പട (2022) MOVIE REVIEW



🎥 പട (2022)
സംവിധാനം:- കമൽ കെ എം

അടിച്ചമർത്തപ്പെട്ടവരുടെ, അരാഷ്ട്രീയവൽക്കരിക്കപ്പെട്ടവരുടെ, മുഖ്യധാരാ സാമൂഹ്യ വ്യവസ്ഥിതിയിൽ നിന്നും അപ്പാടെ പിഴുതെറിയപ്പെട്ടവരുടെ രാഷ്ട്രീയം വളരെ വ്യക്തമായും, ശക്തമായും പലരുടെയും കുറിക്ക് കൊള്ളുന്ന വിധത്തിലും പറഞ്ഞു വെക്കുന്ന ഒരു ഗംഭീര രാഷ്ട്രീയ സിനിമയാണ് പട.

1996ൽ നിലവിൽ വന്ന ആദിവാസി ഭൂനിയമ ഭേദഗതി ബിൽ സംബന്ധിച്ച അതേ വർഷം തന്നെ പാലക്കാട് ജില്ലയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത ഈ സിനിമയിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ, പ്രകാശ് രാജ്, സലിം കുമാർ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ തുടങ്ങി വലിയൊരു താരനിര തന്നെ മികവുറ്റ പ്രകടനവുമായി അണിനിരന്നപ്പോൾ മലയാളത്തിന് ലഭിച്ചത് ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യാൻ കെൽപ്പുള്ള, അറിയപ്പെടാതെ പോയ അധസ്ഥിത വിഭാഗത്തിന്റെ വിമോചനത്തിന്റെയും വിപ്ലവത്തിന്റെയും ഘനഗംഭീര്യമുള്ള ശബ്ദമാണ്. ആ ശബ്ദത്തിന് മുന്നിൽ അന്ന് പലർക്കും മുട്ടുമടക്കി അടിയറവ് പറയേണ്ടി വന്നതിന്റെ പകയുടെയും പ്രതികരത്തിന്റെയും ഇന്നും അവസാനിക്കാത്ത അവശേഷിപ്പിന്റെ  കഥ കൂടിയാണ് ഈ സിനിമ പ്രേക്ഷകനുമായി സംവദിക്കുന്നത്. ഒരു നിയമം അല്ലെങ്കിൽ പുതിയൊരു ചട്ടത്തിന്റെ ഭേദഗതി, അതുമല്ലെങ്കിൽ ഒരു പരിഷ്‌ക്കരണം ഇതൊക്കെ അതുമായി ബന്ധപ്പെട്ട വിഭാഗങ്ങളെ ഏതൊക്കെ തരത്തിൽ ബാധിക്കപ്പെടുന്നു എന്ന് സിനിമ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരള സംസ്ഥാന രൂപീകരണം മുതൽ ഇന്നേവരെ യാതൊരു മാറ്റത്തിനോ, യാതൊരുവിധ പുരോഗതിയ്ക്കോ പാത്രമാവാത്ത ഒരു വിഭാഗം ജനങ്ങളാണ് കേരളത്തിലെ ആദിവാസി ജനവിഭാഗം എന്നത് വർത്തമാന കാല സമൂഹം സ്വയം നിർമിച്ചെടുത്ത മൂടിവെയ്ക്കപ്പെട്ട സത്യമാണ്. എത്രയൊക്കെ തന്നെ പാർശ്വവൽക്കാരിക്കാൻ ശ്രമിച്ചാലും ഒരിക്കൽ ആ വേലിക്കെട്ടുകൾ എല്ലാം തകർത്തെറിഞ്ഞു കൊണ്ട് സത്യം പുറത്ത് വരിക തന്നെ ചെയ്യും. അതിന്റെ ഉത്തമ ഉദാഹരണവും, ഭരണ സിരാ കേന്ദ്രങ്ങളിൽ വിഹരിക്കുന്ന ചില ഉദ്യോഗസ്ഥ മേലാളന്മാർക്ക് ഉള്ള താക്കീത് കൂടിയാണ് പട.

ഇന്നത്തെ സാമൂഹിക അവസ്ഥയിൽ എന്തുകൊണ്ടും കാലിക പ്രസക്തിയുള്ള സിനിമ തന്നെയാണ് പട. സോ കോൾഡ് പ്രിവിലേജിന്റെ എല്ലാ സുഖ സൗകര്യങ്ങളും അനുഭവിക്കുന്ന ഞാൻ ഉൾപ്പടെയുള്ള ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. തൊട്ടാൽ പൊള്ളുന്ന വിഷയം ചർച്ച ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യം, കെട്ടുറപ്പുള്ള കഥയും തിരക്കഥയും, മികവുറ്റ പ്രകടനങ്ങൾ, സിനിമയുടെ തീവ്രതയ്ക്ക് ഒപ്പം ചേർന്ന് നിൽക്കുന്ന ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, അങ്ങനെ സിനിമയുടെ ഓരോ വിഭാഗവും പ്രശംസ അർഹിക്കുന്നു. എന്നാൽ ഈ സിനിമ അത് അർഹിച്ച വിജയം  നേടിയോ എന്നത് സംശയകരമായ ഒരു വസ്തുതയാണ്. ചർച്ച ചെയ്യപ്പെടേണ്ട, ശ്രദ്ധിക്കപ്പെടേണ്ട, കൂടുതൽ ആളുകളിലേക്ക് എത്തേണ്ട സിനിമ എന്ന കാരണം മാത്രമാണ് ഇങ്ങനെയൊരു നിരൂപണം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

ഒറ്റവാക്കിൽ പറഞ്ഞാൽ കണ്ണ് തുറന്നു കാണേണ്ട സിനിമ.

#Naaz373 😊























Comments