മലയൻകുഞ്ഞ് (2022) MOVIE REVIEW

 


🎥 മലയൻകുഞ്ഞ് (2022)
സംവിധാനം:- സജിമോൻ

പൊന്നീ...
കരയു മോളെ...

സിനിമ കണ്ടിറങ്ങി കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന ഡയലോഗ് ആണിത്. അനിക്കുട്ടനും പൊന്നിയും പ്രേക്ഷകന്റെ ഹൃദയത്തിലേക്കാണ് കുടിയേറുന്നത്.

അനിക്കുട്ടൻ എന്ന സാദാ നാട്ടുമ്പുറത്തുകരനായ നായകന്റെ ജീവിതവും അയാളുടെ കാഴ്ചപ്പാടുകളും ചുറ്റുപാടുകളും അയാളുടെ മനസ്സിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നും അതുവരെ അയാൾക്ക് വെറുപ്പ് തോന്നിയ പല കാര്യങ്ങളും അയാളുടെ ജീവിതത്തിൽ വഴിത്തിരിവ് ആകുന്നതും, അത് തിരിച്ചറിഞ്ഞു പുതിയൊരു ജീവിതത്തിലേക്കുള്ള നായകന്റെ തിരിച്ചുവരവ് കൂടിയാണ് സിനിമ പറയുന്നത്.

ഫഹദിന്റെ പ്രകടനം എന്നത്തേയും പോലെ ഗംഭീരം ആയപ്പോൾ അതിനേക്കാൾ ഞെട്ടിച്ചത് പൊന്നിയും, സുനി എന്ന കഥാപാത്രം ചെയ്ത നടൻ (സുധി), ഫഹദിന്റെ അമ്മയുടെ വേഷം ചെയ്ത നടിയുമാണ്. ജാഫർ ഇടുക്കിയുടെ അച്ഛൻ കഥാപാത്രം സിനിമയിൽ സ്ക്രീൻ ടൈം കുറവാണെങ്കിൽ കൂടിയും ആ കഥാപാത്രം വളരെ നിർണായകമാണ്. അത് അദ്ദേഹം മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തിട്ടുണ്ട്.

സിനിമയുടെ ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ മഹേഷ് നാരായണന്റെ ഛായാഗ്രഹണം എടുത്ത് പറയണം. കാരണം സിനിമയുടെ രണ്ടാം പകുതി കണ്ണെടുക്കാതെ കാണാൻ മഹേഷിന്റെ ക്യാമറ കണ്ണുകൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം ഏ ആർ റഹ്‌മാൻ സംഗീതം നൽകിയ സിനിമ കൂടിയാണ് മലയൻകുഞ്ഞ്. സിനിമയുടെ മൂഡിന് ചേർന്ന പശ്ചാത്തല സംഗീതവും നല്ല രണ്ടു പാട്ടുകളും സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കി. അർജു ബെന്നിന്റെ കൃത്യമായ കട്ടുകൾ സിനിമ രണ്ടുമണിക്കൂറിന് ഉള്ളിൽ നിർത്താൻ സഹായിച്ചു. അനാവശ്യമായ യാതൊരു സീനുകളും സിനിമയിൽ ഇല്ല. ഒരുപാട് വലിച്ചു നീട്ടാതെ തന്നെ എന്താണോ സിനിമ പ്രേക്ഷകനോട് പറയാൻ ഉദ്ദേശിച്ചത് അത് വൃത്തിയായി തന്നെ സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്.

അനിക്കുട്ടനെ പോലെ ഇന്നും ഒരുപാട് പേർ തിരിച്ചറിവ് ഇല്ലാതെ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിവേചനം മനസ്സിൽ വെച്ചുകൊണ്ട് നമ്മുടെ സമൂഹത്തിൽ കാണാം. അതുകൊണ്ട് തന്നെ സിനിമ മുന്നോട്ടു വെക്കുന്ന സാമൂഹിക സാഹചര്യങ്ങളും ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്.

ഇനിയും മാറാത്ത കാഴ്ചപ്പാടുകളുമായി ജീവിക്കുന്ന ഒരുപാട് അനിക്കുട്ടന്മാർക്ക് വേണ്ടിയുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് മലയൻകുഞ്ഞ്.

തിരിച്ചറിവിന്റെ, അതിജീവനത്തിന്റെ, ഉറവ വറ്റാത്ത സ്നേഹത്തിന്റെ സിനിമ. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന ഗംഭീര സിനിമാനുഭവം.

MUST WATCHABLE ONE

#Naaz373 😊


Comments