JAI BHIM (2021) TAMIL MOVIE REVIEW


 

JAI BHIM (2021)

Directed by T J Gnanavel

സൂര്യ, പ്രകാശ് രാജ്, രജിഷ വിജയൻ, ലിജോമോൾ അടങ്ങുന്ന മികവുറ്റ താരനിര അണിനിരന്ന ഏറ്റവും പുതിയ ഓടിടി റിലീസാണ് ജയ് ഭീം.

കാലം എത്ര കഴിഞ്ഞാലും നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ നിന്നും ഒരിക്കലും മാറ്റം വരാത്ത വലിയൊരു സാമൂഹിക വിപത്താണ് ജാതിയുടെ പേരിലുള്ള അതിക്രമങ്ങൾ. താഴ്ന്ന ജാതിയിൽ പെട്ടവരെ എക്കാലവും സവർണ്ണ വിഭാഗത്തിന്റെ അടിയാളുകൾ ആയി കാണുന്ന പ്രവണത സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷവും ഇന്നത്തെ വർത്തമാന കാല സമൂഹത്തിൽ സജീവമായി തുടരുന്ന ഈ അവസരത്തിൽ എന്തുകൊണ്ടും ഈ ചിത്രത്തിന് പ്രസക്തിയേറെയുണ്ട്. അധികാര വർഗ്ഗത്തിന്റെ സകലമാന കൊള്ളരുതായ്മകൾക്കും ചൂഷണങ്ങൾക്കും വിധേയരാവുന്നതും ഈ പറഞ്ഞ അധഃകൃത വിഭാഗമാണ്. പ്രത്യേകിച്ച് ആദിവാസി ഗോത്ര വിഭാഗങ്ങൾ. അവരും നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമാണ് എന്നും അവർക്കും നമ്മെപ്പോലെ ഇവിടെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ചിത്രം ഊന്നി പറയുന്നതിനൊപ്പം അധികാരവർഗം അവരെ ഏതൊക്കെ വിധത്തിൽ ഉപയോഗിക്കുന്നുവെന്നും ചിത്രം ചർച്ച ചെയ്യുന്നു.

വെട്രിമാരൻ വിസാരണയിൽ ചൂണ്ടിക്കാണിച്ച പോലീസ് 'ഏമാന്മാരുടെ' കുത്സിത പ്രവർത്തികളും അത് അനുഭവിക്കാൻ വിധിക്കപ്പെട്ട ദളിത, കീഴ് ജാതി വിഭാഗങ്ങളുടെ നേർചിത്രം കൂടിയാണ് ഈ സിനിമ. അതിനോട് ഒപ്പമോ ഒരുപടി മുകളിലോ നിലവാരം പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എവിടെയൊക്കെയോ ഒരു വെട്രിമാരൻ ടച്ച് നിങ്ങൾക്ക് ഫീൽ ചെയ്യുന്നുണ്ടെങ്കിൽ അതാണ് ഈ സിനിമയുടെ ക്വാളിറ്റി.

പ്രകടന മികവിന്റെ കാര്യത്തിൽ ഞെട്ടിച്ചത് ലിജോമോൾ ചെയ്‌ത കഥാപാത്രമാണ്. വാക്കുകൾക്കപ്പുറമുള്ള ഗംഭീര പ്രകടനം. രജിഷയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സൂര്യ, പ്രകാശ് രാജ് കോംബോയും സിനിമയുടെ പ്രധാന ആകർഷണമാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീത വിഭാഗം മികവ് പുലർത്തി. ആകെ ഒരു കല്ലുകടിയായി തോന്നിയത് ദൈർഘ്യ കൂടുതൽ മാത്രമാണ്. എന്നാൽ അനാവശ്യ രംഗങ്ങൾ ഉണ്ടായിരുന്നതായി അനുഭവപ്പെട്ടുമില്ല. രണ്ടേ മുക്കാൽ മണിക്കൂർ മാറ്റിവെച്ചു കണ്ടാൽ ഒരിക്കലും നഷ്ട ബോധം തോന്നാത്ത നല്ലൊരു സമൂഹ്യപ്രതിബദ്ധത യുള്ള ചിത്രം തന്നെയാണ് ജയ് ഭീം. വ്യത്യസ്ത വേഷങ്ങൾ എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സൂര്യ എന്ന നടനും ഒരു പൊൻതൂവൽ ആയിരിക്കും ഈ സിനിമ. ബാക്കി നിങ്ങൾ കണ്ട് വിലയിരുത്തുക

#Naaz373


Comments