Malik (2021) My Review


 


മാലിക് (2021)
സംവിധാനം :- മഹേഷ് നാരായണൻ

സുലൈമാൻ അലി..❤️
ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും ഡെപ്ത് ഉള്ള കഥാപാത്രം. എന്ത് മനുഷ്യനാണ് നിങ്ങൾ...🙏
ഒരു കഥാപാത്രത്തിന്റെ പല പ്രായത്തിലുള്ള വേഷപ്പകർച്ചകൾ മുഴുവനും അതേപോലെ വരച്ചു വെച്ചിരിക്കുന്നു. എന്തിനേറെ സൗണ്ട് മോഡുലേഷനിൽ വരെ ആ കയ്യടക്കം പ്രകടമാണ്. ഒരു നടൻ എന്ന ലേബലിൽ ഇനി ചെയ്തു ഫലിപ്പിക്കാൻ എന്ത് റോൾ കൊടുത്താലും അത് ഇപ്പോൾ ഏത് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രം ആണെങ്കിൽ കൂടിയും ഈ മനുഷ്യന്റെ കയ്യിലെത്തി കഴിഞ്ഞാൽ പിന്നെ സംഭവിക്കുന്നത് മാജിക് ആയിരിക്കും. അല്ലെങ്കിൽ എങ്ങനെയാണ് ഇത്രമാത്രം പെർഫെക്ഷനിൽ അത്രമാത്രം സങ്കീർണമായ ആ കഥാപാത്രത്തെ ഇത്രയേറെ ഗംഭീരമായി അവതരിപ്പിക്കാൻ കഴിയും ? മറ്റുള്ള നടന്മാർക്ക് വരെ അസൂയ ജനിപ്പിക്കുന്ന തരത്തിലുള്ള പെർഫോമൻസ്.

സിനിമയിലേക്ക്..
എണ്പതുകളുടെ തുടക്കത്തിൽ തിരുവനന്തപുരം ബീമാപള്ളി വലിയതുറ ഭാഗത്ത് ഉണ്ടായ സാമുദായിക കലാപവും തുടർന്ന് നടന്ന വെടിവെയ്പ്പിനെയും ആസ്പദമാക്കി എടുത്ത ചിത്രമാണ് മാലിക്. അത്രമാത്രം വിവാദം സൃഷ്ടിച്ച ആ വർഗ്ഗീയ കലാപവും അതിന്റെ തുടർച്ചയെന്നോണം ആ ജനതയുടെ ഇടയിൽ രൂപപ്പെട്ട സാമൂഹിക അന്തരവും അതിന്റെ അനന്തര ഫലങ്ങൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന കുറെയേറെ ജീവിതങ്ങളുടെയും നേർചിത്രമാണ് മാലിക് പറയുന്നത്. ഇത്രയേറെ കൈപൊള്ളിക്കുന്ന ഒരു വിഷയം അതിന്റെ എല്ലാവിധ ഗൗരവത്തോടും കൂടെ അവതരിപ്പിക്കാൻ മഹേഷ് നാരായണൻ എന്ന സംവിധായകന് പൂർണമായും കഴിഞ്ഞുവെന്ന് തന്നെ പറയാം. തന്റെ സിനിമയിൽ വ്യക്തമായ രാഷ്ട്രീയം പറയാൻ ധൈര്യം കാണിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം. തനിക്ക് പൂർണ സംതൃപ്തി നൽകുന്ന സിനിമ മാത്രമേ ഞാൻ സംവിധാനം ചെയ്യാറുള്ളൂ എന്ന് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറയുകയുണ്ടായി. എന്നാൽ ഇപ്പോൾ അത് എന്നിലെ പ്രേക്ഷകനെയും പൂർണമായും തൃപ്തിപ്പെടുത്തുന്ന സിനിമ കൂടിയായി മാറി.

അന്നും ഇന്നും തുടർന്ന് പോരുന്ന രാഷ്ട്രീയ മുതലെടുപ്പുകളെയും, വർഗീയ വിദ്വേഷം വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കളെയും സിനിമയിൽ നിശിതമായി വിമർശിക്കുന്നുണ്ട്. ജനങ്ങൾക്ക് പറ്റിയ അബദ്ധം കൊണ്ട് മാത്രം സമൂഹ മധ്യത്തിൽ വലിഞ്ഞു കേറി എല്ലാം കയ്യടക്കി വെച്ചിരിക്കുന്ന ചില രാഷ്ട്രീയ ചീങ്കണ്ണികൾക്ക് നേരെയുള്ള കല്ലേറ് കൂടിയാണ് സിനിമ. സിനിമയുടെ ക്ലൈമാക്സ് ഓരോ പ്രേക്ഷകനും ഒരായിരം തവണ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ് തുറന്നു കാണിച്ചിരിക്കുന്നത്.

സ്വന്തം മകന് എതിരായി സാക്ഷിമൊഴി പറയാൻ കോടതിയിൽ എത്തുന്ന ഉമ്മ, സ്വന്തം മകന്റെ മൃതദേഹം കണ്മുന്നിൽ വെച്ചു വലിച്ചിഴച്ചു കൊണ്ട് പോകുന്ന പോലീസ് നായ്ക്കളെ നോക്കി നിൽക്കാൻ മാത്രം കഴിഞ്ഞ ഉപ്പ, മകന് എതിരെ തിരിഞ്ഞ ഉമ്മയെ തന്റെ ആളുകൾ ആക്രമിക്കാൻ ഒരുങ്ങിയപ്പോൾ " എന്റെ ഉമ്മയെ ഒന്നും ചെയ്യരുത് " എന്ന നട്ടെല്ല് നിവർത്തി പറയാൻ ധൈര്യം കാണിച്ച മകൻ, സ്വന്തം അച്ഛനെ ദ്രോഹിച്ചു എന്ന കാരണം കൊണ്ട് മാത്രം ഒരാളുടെ ജീവന് വരെ വിലപറയാൻ തയ്യാറായ ഡോക്ടർ ആയ മകൾ, അങ്ങനെ നിരവധി സങ്കീർണമായ കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം വന്നു പോകുന്നുണ്ട്. ഓരോ ചെറിയ കഥാപാത്രത്തിനും അതിന്റെതായ സ്‌പേസ് കൊടുത്ത് കൊണ്ട് തന്നെയാണ് സിനിമ എടുത്തിരിക്കുന്നത്.

ഫാഫാ, നിമിഷ, വിനയ് ഫോർട്ട്, ദിനേഷ് ബാബു, ജോജു തുടങ്ങിയ വലിയൊരു താരനിര കൊണ്ടു സമ്പന്നമായ സിനിമ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ എൻഗേജിങ് ആയി നിലനിർത്തി കൊണ്ട് പോകാൻ സാധിക്കുന്നുണ്ട്.

നമ്മുടെ നാട്ടിൽ സംഭവിച്ചതും ഇപ്പോൾ സംഭവിച്ച്  കൊണ്ടിരിക്കുന്നതും ഇനി അങ്ങോട്ട് സംഭവിക്കാൻ പോകുന്നതുമായ പല കാര്യങ്ങൾ വരെ പച്ചയ്ക്ക് തുറന്നു പറയാൻ മടിയില്ലാത്ത സംവിധായകനും നിക്ഷ്പക്ഷം ആയി ചിന്തിക്കാൻ കഴിവുള്ള ഒരു നടൻ കൂടി ഉണ്ടെങ്കിൽ സമൂഹത്തിൽ ഒരുപാട് നല്ല മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

എന്തായാലും ഓരോ സിനിമ പ്രേമിയും ഒരുപോലെ കാത്തിരുന്ന ചിത്രം പ്രതീക്ഷകളെക്കാൾ കൂടുതൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം ഫീൽ ആയിരുന്നു. തിയേറ്റർ എക്സ്പീരിയൻസ് എന്ന സംഗതി മാത്രം കിട്ടിയില്ല..

ഓരോ സിനിമാസ്വാദകനും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. വ്യക്തമായ രാഷ്ട്രീയം ഉള്ള ഒരാളെ കൊണ്ട് മാത്രമേ ഇതുപോലൊരു സിനിമ എടുക്കാൻ സാധിക്കൂ. കാണുന്ന പ്രേക്ഷകനെ കൂടി പരിഗണിച്ച് മാത്രം ഓരോ സീനും എഴുതിയ തിരക്കഥാകൃത്ത് കൂടി കയ്യടി അർഹിക്കുന്നു.

മാലിക് എക്കാലത്തും പ്രസക്തിയുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്. നിങ്ങൾ വ്യക്തമായ രാഷ്ട്രീയബോധം ഉള്ളയാൾ ആണെങ്കിൽ ഈ സിനിമ നിങ്ങളുടേതാണ്. ആ ബോധം ഇല്ലാത്തവർക്ക് ഈ സിനിമ കണ്ടാൽ എങ്കിലും സ്വന്തമായി ചിന്തിക്കാൻ തുടങ്ങും. ഈ സിനിമയുടെ വിജയവും അത് തന്നെയാണ്.

#Naaz373


Comments