മാലിക്ക് പറയാതെ പോയ ഡേവിഡ്‌ - My Character Sketch


 

ഡേവിഡ് ക്രിസ്തുദാസ് - ചില ചിന്തകൾ

അലിക്കയുടെ ഉറ്റസുഹൃത്ത്, റോസ്‌ലിന്റെ സഹോദരൻ, റമദാപള്ളിയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...

ഇങ്ങനെ പലവിധ വിശേഷണങ്ങൾ ഡേവിഡ് എന്ന കഥാപാത്രത്തിന് നൽകുമ്പോഴും എന്തുകൊണ്ടായിരുന്നു ഒരു സമയത്ത് അയാൾ തന്റെ ഉറ്റ ചങ്ങാതിക്കെതിരെ ആയുധമെടുത്തത്..???
അതുവരെ ഒറ്റകെട്ടായിരുന്ന രണ്ട് വിഭാഗങ്ങൾ എങ്ങനെ ബദ്ധശത്രുക്കൾ ആയി മാറി..??? അലിയുടെ മകന്റെ മരണത്തിന് എങ്ങനെ ഡേവിഡ് കാരണക്കാരനായി..???
അങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് ഡേവിഡിന് നേരെ ഉയരുന്നത്.

എല്ലാറ്റിനും ഉത്തരം നൽകിയാണ് മാലിക് കഥപറച്ചിൽ അവസാനിപ്പിക്കുന്നത്. ഒടുവിൽ ഡേവിഡിന്റെ മകനെ കൊണ്ട് തന്നെ അലിയെ കൊല്ലാൻ പ്ലാൻ ഇടുന്നത് വരെയുള്ള കാര്യങ്ങളിൽ ഡേവിഡിനുള്ള പങ്ക് വ്യക്തമാണ്. എന്നാൽ അയാളുടെ കണക്ക്‌കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഫ്രെഡി അലിയുടെ ആത്മാവിനെ തൊട്ടറിയുന്ന നിമിഷം കഥ മറ്റൊരു വഴിത്തിരിവിൽ എത്തുന്നു. കഴുത്തിൽ മുറുക്കാൻ എടുത്ത തോർത്തുമുണ്ട് കൊണ്ട് തന്നെ ഒടുക്കം അലിയുടെ നെറ്റിയിലെ വിയർപ്പ് തുടയ്ക്കാൻ ഫ്രഡിയെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് സിനിമ വ്യക്തമായി പറയുന്നുണ്ട്. അതുവരെയുള്ള അയാളുടെ സകല കാഴ്ചപ്പാടുകളും മാറ്റിമറിക്കുന്നത് അലിയുടെ അവസാന വാക്കുകൾ ആയിരുന്നു. സുലൈമാൻ അലി ഒരു മനുഷ്യ സ്നേഹിയാണ് എന്ന സത്യം അപ്പോൾ മാത്രമാണ് ഫ്രഡി അറിയുന്നത്. എന്നിട്ടും അത് ഉൾക്കൊള്ളാൻ അപ്പനായ ഡേവിഡിന് കഴിഞ്ഞോ എന്നത് സംശയമാണ്. സിനിമയുടെ അവസാന നിമിഷം ഡേവിഡിനൊപ്പം പോകുന്ന ഫ്രഡി റമദാപള്ളിയുടെ മുന്നിലെത്തുമ്പോൾ അവിടെ ഇറങ്ങുന്നു. അപ്പോൾ ഡേവിഡ് പറയുന്നത് നീ അങ്ങോട്ട് പോയാൽ അവർ നിന്നെ കൊല്ലുമെന്നാണ്. അപ്പോൾ ഫ്രഡി തിരിച്ചു ചോദിക്കുന്ന ഒരു കാര്യമുണ്ട്. അലിക്കയുടെ മരണം തന്റെ കൈ കൊണ്ട് അല്ലെന്നുള്ള ആരുമാറിയാത്ത ആ സത്യം അയാൾ മാത്രമാണ് അറിയുന്നത്. എന്നാൽ അത് ഉൾക്കൊള്ളാൻ അയാൾക്ക് കഴിയുന്നില്ല. ഫ്രഡിയെ അവിടെ ഇറക്കി വിട്ട ശേഷം പോകുന്ന ഡേവിഡിന്റെ മനസ്സിൽ അപ്പോഴാണ് തന്റെ തെറ്റ് തന്റെ മകനായി തിരുത്തിയത് മനസിലാകുന്നത് എന്ന് ഒരു പ്രേക്ഷകൻ എന്ന രീതിയിൽ എനിക്ക് മനസിലാക്കാൻ സാധിച്ചത്. അലിയുടെ മകൻ അമീറിന്റെ മരണത്തിൽ പോലും ഡേവിഡിനുള്ള പങ്ക് എന്താണെന്ന് സിനിമ പറയുന്നുണ്ട്. എന്നിട്ടും ഡേവിഡ്ന്റെ മകനെ ഒരു കാഞ്ചി വലിച്ചിരുന്നേൽ അലിക്ക് നിസാരമായി തീർക്കാമായിരുന്നു. അപ്പോഴും അലി അത് ചെയ്തില്ല. അതിന്റെ കാരണം കൂടിയാണ് ഫ്രഡി അപ്പനോട് ഒടുവിൽ പറയുന്നത്. ഡേവിഡ് തനിക്ക് പറ്റിയ വലിയ തെറ്റ് തിരുത്താൻ പോലും കഴിയാതെ ഇനിയുള്ള തന്റെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അവസ്ഥ അയാളെ സംബന്ധിച്ച് ഭീകരമാണ്.

ചിലപ്പോൾ ചിലരെ തിരിച്ചറിയാൻ നാം ഒരുപാട് കാലം വൈകിപ്പോകും. അപ്പോൾ കെട്ടിപ്പിടിച്ചു ഒന്ന് കരയാനോ കൈപിടിച്ച് ഒന്ന് ക്ഷമ ചോദിക്കാനോ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. അത്തരമൊരു സാഹചര്യം ആയിരിക്കും ഡേവിഡിനെയും കാത്തിരിക്കുന്നത്...

ഡേവിഡ് ഒരു പാഠമാണ്. തിരിച്ചറിയാൻ കഴിയാതെ പോയ സൗഹൃദം, കുടുംബ ബന്ധങ്ങൾ, ജീവിത സാഹചര്യങ്ങൾ ഇവയുടെ ഒക്കെ ഇരയായി മാറിയ മനുഷ്യൻ..

അയാൾ ഒരിക്കലും മനപ്പൂർവ്വം ആയിരുന്നു ഇതെല്ലാം ചെയ്തത് എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവിടുത്തെ സാമൂഹിക, രാഷ്ട്രീയ ശക്തികൾ അയാളിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം ചെറുതല്ല. അതിന്റെ പരിണിത ഫലം ഒടുവിൽ അയാൾ തന്നെ അനുഭവിക്കേണ്ടി വരുന്നു. പല സത്യങ്ങളും അയാൾ തിരിച്ചറിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന പലരും അയാൾക്ക് നഷ്ടപ്പെടുന്നു. സ്വന്തം മകൻ വരെ...

#Naaz373


Comments