ഭീഷ്മപർവം (2022) MOVIE REVIEW

 


🎥 ഭീഷ്മപർവം (2022)
ഒരു പക്കാ അമൽ നീരദ് പടം

മമ്മൂക്ക, അമൽ എന്നീ രണ്ട് ഗംഭീര പ്രതിഭകൾ ബിഗ് ബി എന്ന മലയാളം കണ്ട എക്കാലത്തെയും ട്രെൻഡ് സെറ്റർ സിനിമയ്ക്ക് ശേഷം 10 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒന്നിച്ച സിനിമ എന്ന ഒരൊറ്റ ടാഗ് ലൈൻ മാത്രം മതി ഈ സിനിമയ്ക്ക് കാത്തിരിക്കാൻ. ആ കാത്തിരിപ്പ് അവസാനിച്ചപ്പോൾ എന്താണോ ഇവരിൽ നിന്നും പ്രതീക്ഷിച്ചത് അതിന്റെ നൂറിരട്ടി തിരികെ കിട്ടിയ സംതൃപ്തിയാണ് തോന്നുന്നത്. ഈ സിനിമയ്ക്ക് ഇനിയൊരു നിരൂപണം തീർത്തും അനാവശ്യമാണ്. അതുകൊണ്ട് ഇതൊരു റിവ്യൂ ആയി കണക്കാക്കേണ്ട.

അഞ്ഞൂറ്റി തറവാട്ടിലെ തലമൂത്ത കാരണവർ സ്ഥാനത്തുള്ളയാളാണ് മൈക്കിളപ്പൻ. വർക്കി - അന്നമ്മ ദമ്പതികളുടെ മൂന്നാമത്തെ സന്തതി. പൈലി, മത്തായി, മൈക്കിൾ, സൈമൺ, ഏറ്റവും താഴെയുള്ള സൂസൻ. അവരുടെ മക്കളും, മരുമക്കളും അടങ്ങുന്ന വലിയൊരു കുടുംബം ആണ് ഇന്നത്തെ അഞ്ഞൂറ്റി. അപ്പന്റെയും അമ്മച്ചിയുടെയും മരണത്തിന് ശേഷം ഇപ്പോൾ അവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും മൈക്കിളാണ്. എന്നാൽ ഇതൊന്നും ബാക്കിയുള്ള കുടുംബങ്ങൾക്ക് അത്ര രസിക്കുന്നില്ല എന്ന് മാത്രമല്ല രഹസ്യമായി മൈക്കിളിന് എതിരെ ഗൂഢാലോചനയും അവിടെ നടക്കുന്നുണ്ട്. മൂത്തയാളായ പൈലി കല്യാണം കഴിച്ചത് മുസ്ലിമായ ഫാത്തിമയെയാണ്. പൈലി ഒരപകടത്തിൽ മരണമടയുന്നു. അതിന് ശേഷം അലി ഫാത്തിമയെ വിവാഹം കഴിക്കുന്നു. അവരുടെ മക്കളാണ് അജാസും അമിയും. അവരുടെ താമസം ഇവരോടൊപ്പം അല്ലെങ്കിൽ കൂടിയും എല്ലാവരും ഒരൊറ്റ കുടുംബം പോലെയാണ് കഴിയുന്നത്. എന്നാൽ ഇത് ചിലർക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് മൈക്കിളിന്റെ മൂത്ത സഹോദരൻ മത്തായിയ്ക്കും അയാളുടെ മക്കളായ പീറ്റർ, പോൾ എന്നിവരും ഇളയ സഹോദരി സൂസന്റെ ഭർത്താവ് മാർട്ടിനും ഒക്കെ ചേർന്ന് മൈക്കിളിന് എതിരെ കരുക്കൾ നീക്കാൻ ശ്രമങ്ങൾ തുടരുന്നു. അതിന് ശേഷം അഞ്ഞൂറ്റി കുടുംബത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.

എവിടൊക്കെയോ ഒരു ഗോഡ്ഫാദർ (ഹോളിവുഡ് സിനിമ) ടച്ച് തോന്നിയെങ്കിലും അതിനെയെല്ലാം മറികടക്കാൻ കെൽപ്പുള്ള അമൽ നീരദിന്റെ മേക്കിങ് സ്‌കിൽ. ഒപ്പം സുഷിൻ ശ്യാമിന്റെ മാരക ബിജിഎം പാട്ടുകളും ഇക്കയുടെ ഗംഭീര സ്ക്രീൻ പ്രെസെൻസ്, മറ്റ് താരങ്ങളുടെ പ്രകടനം അങ്ങനെ എല്ലാം കൊണ്ടും സിനിമ വേറിട്ട് നിൽക്കുന്നു. ദേവദത്ത് ഷാജിയുടെ തിരക്കഥ മോശമല്ലെങ്കിൽ പോലും ചിലയിടങ്ങളിൽ ആവർത്തന വിരസത തോന്നിപ്പിക്കുന്ന തരത്തിലുള്ള തായി അനുഭവപ്പെട്ടു. ഉദാഹരണത്തിന് സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തിന്റെ മരണം ചിത്രീകരിച്ചത് പഴയ സിനിമയുടെ സമാന രീതിയിൽ ആയിരുന്നു. ആ സീൻ കാണുമ്പോൾ അദ്ദേഹത്തിന്റെ മുൻ സിനിമ ഓർമ്മ വന്നു. പിന്നെ സിനിമയുടെ ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. കാരണം വില്ലന് കൊടുത്ത ബിൽഡപ്പിന് യാതൊരു വിലയും കൊടുക്കാത്ത വിധത്തിലുള്ള ഒരു ക്ലൈമാക്സ് പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. ഇത് ഒരു വലിയ നെഗറ്റീവ് ആയിട്ടൊന്നും പറയാൻ കഴിയില്ല.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ഒരു കഥ പറയാനുണ്ടെന്ന് തോന്നി. പ്രത്യേകിച്ച് നാദിയ മൊയ്തു, സൗബിന്റെ അജാസ്, ലെനയുടെ സൂസൻ, എല്ലാറ്റിനും ഉപരി നമ്മുടെ മൈക്കിൾ. അങ്ങനെ ഓരോ കഥാപാത്രത്തിന്റെ ഉള്ളിലുമുള്ള സംഘർഷം പ്രേക്ഷകന് അതേപോലെ ഫീൽ ചെയ്യിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പിന്നെ എടുത്തു പറയേണ്ട പ്രകടനം ആയിരുന്നു നമ്മെ വിട്ടുപോയ നെടുമുടി വേണു ചേട്ടനും കെപിഎസ്സി ലളിത ചേച്ചിയും അവതരിപ്പിച്ചത്. അവരുടെ അവസാന കഥാപാത്രം അത്രയ്ക്ക് ഗംഭീരമായി തന്നെ പ്രേക്ഷകർക്കായി സമ്മാനിച്ചുകൊണ്ടാണ് അവർ കടന്ന് പോയത്.

തിയേറ്ററിൽ കാണാൻ പറ്റാതെ പോയ ഒറ്റ വിഷമം മാത്രമാണ് സിനിമ കണ്ടുകഴിഞ്ഞപ്പോൾ ആദ്യം തോന്നിയത്. ആക്ഷൻ സീക്വൻസ്, സോങ്‌സ്, അങ്ങനെ ഒരു തിയേറ്റർ എക്‌സ്പീരിയൻസിന് വേണ്ട എല്ലാ ഘടകങ്ങളും അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ഭീഷ്മപർവം എന്ന് നിസ്സംശയം പറയാം.

ഇനിയുള്ള കാത്തിരിപ്പ് ബിലാലിനായി...❤️

#Naaz373 😊


Comments