സത്യം മാത്രമേ ബോധിപ്പിക്കൂ (2022) MOVIE REVIEW

 



🎥 സത്യം മാത്രമേ ബോധിപ്പിക്കൂ.. (2022)
സംവിധാനം:- സാഗർ ഹരി

ധ്യാൻ ശ്രീനിവാസൻ, സുധീഷ്, ശ്രീജിത്ത് രവി, ജോണി ആന്റണി, അംബിക തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു നവാഗതനായ സാഗർ ഹരി തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. ജയിംസ് വർഗീസ് എന്ന പൊലീസ് ഓഫിസറുടെ വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ മുഴുനീള പോലീസ് റോളിൽ എത്തിയ ഈ സിനിമ പറയുന്നത് അയാളുടെ പോലീസ് കരിയറിൽ ആദ്യമായി അന്വേഷണ ചുമതല ഏറ്റെടുക്കേണ്ടി വരുന്നത് നഗരത്തിലെ കുപ്രസിദ്ധ ക്രിമിനൽ അഡ്വക്കേറ്റ് ആയ സാജൻ ജോസഫിന്റെ കൊലപാതക കേസാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേസിലെ പ്രധാന പ്രതികളെ മുഴുവൻ പിടികൂടിയ നായകന് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ ഉണ്ടാകുന്ന പാളിച്ച, ആ കേസിനെയും അയാളുടെ കരിയറിലെയും വഴിത്തിരിവ് ആയി മാറുമ്പോൾ കഥയുടെ ചുരുളഴിയാൻ തുടങ്ങുന്നു. നായകനേക്കാൾ കയ്യടി നേടുന്നത് സുധീഷ് ഗംഭീരമായി അവതരിപ്പിച്ച മാത്യൂസ് തോമസ് എന്ന കഥാപാത്രം ആയിരുന്നു. ഒന്നും പറയാനില്ലാത്ത മാരക പെർഫോമൻസ്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന കഥാപാത്രം തന്നെയായിരിക്കും.

തിയേറ്ററിൽ എന്തുകൊണ്ടോ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ത്രില്ലർ സിനിമകളോട് നൂറു ശതമാനം നീതി പുലർത്താൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ കാരണം തിരക്കഥയുടെ കെട്ടുറപ്പ് തന്നെയാണ്. ആദ്യാവസാനം സിനിമ എൻഗേജിങ് ആയി കൊണ്ട് പോകുന്നതും സ്ക്രിപ്റ്റിന്റെ ബലം തന്നെ. ഒപ്പം ബിജിഎം, ക്യാമറയും നന്നായിരുന്നു.

ധ്യാൻ ശ്രീനിവാസൻ പോലീസ് കഥാപാത്രം ആയി കുറച്ചു ബലം പിടിച്ച് അഭിനയിച്ചത് പോലെ തോന്നി. ആദ്യത്തെ പോലീസ് വേഷം ആണെങ്കിലും ചില സീനിലൊന്നും യാതൊരു എക്സ്പ്രഷനും മുഖത്ത് കണ്ടില്ല. എന്നിരുന്നാലും മോശമാക്കാതെ തന്നെ ചെയ്തിട്ടുണ്ട്. ഒപ്പമുള്ളവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ശരിക്കും ഞെട്ടിച്ചത് സുധീഷ് ആണ്. സിനിമ കണ്ടു കഴിഞ്ഞും ആ ഹാങ്ങോവർ മാറിയിട്ടില്ല. ക്ലൈമാക്സിലെ ആ ചിരി മറക്കാൻ കഴിയില്ല. ആ കഥാപാത്രം അത്രമാത്രം മനസ്സിൽ പതിഞ്ഞുപോയി.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന ജേണറിൽ സിനിമ പൂർണ സംതൃപ്തി നൽകി. കൂടുതൽ പേരിലേക്ക് ഇനിയെങ്കിലും സിനിമ എത്താനും ചർച്ച ചെയ്യപ്പെടാനും വേണ്ടിയാണ് ഇങ്ങനെയൊരു റിവ്യൂ എഴുതിയതിന്റെ ഉദ്ദേശ്യം.

#Naaz373 😊


Comments