കർണൻ (2021) MOVIE REVIEW

 



🎥  കർണൻ (2021)
സംവിധാനം:- മാരി സെൽവരാജ്

ഈ വർഷം ഇറങ്ങിയതിൽ വെച്ച് ഏറ്റവും പ്രതീക്ഷ ഉണ്ടായിരുന്ന സിനിമ. പരിയേറും പെരുമാൾ എന്ന ഒറ്റ സിനിമ കൊണ്ട് മനസ്സിൽ മാർക്ക് ചെയ്തിട്ട പേരാണ് മാരി സെൽവരാജ്. ഒപ്പം ധനുഷ് എന്ന ബ്രാൻഡ് കൂടി ചേർന്നപ്പോൾ വാനോളം പ്രതീക്ഷ തോന്നിയത് സ്വാഭാവികം. ആ പ്രതീക്ഷകൾക്ക് എല്ലാം അപ്പുറമാണ് സിനിമ തന്ന എക്സ്പീരിയൻസ്.

1967 കാലഘട്ടത്തിൽ തമിഴ്‌നാട് കൊടിയൻകുളം എന്ന ചെറുഗ്രാമത്തിൽ നടന്ന സംഭവങ്ങൾ ആസ്പദമാക്കി എടുത്ത സിനിമയാണ് കർണൻ. സ്വന്തമായി ഒരു ബസ് സ്റ്റോപ്പ് ഇല്ലാത്തതിന്റെ പേരിൽ ഒരു ജീവൻ ബലി കൊടുക്കേണ്ടി വന്ന ഒരു ഗ്രാമവും അവർ തുടങ്ങി വെച്ച പ്രതിഷേധവും അതിന്റെ പേരിൽ കർണൻ എന്ന യുവാവിന്റെ പോരാട്ടവും തുടർന്നുണ്ടാകുന്ന ഹൃദയഭേദകമായ സംഭവ വികസങ്ങളുമാണ് സിനിമയുടെ പ്രമേയം.

അസാധ്യ മേക്കിങ്ങും മനസ്സിൽ തട്ടുന്ന ഒരുപാട് രംഗങ്ങളും സംഭാഷണങ്ങളും ഗാനങ്ങളും വിഷ്വൽസും എല്ലാം കൊണ്ടും സിനിമ പ്രേക്ഷകനെ വേട്ടയാടുന്നുണ്ട്. മലയാളി സാന്നിധ്യം കൊണ്ടും സിനിമ ശ്രദ്ധയാകർഷിക്കുന്നു. ലാൽ, രജിഷ വിജയൻ അവരുടെ റോൾ ഗംഭീരമാക്കി. അതിൽ തന്നെ ലാൽ ചെയ്ത കഥാപാത്രം സിനിമ കഴിഞ്ഞാലും ഒരു നോവായി ഉള്ളിൽ അവശേഷിക്കും. യോഗി ബാബുവിന്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രകടനമാണ് കർണനിൽ കാണാൻ കഴിയുന്നത്. തീർത്തും ഗൗരവമുള്ള കഥാപാത്രം. അത് അതിന്റെ മാക്സിമത്തിൽ തന്നെ പുള്ളി ചെയ്തിട്ടുമുണ്ട്.

സന്തോഷ് നാരായണന്റെ പാട്ടുകളും ബിജിഎം, തേനി ഈശ്വറിന്റെ ഗംഭീര ഛായാഗ്രഹണം സിനിമയുടെ മാറ്റ് കൂട്ടുന്നു. പെർഫോമൻസിൽ എല്ലാവരും മികച്ചു നിൽക്കുന്നു.

മാരി സെൽവരാജ് -
വരുംകാല തമിഴ് സിനിമയുടെ ഒഴിവാക്കാനാവാത്ത പേരുകളിൽ ഒന്നായി മാറി കഴിഞ്ഞു. ചില സീനുകൾ ഒക്കെ പ്രെസെന്റ് ചെയ്തിരിക്കുന്നത് അത്രയ്ക്ക് ഹൃദയസ്പർശിയായിട്ടാണ്. തന്റെ ക്രാഫ്റ്റ് എന്താണെന്ന് വ്യക്തമായി കാട്ടി തരുന്ന സംവിധാന മികവ്. മനുഷ്യരെ കൂടാതെ ചില മൃഗങ്ങളെ (കഴുത, കുതിര, നായ, പറവ) വരെ ശക്തമായ കഥാപാത്രങ്ങളായി യൂസ് ചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ ബ്രില്യൻസ് പറയാതിരിക്കാനാവില്ല. ഓരോ സീനിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ.

സിനിമ കണ്ട് കഴിയുമ്പോഴും കൊടിയൻകുളം എന്ന ഗ്രാമവും കർണ്ണനും  മനസ്സിനെ വേട്ടയാടും. ഏറ്റവും വേദനാജനകമായ കാര്യം ഇതൊരു കെട്ടുകഥ അല്ലെന്നുള്ളതാണ്. ഇങ്ങനെയും ചിലർ ഇവിടെ ഒരു കാലത്ത് ജീവിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അത്രമേൽ സിനിമ നെഞ്ചിൽ തറച്ചു കേറുന്നുണ്ട്. സാദാ കോമേർഷ്യൽ കണ്ടന്റ് വേണ്ടവർ ദയവായി ഈ സിനിമ കാണരുത്. ഇത് നിങ്ങൾക്ക് പറ്റിയ സിനിമയല്ല. കണ്ണും കാതും മനസ്സും ഒരുപോലെ തുറന്നു വെച്ചു രണ്ടര മണിക്കൂർ സമയം നീക്കി വെക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഈ സിനിമ കാണണം. അല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം.

#Naaz373


Comments