ്രൻ ബിജിഎം ഒപ്പം കൂടെയുള്ളവരുടെ തകർപ്പൻ പ്രകടനവും ചിത്രത്തെ വേറിട്ടു നിർത്തുന്ന ഘടകങ്ങൾ ആണ്. ഇതുവരെ പോലീസ് വേഷത്തിൽ കാണാത്ത കുറച്ചുപേരെ ആ വേഷത്തിലും കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. 

ലാസ്റ്റ് വേർഡ്
ത്രില്ലർ എന്ന ജേണറിനോട് നൂറിൽ നൂറ് ശതമാനവും നീതി പുലർത്തിയ സിനിമ. തിയേറ്ററിൽ ഇരുന്ന് ത്രില്ലടിച്ചു കാണാനുള്ളത് എല്ലാം സിനിമയിലുണ്ട്. 

#Naaaz373