APPAN (2022) MALAYALAM MOVIE REVIEW


 

അപ്പൻ (2022)
സംവിധാനം:- മജു

തന്റെ മകനെ ഒരിക്കൽ പോലും സ്നേഹത്തോടെ മോനെ എന്ന് വിളിക്കാത്ത, അപ്പാ.. എന്ന് വിളിച്ചാൽ 'എന്താടാ നാറി' എന്ന് വിളി കേൾക്കുന്ന, തന്നെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അപ്പോഴും അതൊക്കെ കണ്ടില്ല എന്ന് നടിച്ച് കൊണ്ട് എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി തന്റെ കുടുംബത്തിനായി ജീവിക്കുന്ന ഒരു സാധാരണ ഹൈറേഞ്ച്‌ കർഷകന്റെ കഥയാണ് അപ്പൻ എന്ന ഈ ഗംഭീര ചിത്രം. 

സണ്ണി വെയ്ൻ, പൗളി വിൽസൺ, അലൻസിയർ, അനന്യ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തി സോണി ലിവിലൂടെ പുറത്തിറങ്ങിയ ചിത്രമാണ് അപ്പൻ.

ഹൈറേഞ്ചിലെ ഒരു സാധാരണ കർഷക കുടുംബം കഥാ പാശ്ചാത്തലമാക്കിയ സിനിമ പറയുന്നത് ഞ്ഞൂഞ്ഞ് അവന്റെ അപ്പൻ ഇട്ടിയുടെയും അവരടങ്ങുന്ന കുടുംബത്തിന്റെയും കഥയാണ്.

നിസ്സഹായരായ ഒരു കുടുംബത്തിലെ കുറേപ്പേരുടെ ജീവിതവും അവരുടെ സംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന സിനിമ,  ഇത് സിനിമയാണോ അതോ ജീവിതമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു സിനിമ കണ്ടതിന് ശേഷമുള്ള എന്റെ അവസ്ഥ. അത്രമാത്രം നെഞ്ചിൽ തുളച്ചു കയറുന്ന തരത്തിലുള്ള അവതരണ മികവും അഭിനേതാക്കളുടെ ഗംഭീര പ്രകടനവും കൊണ്ട് മനസ്സിനെ വേട്ടയാടുന്ന ഒരു അനുഭവം ആണ് ഈ സിനിമ.

സണ്ണി വെയ്ന്റെ കരിയർ ബെസ്റ്റ് എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം. അതുപോലെ തന്നെ മറ്റുള്ളവരും, അതിൽ തന്നെ എടുത്തു പറയേണ്ടത് പൗളി വിൽസന്റെ കുട്ടിയമ്മയും അനന്യ അവതരിപ്പിച്ച റോസിയും പിന്നെ അലൻസിയറുടെ അപ്പൻ കഥാപാത്രവുമാണ്. ഒരു അപ്പൻ എങ്ങനെ ആവരുത് എന്നും ഒരു കുടുംബം അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നും, അവരെ സമൂഹം എങ്ങനെ നോക്കി കാണുന്നുവെന്നും വളരെ വ്യക്തമായി സിനിമ വരച്ചു കാട്ടുന്നുണ്ട്.

രണ്ടുമണിക്കൂർ പ്രേക്ഷകനെ പിടിച്ചു നിർത്തുന്ന സിനിമ, മനസ്സിനെ വേട്ടയാടുന്ന കഥാപാത്രങ്ങൾ, നെഞ്ചിൽ തറക്കുന്ന സംഭാഷണങ്ങൾ, പച്ചയായ മനുഷ്യ ജീവിതങ്ങൾ... ഇതൊക്കെയാണ് ഈ സിനിമ എന്ന് ഒറ്റവാക്കിൽ പറയാം. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.

#Naaz373 😊


Comments