MINNAL ⚡ MURALI (2021) MOVIE REVIEW

 



🎥 മിന്നൽ മുരളി (2021)
സംവിധാനം:- ബേസിൽ ജോസഫ്

അനൗൺസ് ചെയ്‌ത സമയം മുതൽ ഇന്ന് ഈ നിമിഷം വരെ ഈ സിനിമ നൽകിയ പ്രതീക്ഷ ചെറുതായിരുന്നില്ല. കാരണം മറ്റൊന്നുമല്ല മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമാ സംരംഭം, പാൻ ഇന്ത്യൻ ലെവലിൽ നെറ്റ്ഫ്ലിക്‌സ് റീലീസ് ചെയ്യുന്ന സിനിമ, ഒരു സിനിമയ്ക്ക് കൊടുക്കാൻ പറ്റുന്ന പ്രമോഷന്റെ അങ്ങേയറ്റം വരെ ചെയ്‌ത് ഒടുവിൽ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ഇന്ന് സിനിമ അതിന്റെ പ്രേക്ഷകർ ക്ക് വേണ്ടി വിട്ട് നൽകിയപ്പോൾ ആ പ്രതീക്ഷകൾ ഒന്നും തന്നെ തെറ്റിയില്ല. പ്രതീക്ഷിച്ചതിനെക്കാൾ ഇരട്ടി മധുരം തിരിച്ചു നൽകാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്ന് നിസംശയം പറയാം.

സിനിമയിലേക്ക്...
കുറുക്കൻമൂല എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ജയ്‌സൺ എന്ന യുവാവും അയാളുടെ പ്രണയവും നാട്ടുമ്പുറത്തെ ജീവിതവും ഒക്കെയായി പതിഞ്ഞ താളത്തിൽ തുടങ്ങി, ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക്ക് സംഭവിക്കുന്ന ഒരു അപകടവും അതിനെ തുടർന്ന് അയാൾക്കുണ്ടാകുന്ന മാറ്റങ്ങളും അതുവഴി അയാൾ നേടിയെടുക്കുന്ന അമാനുഷിക ശക്തിയും, അതേ സമയം തന്നെ മറ്റൊരാൾക്കും ഇതേപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുകയും അവർ ആ ശക്തി ഉപയോഗിച്ച് നടത്തുന്ന സാഹസികതകളും അത് ആ ഗ്രാമത്തിനെയും അവിടുത്തെ ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു, തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ടോവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിന ജോർജ്, അജു വർഗീസ്, ബൈജു സന്തോഷ്, തുടങ്ങി വലിയൊരു താരനിരയുള്ള സിനിമ ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട്. പ്രകടനം കൊണ്ട് ഞെട്ടിച്ചത് ഗുരു സോമസുന്ദരം ആണ്. വില്ലനായി തകർത്തഭിനയിച്ചപ്പോൾ നായകനായ ടോവിനോ വരെ ചില സമയങ്ങളിൽ പിന്തള്ളപ്പെട്ടു പോയത് പോലെ തോന്നി. ചില എക്സപ്രഷൻസ് ഒക്കെ അസാധ്യം ആയിരുന്നു. സ്ഥിരം ബേസിൽ ജോസഫ് കഥാ പരിസരങ്ങൾ തന്നെയാണെങ്കിൽ കൂടി അങ്ങനെയൊരു ആവർത്തന വിരസത തോന്നിയില്ല. അതിന്റെ പ്രധാന കാരണം തിരക്കഥയിലെ കയ്യടക്കം തന്നെയാണ്.
സിനിമയുടെ ടെക്നിക്കൽ സൈഡും എടുത്തു പറയേണ്ട ഒന്നാണ്. സമീർ താഹിറിന്റെ വിഷ്വൽസ്, ഷാൻ റഹ്‌മാൻ - സുഷിൻ ശ്യാം കോംബോയുടെ മ്യൂസിക് ആൻഡ് ബിജിഎം, വി എഫ് എക്‌സ് വിഭാഗം, അങ്ങനെ എല്ലാം മികവാർന്ന രീതിയിൽ തന്നെ കൂട്ടിയോജിപ്പിക്കാൻ സംവിധായകൻ നന്നായി അധ്വാനിച്ചിട്ടുണ്ട് എന്ന് സിനിമയുടെ ഓരോ ഫ്രയിമും പറയും.

കാത്തിരുന്നത് എന്തായാലും വെറുതെയായില്ല. ലക്ഷണമൊത്ത ഒരു സൂപ്പർഹീറോ സിനിമ അങ്ങനെ നമുക്കും ലഭിച്ചു. തിയേറ്റർ റിലീസ് ആയിരുന്നേൽ സിനിമയ്ക്ക് കുറച്ചുകൂടി അത് ഗുണം ചെയ്തേനെ. എന്നിരുന്നാലും പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട് നല്ലൊരു സിനിമാറ്റിക് എക്‌സ്പീരിയൻസ് നൽകാൻ മൊത്തം ക്രൂവിന് കഴിഞ്ഞു. ബേസിൽ ജോസഫ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും ഇനിയും സൂപ്പർഹീറോ സിനിമകൾ വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. അതിന്റെ പ്രധാന കാരണം സിനിമയുടെ ക്ലൈമാക്സ് തന്നെയാണ്. മലയാള സിനിമയുടെ വളർച്ചയിൽ പുതിയൊരു നാഴികക്കല്ല് കൂടിയാണ് മിന്നൽ മുരളി എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് എല്ലാ മലയാളികളും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയിൽ ഇനി മിന്നലും കാണും.

RECOMMENDED FOR EVERY MALAYALIS

#Naaz373 😊


Comments