Saudi Vellaka (2022) MOVIE REVIEW

 


സൗദി വെള്ളക്ക (2022)
സംവിധാനം:- തരുൺ മൂർത്തി

മഴ തോർന്നാൽ കുട എല്ലാവർക്കും ഒരു ബാധ്യതയാണ്...

ഏറെ കാലത്തിന് ശേഷം മനസ്സിൽ തൊട്ട സിനിമ. മനുഷ്യൻ ചില സമയങ്ങളിൽ എത്രത്തോളം നിസഹായരാണ് എന്നും നിരാലംബരാണെന്നും, അതുവരെ തോന്നിയ വാശിയും വിദ്വേഷവും എല്ലാം ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാകുന്നത് ആണെന്നുമുള്ള തിരിച്ചറിവിന്റെ പേരാണ് ജീവിതം എന്ന് മനസിലാക്കി തരുന്ന ചിത്രം.

ഇത്രയൊക്കെ ഉള്ളു മനുഷ്യൻ എന്നതിൽ നിന്നും ഇത്രയ്ക്ക് ഒക്കെ ഉണ്ടെടാ മനുഷ്യൻ എന്ന ചിന്തയിലേക്കുള്ള ദൂരമാണ് ഈ സിനിമ കുറക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം ഇറങ്ങിയതിൽ വെച്ച് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമ തന്നെയാണ് സൗദി വെള്ളക്ക എന്നുള്ള കാര്യത്തിൽ സംശയമില്ല.

ലളിതമായ കഥയും കഥാപാത്രങ്ങളും കൊണ്ട് ഗംഭീരമായ ഒരു സിനിമ എടുക്കുക എന്നത് നിസ്സാര കാര്യമല്ല. തന്റെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവ കൊണ്ട് തന്നെ ശ്രദ്ധ നേടിയ സംവിധായകൻ ആയിരുന്നു തരുൺ മൂർത്തി. രണ്ടാം വരവിലും ആ പേര് അതേപടി നിലനിർത്താൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനേതാക്കളിലേക്ക് വന്നാൽ ഓരോരുത്തരും ഒന്നിനൊന്നു മികച്ച പ്രകടനം, അതിൽ തന്നെ എടുത്ത് പറയേണ്ടത് ആയിഷുമ്മ ആയി മനസ്സ് കവർന്ന ദേവി വർമ്മ എന്ന അഭിനേത്രിയുടേതാണ്. എത്ര മനോഹരമായാണ് അവർ ആ കഥാപാത്രം അവതരിപ്പിച്ചത്. പൗളി വിൽസന്റെ ശബ്ദം ആയിരുന്നു ഉപയോഗിച്ചത് എങ്കിൽ കൂടിയും പെർഫോമൻസ് കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. ബിനു പപ്പു, ലുക്മാൻ, സുജിത് ശങ്കർ തുടങ്ങി എല്ലാവരും അവരവരുടെ റോളുകളിൽ തിളങ്ങി. എഡിറ്റിംഗ്, മ്യൂസിക്, ഛായാഗ്രഹണം തുടങ്ങി എല്ലാ രീതിയിലും സിനിമ മികവ് പുലർത്തി.

നമ്മുടെ ഇടയിൽ, നമ്മിൽ ഒരാളായി, ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതം ആണ് ഈ സിനിമ. നിയമത്തിന്റെ ചുവപ്പ് നാടയിൽ കുരുങ്ങി പോയ ജന്മങ്ങൾക്ക് വേണ്ടി കൂടിയാണ് ഈ സിനിമ. ഒരുപാട് നാളുകൾക്ക് ശേഷം കണ്ണും മനസ്സും നിറയിച്ച സിനിമാനുഭവം.

#Naaz373 😊


Comments