ചുരുളി (2021) MOVIE REVIEW


 

ചുരുളി (2021) 🔞

സംവിധാനം:- ലിജോ ജോസ് പെല്ലിശ്ശേരി


അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിരവധി നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമ, ജെല്ലിക്കെട്ട് എന്ന ഗംഭീര സിനിമയ്ക്ക് ശേഷം ലിജോ ചെയ്യുന്ന മറ്റൊരു വ്യത്യസ്ത സിനിമ, ട്രയ്ലറിലൂടെ നിഗൂഢതകൾ വാരി വിതറി വാനോളം പ്രതീക്ഷ നൽകിയ സിനിമ.. ഇത്രയൊക്കെ പോരെ മച്ചാനെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനായി...


ചുരുളിയിലേക്ക്...

മാടനെ പിടിക്കാൻ കാട് കയറുന്ന തിരുമേനിയുടെ കഥ പറഞ്ഞു തുടങ്ങുന്ന സിനിമ. അതേപോലെ ഒരാളെ തിരക്കി എത്തുന്ന രണ്ടുപേർ. അവർ അഗാധമായ വനത്തിനുള്ളിലെ വളരെ കുറച്ചു ആളുകൾ മാത്രം താമസമുള്ള ചെറിയൊരു പ്രദേശമായ ചുരുളിയിൽ എത്തുന്നതും അവർക്ക് അവിടെവെച്ചു സംഭവിക്കുന്ന അസാധാരണമായ കാര്യങ്ങളിലൂടെ ചുരുളിയുടെ ചുരുളഴിയുന്നു. 


മലയാളി ഇതുവരെ കണ്ടു ശീലിക്കാത്ത വഴികളിലൂടെ തന്റെ പ്രേക്ഷകരെ കൊണ്ട് പോകുന്ന സംവിധായകന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രം തന്നെയാണ് ഇതും. ആദ്യ കാഴ്ചയിൽ നിങ്ങൾക്ക് ഈ സിനിമ കണ്ട് ഒന്നും മനസിലായിക്കൊള്ളണം എന്നില്ല. എന്നാലും സിനിമയുടെ സാങ്കേതിക വശങ്ങൾ, മേക്കിങ് നിലവാരം, ശബ്ദ മിശ്രണം, പശ്ചാത്തല സംഗീതം, ഛായാഗ്രഹണം ഇവയൊക്കെ സിനിമയെ ഒരു ഗംഭീര അനുഭവം ആക്കി മാറ്റുന്നുണ്ട്. സൂക്ഷ്മമായ പല കാഴ്ചകളും, ശബ്ദങ്ങളും അതേപടി ഒപ്പിയെടുത്തിട്ടുണ്ട്. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ക്വാളിറ്റി.

എന്നിരുന്നാലും നിങ്ങൾക്ക് ഈ സിനിമ കുടുംബത്തോടൊപ്പം കാണാൻ ബുദ്ധിമുട്ടാണ്. കാരണം സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ തന്നെയാണ് പ്രശ്നം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറി വിളികളുടെ 

അതിപ്രസരം നിങ്ങളെ ഹെഡ്സെറ്റ് ഉപയോഗിക്കാൻ നിർബന്ധിതരാക്കും. കാട്ടിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന മനുഷ്യർ ഒരിക്കലും സാഹിത്യ ഭാഷ സംസാരിക്കില്ലല്ലോ..!!! അതുകൊണ്ട് തന്നെ സിനിമയിൽ ആകെ എനിക്ക് നെഗറ്റീവ് ആയി തോന്നിയ കാര്യം ഇതായിരുന്നു. 

നിഗൂഢതകളും, ദുരൂഹതകളും ഒരുപാട് ബാക്കിവെച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. സ്പൂൺ ഫീഡിങ് ലവലേശം ഇല്ലാതെ സിനിമ പറയാൻ ഉദ്ദേശിക്കുന്നത് എന്താണെന്ന് തന്റെ പ്രേക്ഷകർക്ക് തീരുമാനിക്കാൻ വേണ്ടി സംവിധായകൻ വിട്ടു നൽകിയിരിക്കുന്നു. കാഴ്ചക്കാരന് പൂർണ സ്വാതന്ത്ര്യം നൽകി കൊണ്ട് തന്റെ സിനിമയെ പട്ടം പോലെ ആകാശത്തേക്ക് ചുമ്മാതെയങ്ങ് പറത്തി വിട്ടിരിക്കുകയാണ് സംവിധായകൻ.

ലിജോയുടെ മുൻ ചിത്രങ്ങൾ ഇഷ്ടപ്പെട്ട ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. തിയേറ്ററിൽ വന്നിരുന്നെങ്കിൽ ഇതിലെ ഒരു ഡയലോഗ് പോലും മര്യാദയ്ക്ക് കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സെൻസർ ബോർഡിന്റെ കത്രിക വെപ്പ് തന്നെ കാരണം. അതുകൊണ്ട്  ഓടിടി റിലീസ് തന്നെയായിരുന്നു സിനിമയ്ക്ക് നല്ലത്. 


രണ്ടുമണിക്കൂർ നേരം നിങ്ങളെ മറ്റൊരു മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി, ചുരുളി എന്ന നാടും അവിടുത്തെ നാട്ടുകാരും തിരുമേനിയും മാടനും മാത്രം ആയിരിക്കും പിന്നെ കുറച്ചുനേരം നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക. ആ ചക്രം അങ്ങനെ കറങ്ങി കൊണ്ടേയിരിക്കും...!!!


#Naaz373 

Comments