എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്...


 

25 വർഷത്തെ ജീവിതം കൊണ്ട് ഞാൻ മനസിലാക്കിയ ചില യാഥാർഥ്യങ്ങൾ. എന്റെ പിന്നിലുള്ള തലമുറയ്ക്ക് എങ്കിലും ഉപകാരപ്പെടാനായി എഴുതുന്നത്...

1. എല്ലാവരും പറയുന്നത് കേട്ട് മാത്രം നമ്മുടെ ജീവിതത്തിലെ ഒരു തീരുമാനവും എടുക്കരുത്. അത് നമുക്ക് കൂടി നല്ലതാണെന്ന് നമ്മുടെ മനസ്സ് പറഞ്ഞാൽ മാത്രം സ്വീകരിക്കുക. അല്ലെങ്കിൽ ഉപേക്ഷിക്കുക. അത് എത്ര വലിയ കാര്യം ആണെങ്കിൽ കൂടിയും. കാരണം അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് ഈ പറയുന്നവരൊന്നും ആയിരിക്കില്ല. അത് നമ്മൾ തന്നെയാണ്.

2. എല്ലാവരുടെ മുന്നിലും നല്ലതാകാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് സ്വന്തം വീട്ടുകാരുടെ മുന്നിൽ. അമിതമായ അനുസരണ ശീലം പിന്നീട് നമുക്ക് തന്നെ അബദ്ധമായി തോന്നും.

3. ഒരു കാര്യത്തിലും ഒരാളെയും അമിതമായി ആശ്രയിക്കാതിരിക്കുക. നമുക്ക് ചെയ്യാൻ പറ്റും എന്ന് നമുക്ക് ഉറപ്പുള്ള കാര്യങ്ങൾ സ്വയം ചെയ്യുക. അല്ലെങ്കിൽ ചിലപ്പോൾ നാളെ മറ്റൊരാൾ ചെയ്തു തന്ന കാര്യത്തിന്റെ കണക്ക് നിങ്ങൾക്ക് കേൾക്കേണ്ടി വന്നേക്കാം

4. പ്രായമുള്ള പലർക്കും പക്വത കാണണമെന്ന് ഇല്ല. അതുകൊണ്ട് മുതിർന്നവർ ആണെന്ന് കരുതി ഒരിക്കലും നമ്മുടെ എല്ലാ കാര്യങ്ങളും തുറന്ന് പറയാതിരിക്കുക. നമ്മുടെ പ്രായത്തിൽ നിന്ന് കൊണ്ട് ചിന്തിക്കാൻ കഴിവുള്ളവരോട് മാത്രം നമ്മുടെ മനസ്സ് തുറക്കുക. അല്ലെങ്കിൽ പിന്നീട് നിരാശപ്പെടേണ്ടി വന്നേക്കാം.

5. ജീവിതത്തിൽ സന്തോഷത്തേക്കാളും, പണത്തേക്കാളും, മറ്റെന്തിനേക്കാളും വലുത് സമാധാനം ആണ്. അത് നിങ്ങൾക്ക് എവിടുന്ന് കിട്ടുന്നോ അവിടെയാണ് നിങ്ങളുടെ വീട്. അത് കിട്ടാത്ത സ്ഥലത്തെ വെറും കെട്ടിടം എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ..

6. നിങ്ങളുടെ ജീവിതത്തിലേക്ക് എപ്പോഴെങ്കിലും  നിങ്ങളെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടി - നിങ്ങളെ പരസ്പരം അത്രമേൽ മനസിലാക്കി കൊണ്ട് കടന്ന് വന്നാൽ ഒരിക്കലും അവളെ വിട്ട് കളയരുത്. ജീവിതത്തിൽ ചിലപ്പോൾ മാത്രമേ അങ്ങനെയുള്ളവരെ കണ്ടുമുട്ടുകയുള്ളൂ... സാഹചര്യങ്ങൾ പ്രതികൂലം ആണെങ്കിലും ഒരിക്കലും അവളെ വിധിക്ക് വിട്ട് കൊടുക്കാതെ അവസാനം വരെ നിങ്ങൾ അവർക്കായി ഫൈറ്റ് ചെയ്യുക. നിങ്ങളുടെ സ്നേഹം സത്യം ആണെങ്കിൽ നിങ്ങളെ പിരിക്കാൻ യാതൊന്നിനും സാധ്യമല്ല.

7. വളർത്തി വലുതാക്കിയ കൊണ്ട് മാത്രം ഒരിക്കലും നല്ല മാതാപിതാക്കൾ ആവില്ല. സ്വന്തം മക്കളുടെ മനസ്സ് മനസിലാക്കാൻ നിങ്ങൾക്ക് പറ്റിയില്ലെങ്കിൽ പിന്നെ ഇത്രയും നാൾ വളർത്തി എന്ന് പറയുന്നത് കൊണ്ട് എന്ത് അർത്ഥം ആണുള്ളത്. അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും എന്താണെന്ന് കൂടി ചോദിച്ചറിയണം. സ്വന്തം ഇഷ്ടങ്ങളും താൽപര്യങ്ങളും വാശിയും തീർക്കാൻ ഉള്ള ഉപകരണമായി മക്കളെ കാണരുത്. കുറഞ്ഞത് അവരുടെ ഭാഗത്ത് നിന്ന് ഒരു നിമിഷം ചിന്തിക്കാൻ എങ്കിലും തയാറാകണം. അല്ലാത്ത പക്ഷം നിങ്ങൾക്ക് അവരിൽ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല.

ജീവിതം എന്ന പാഠപുസ്തകം എന്നെ പഠിപ്പിച്ച ചില പാഠങ്ങൾ ആണിത്. ജനിച്ചു പോയത് കൊണ്ട് മാത്രം ഇപ്പോഴും ജീവിക്കുന്നു എന്ന അവസ്ഥയാണ് എന്റെ ലൈഫിലെ ഞാൻ അനുഭവിച്ച ഏറ്റവും വേദന നിറഞ്ഞ സാഹചര്യം. ഈ സമയവും കടന്ന് പോകും എന്ന വിശ്വാസമാണ് ഇനിയങ്ങോട്ടുള്ള എന്റെ യാത്രയ്ക്ക് പ്രചോദനം. ആർക്കെങ്കിലും ഒരാൾക്ക് എന്റെ ഈ അനുഭവങ്ങൾ പ്രയോജനം ചെയ്താൽ അതില്പരം സന്തോഷം മറ്റൊന്നുമില്ല. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും അങ്ങനെ ആർക്കെങ്കിലും ഒക്കെ വേണ്ടി ഉപേക്ഷിക്കാനുള്ളതല്ല. അതൊക്കെയും നേടിയെടുക്കാനുള്ളതാണ്.  നമ്മൾ സ്വപ്നം കണ്ട ആകാശം അത് മറ്റാർക്ക് വേണ്ടിയും സ്വയം ഇല്ലാതാക്കരുത്. ആ ആകാശത്തിലൂടെ പറക്കേണ്ടത് നമ്മളാണ്. അവിടെ വട്ടമിട്ട് പറക്കാൻ ഒരു കഴുകനെയും അനുവദിക്കരുത്...

#Naaz373 😊


Comments