MY THOUGHTS OF INDEPENDENCE DAY


 

നാളെ ഭാരതം അതിന്റെ 75ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ പോകുന്ന ഈ അവസരത്തിൽ ഇന്ന് നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുനർ വിചിന്തനം നടത്തേണ്ട സമയം അടുത്തിരിക്കുന്നു എന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് എഴുതുന്നത്. 


ചിലപ്പോൾ ഇത് വായിച്ചു കഴിഞ്ഞു ചിലർ എന്നെ ചില പ്രത്യേക വിഭാഗത്തിൽ പെടുത്തിയേക്കാം, അഭിപ്രായം പറഞ്ഞതിന് വാ മൂടിക്കെട്ടാൻ ശ്രമിച്ചേക്കാം, അതുമല്ലെങ്കിൽ യാതൊരു കഴമ്പുമില്ലാത്ത എന്തെങ്കിലും ആരോപണം ഉന്നയിച്ചു സമ്മർദത്തിൽ ആക്കാനും സാധ്യത ഉണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതൊക്കെയാണ് പൊതുവെ ഉണ്ടാകാറുള്ളത്. അത് എന്തുമാവട്ടെ ഞാൻ പറയാനുള്ളത് പറയും. ഇനി അതിന്റെ പേരിൽ രാജ്യദ്രോഹം ചുമത്തിയാലും ശരി. ചിലതൊക്കെ പറയാതിരിക്കാനാവില്ല.


എന്താണ് സ്വാതന്ത്ര്യം...???

സത്യത്തിൽ ഇവിടെ ആരാണ് സ്വാതന്ത്ര്യം അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നത്, അനുഭവിക്കുന്നത്...???

ഇന്ന് നമ്മൾ അനുഭവിക്കുന്നതാണോ ശരിയായ സ്വാതന്ത്ര്യം...???

അങ്ങനെ അനവധി ചോദ്യങ്ങൾ ഇപ്പോൾ എന്റെ മനസ്സിൽ ഉയർന്ന് വരുന്നു. അതിന് തക്കതായ കാരണങ്ങളുമുണ്ട്.


കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ സൽമാൻ റുഷ്ദിയ്ക്ക് നേരെയുള്ള ആക്രമണം തന്നെ ഉദാഹരണമായി എടുത്തു നോക്കിയാൽ നമുക്ക് മനസ്സിലാവുന്ന കുറെ കാര്യങ്ങളുണ്ട്. ഇവിടെ ആരും സ്വതന്ത്രർ അല്ല. അങ്ങനെ ആയിരുന്നു എങ്കിൽ ഒരിക്കലും ഇവിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ ഒരിക്കലും കഴിയില്ല. ദിനംപ്രതി ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ രാജ്യമൊട്ടാകെ സമാന രീതിയിലുള്ള സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അതിൽ നിന്ന് തന്നെ മനസിലാക്കാം ഇന്ത്യ എന്ന മഹത്തായ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നുള്ളത്. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അടങ്ങാത്ത ദാഹമാണ്. അതിനെയാണ് ചിലർ അവരുടെ അസഹിഷ്ണുത കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഒരിക്കലും അനുവദിച്ചു കൊടുക്കാൻ പാടില്ലാത്ത കാര്യം.


ഭരണകൂടം വെച്ചു നീട്ടുന്ന ഭിക്ഷ മാത്രമായി ഈ രാജ്യത്തിന്റെ സ്വതന്ത്ര ജീവിതം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിന്തകൾ പോലും വിലക്കപ്പെടുന്ന, അല്ലെങ്കിൽ വിലയ്ക്ക് എടുക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന വർത്തമാന കാല സമൂഹത്തിൽ നിലകൊള്ളുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങൾ പറയാതിരിക്കാൻ വയ്യ. 


ആഹാരം പാർപ്പിടം വസ്ത്രം എന്നിവ പോലെ തന്നെയോ അല്ലെങ്കിൽ അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്നതോ ആയ ഒന്ന് തന്നെയാണ് സ്വതന്ത്രമായി ചിന്തിക്കാനും, അഭിപ്രായം പറയാനും, തെറ്റിന് എതിരെ പ്രതികരിക്കാനും, എന്തിനേറെ,  വിശക്കുമ്പോൾ അതിനെ ശമിപ്പിക്കാൻ വേണ്ടി ഒരു നേരത്തെ ആഹാരത്തിന് പോലും ആളുകളെ കൊല്ലാൻ മുതിരുന്ന അല്ലെങ്കിൽ അത് അനുവദിച്ചു തരാത്ത ഒരു സമൂഹത്തിലാണ് നിങ്ങളും ഞാനും ഉൾപ്പടെയുള്ള ജനത ജീവിക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചാൽ മതി - ഇന്ന് നമ്മൾ അനുഭവിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വില എന്താണെന്ന് മനസിലാക്കാൻ. 


മറ്റ് രാജ്യങ്ങളിൽ നടക്കുന്ന സംഭവ വികാസങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയനും ഓർക്കാറുള്ളത് നമ്മുടെ നാട്ടിൽ ഇങ്ങനെയൊന്നും ഒരിക്കലും ഉണ്ടാവില്ല എന്നായിരുന്നു. എന്നാൽ ഇന്ന് ആ വിശ്വാസത്തിന് വിള്ളൽ ഏറ്റിരിക്കുന്നു. പ്രായഭേദമെന്യേ പാർശ്വവൽക്കാരിക്കപ്പെട്ട മനുഷ്യർ ഇവിടെ ദിനംപ്രതി ഇരകളാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് രാജ്യം അതിന്റെ എഴുപത്തിയഞ്ചാം ജന്മദിനം 'ആഘോഷിക്കുന്ന' / 'ആചരിക്കുന്ന' ഈ വേളയിൽ എങ്കിലും നാം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. സമയം ഒരുപാട് വൈകിയെങ്കിലും തിരുത്താൻ ഇനിയും വൈകിയിട്ടില്ല. ഓരോ വ്യക്തികളും മനസിലാക്കുക എന്താണ് ശരിയായ സ്വാതന്ത്ര്യം അല്ലെങ്കിൽ നാം യഥാർത്ഥത്തിൽ സ്വാതന്ത്രർ ആണോ എന്നെങ്കിലും ഇടയ്ക്കൊക്കെ ഒന്ന് ഓർക്കുക. ചിലപ്പോൾ അപ്പോഴായിരിക്കും നാം അനുഭവിക്കുന്നത് എന്താണെന്ന് നമുക്ക് തന്നെ മനസിലാകുകയുള്ളൂ...!!!

ആഘോഷങ്ങൾക്ക് ശേഷം ഒരിത്തിരി നേരം മാറ്റിവെച്ച് ഒന്ന് ചിന്തിച്ചാൽ ചിലപ്പോൾ പല വലിയ മാറ്റങ്ങളും ഇവിടെ ഉണ്ടായേക്കാം. അത് ചിലപ്പോൾ വരും തലമുറയ്ക്ക് എങ്കിലും ഗുണം ചെയ്തേക്കാം. പ്രതീക്ഷയോടെ മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി...


ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ..❤️


© Naaz373 😊

Comments