MAHAAN (2022) MOVIE REVIEW

 


മഹാൻ (2022)
സംവിധാനം:- കാർത്തിക് സുബ്ബരാജ്

വിക്രം, മകൻ ധ്രുവ് വിക്രം, സിമ്രാൻ, ബോബി സിംഹ തുടങ്ങിയ വലിയൊരു താരനിര അണിനിരന്ന ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ഓടിടി റിലീസാണ് മഹാൻ. ജഗമേ തന്തിരം എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ പറയുന്നത് ഗാന്ധി പാരമ്പര്യം പിന്തുടർന്ന് ജീവിക്കുന്ന ഒരാളുടെ ജീവിതവും ഒരു പ്രത്യേക സന്ദർഭത്തിൽ അയാൾ കടന്ന് പോകുന്ന ജീവിതസാഹചര്യങ്ങളും അതിനെ തുടർന്ന് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ്.

സിനിമയിലേക്ക്..
തന്റെ മുൻ ചിത്രവുമായി ഏറെക്കുറെ സമാനമായ കഥാ സന്ദർഭങ്ങൾ തന്നെയാണ് ഈ ചിത്രത്തിലും സംവിധായകൻ കഥാ പശ്ചാത്തലമായി തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ ഒരു ആവർത്തന വിരസത നിഴലിച്ചു നിന്നതായി തോന്നി. മാത്രമല്ല തികച്ചും പ്രെഡിക്റ്റബിൾ ആയ കഥ പറച്ചിലും സിനിമയെ പിന്നോട്ട് വലിച്ചു എങ്കിലും ചില പെർഫോമൻസ് കൊണ്ട് സിനിമയ്ക്ക് അതിനെ ഒരു പരിധിവരെ മറികടക്കാൻ കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. അതിൽ എടുത്ത് പറയേണ്ട പ്രകടനം ബോബി സിംഹയുടെ സത്യവാൻ എന്ന കഥാപാത്രത്തിന്റെതാണ്. വിക്രം തന്റെ കഥാപാത്രത്തോട് നീതി പുലർത്തിയെങ്കിൽ കൂടിയും തിരക്കഥയുടെ കെട്ടുറപ്പ് ഇല്ലായ്മ സിനിമയെ നെഗറ്റീവ് ആയി തന്നെ ബാധിച്ചു. സ്ഥിരം കണ്ടുമറന്ന ഗ്യാങ്സ്റ്റർ ടൈപ്പ് കഥ ആണെങ്കിൽ കൂടിയും അതിൽ യാതൊരു വിധ പുതുമയും കൊണ്ട് വരാൻ കഴിയാതെ പോയ ആദ്യ പകുതിയും, മകന്റെ എൻട്രിയിൽ തുടങ്ങിയ, ചെറിയൊരു ക്ലൈമാക്സ് ട്വിസ്റ്റ് അടങ്ങിയ എന്നാൽ ലെങ്ത് കൂടിപ്പോയ രണ്ടാം പകുതി തമ്മിൽ ഭേദം ആയി തോന്നി. ധ്രുവ് വിക്രത്തിന് ഒട്ടും ചേരാത്ത തരത്തിലുള്ള ഒരു കഥാപാത്രം ആയിട്ടാണ് ദാദാബായി നവറോജി എന്ന നായകന്റെ മകനും പോലീസ് ഓഫീസർ കഥാപാത്രം എനിക്ക് അനുഭവപ്പെട്ടത്. വിക്രത്തിന്റെ ഒപ്പം പിടിച്ചു നിൽക്കാൻ പയ്യൻ നന്നായി കഷ്ടപ്പെട്ടു. സന്തോഷ് നാരായണന്റെ ഗാനങ്ങളും, ബിജിഎം ശരാശരിയിൽ ഒതുങ്ങി. തിരക്കഥയിൽ ഉണ്ടായ പോരായ്മയാണ് സിനിമയ്ക്ക് തിരിച്ചടിയായി മാറിയത്. ഇനിയെങ്കിലും കാർത്തിക് സുബ്ബരാജ് ട്രാക്ക് മാറ്റി പിടിച്ചില്ലെങ്കിൽ പ്രേക്ഷകർ പ്രതികരിച്ചു തുടങ്ങും. ഓടിടി റിലീസ് സിനിമയ്ക്ക് ഗുണം ചെയ്തു. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നു എങ്കിൽ സിനിമ എത്രത്തോളം സ്വീകരിക്കപ്പെടും എന്നുള്ള കാര്യം സംശയം ആണ്.

ശരാശരിയോ അതിനു മുകളിലോ മാത്രമായി അനുഭവപ്പെട്ട സിനിമയായി മഹാൻ മാറുമ്പോൾ ഒരു കാർത്തിക് സുബ്ബരാജ് ഫാൻ എന്ന നിലയിൽ വീണ്ടും നിരാശ മാത്രം ബാക്കി.  താങ്കളുടെ പഴയ എനർജി ലെവലിൽ കൂടുതൽ പുതുമയുള്ള മറ്റൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു.

#Naaz373 😊


Comments