Aayirathil Oruvan (2010) - My Thoughts

 


ആയിരത്തിൽ ഒരുവൻ (2010)
ഒരു സെൽവരാഘവൻ മാജിക്

ഏകദേശം പത്തു പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, എന്റെ പത്താം ക്ലാസ് കാലഘട്ടത്തിൽ, ഇങ്ങനെയൊരു സിനിമ ഇറങ്ങിയിരുന്നു. അന്ന് സിനിമ എന്നാൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാർ പകിട്ടുകൾക്ക് അപ്പുറമുള്ള സിനിമയുടെ വിശാലമായ ലോകത്തെക്കുറിച്ചു കൂടുതലായി ഒന്നും അറിയാത്ത പ്രായം ആയിരുന്നു. തിയറ്റർ കാഴ്ച്ചകൾ പോലും അന്യം നിന്ന അക്കാലത്ത് ആകെയുള്ള സിനിമ കാണൽ ടീവിയിലൂടെ മാത്രമായിരുന്നു. അങ്ങനെ സിനിമ ടീവിയിൽ വന്നപ്പോൾ യാദൃശ്ചികമായി കാണാനിടയായി. തമിഴ് സിനിമകൾ കണ്ടു തുടങ്ങുന്ന കാലം. അന്ന് ഈ സിനിമ ആദ്യമായി കാണുമ്പോൾ വിവരിക്കാൻ കഴിയാത്ത അത്ഭുതം ആയിരുന്നു മനസ്സ് നിറയെ. കാരണം അന്നേവരെ കാണാത്ത വിധത്തിലുള്ള മേക്കിങ്ങും കഥയും കൊണ്ട് എന്റെ സിനിമ ആസ്വാദനത്തെ വളരെയധികം സ്വാധീനിച്ച സിനിമ എന്ന് വേണമെങ്കിൽ പറയാം. വല്ലപ്പോഴും കാണുന്ന ഹോളിവുഡ് സിനിമകളിൽ പോലും കണ്ടിട്ടില്ലാത്ത എന്തോ ഒരു പ്രത്യേകത ഈ സിനിമയ്ക്കുണ്ടെന്ന് അന്നേ തോന്നിയിരുന്നു. എന്നാൽ വാണിജ്യപരമായി സിനിമ പരാജയം ആയിരുന്നു. അത് അല്ലെങ്കിലും കൾട്ട് ക്ലാസ്സിക്കുകൾ എല്ലാം പിറക്കുന്നത് ജനനവും മരണവും കഴിഞ്ഞുള്ള പുനർജന്മങ്ങളിലൂടെയാണല്ലോ...!!!

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം സിനിമ സാങ്കേതികപരമായി അതിന്റെ വളർച്ചയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും ഈ സിനിമ അന്നത്തെ പോലെ ഇന്നും ഇരട്ടി വെളിച്ചത്തിൽ വെട്ടി തിളങ്ങി തന്നെ നിൽക്കുന്ന കാഴ്ച നമുക്ക് കാണാം. അതിന് ശേഷം വന്ന് ബോക്‌സ് ഓഫിസ് കീഴടക്കിയ ബാഹുബലിയും, ഇപ്പോൾ തകർത്തോടുന്ന പൊന്നിയിൻ സെൽവനും എല്ലാം എടുത്തു വെച്ചു തൂക്കി നോക്കിയാലും ആയിരത്തിൽ ഒരുവൻ എന്ന വജ്രത്തിന്റെ തിളക്കവും മൂർച്ചയും മുന്നിൽ തന്നെ നിൽക്കും. ഇന്നത്തെ ബോക്‌സ് ഓഫിസ് കോടി കണക്കുകൾക്ക് അപ്പുറം എന്നെപ്പോലെ ഒരുപാട് പേരുടെ മനസ്സിൽ അന്നും ഇന്നും ഇനിയെന്നും അതേപോലെ ജ്വലിച്ചു കൊണ്ട് നിൽക്കുന്ന, നിൽക്കാൻ കെൽപ്പുള്ള വിസ്മയ കാവ്യം - ആയിരത്തിൽ ഒരുവൻ.

സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ കേട്ടിരുന്നു. പ്രതീക്ഷകളോടെ കാത്തിരിക്കുന്നു...!!!

#Naaz373 😊


Comments