IRATTA MOVIE | JOJU GEORGE | CHARACTER SKETCH (SPOILER ALERT)




രോഹിത് എംജി കൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഇരട്ട. വിനോദ് - പ്രമോദ് എന്ന ഇരട്ട സഹോദരന്മാരുടെ ജീവിതവും അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും, തുടർന്നുണ്ടാകുന്ന സംഭവ വികസങ്ങളും കൊണ്ട് പ്രക്ഷുബ്ധമായ കഥയും കഥാ പശ്ചാത്തലവുമാണ് സിനിമയുടേത്.

പല ലെയറുകൾ ഉള്ള, വളരെ സങ്കീർണമായ രണ്ട് കഥാപാത്രങ്ങളാണ് ജോജു ഗംഭീരമായി അവതരിപ്പിച്ചു കയ്യടി നേടിയ വിനോദും പ്രമോദും. സാധാരണ നമ്മൾ കണ്ടു ശീലിച്ചിട്ടുള്ള ഡബിൾ റോൾ സിനിമകളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ അവതരണ മികവ് ഇരട്ടയിൽ കാണാൻ സാധിക്കും. അതിന്റെ പ്രധാന കാരണം തിരക്കഥയിലെ സൂക്ഷ്മതയും നടന്റെ കഴിവുമാണ്. ശരീരം കൊണ്ടോ, സ്വഭാവം കൊണ്ടോ യാതൊരു സമാനതകളും ഇല്ലാത്ത രണ്ടുപേർ, അത് രണ്ടും ഒന്നിച്ചു സമന്വയിപ്പിച്ച് കൊണ്ട് തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അതിൽ തന്നെ നമ്മെ വളരെയധികം മനസ്സിനെ മഥിക്കുന്ന, കുറച്ചു സമയത്തേക്ക് എങ്കിലും പിടിച്ചു കുലുക്കുന്ന ചില കഥാ സന്ദർഭങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. അതിലേറെയും വിനോദ് കുമാർ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് കൊണ്ടാണ്. അതിനാൽ എ.എസ്.ഐ വിനോദ് എന്ന കേന്ദ്ര കഥാപാത്രത്തെ കുറിച്ചാണ് ഞാൻ ഇവിടെ പ്രതിപാദിക്കുന്നത്.

അച്ഛനമ്മമാർ ഉണ്ടായിട്ടും നന്നേ ചെറുപ്പത്തിൽ തന്നെ അനാഥത്വം അനുഭവിക്കേണ്ടി വരുന്ന കഥാപാത്രമാണ് വിനോദ്. നിർഭാഗ്യവശാൽ ഇഷ്ടമില്ലാതിരുന്നിട്ടും അച്ഛന്റെയൊപ്പം ജീവിക്കാൻ വിധിക്കപ്പെടുന്ന, ആ കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് കുട്ടിക്കാലത്തു തന്നെ ഒരുപാട് തിക്താനുഭവങ്ങൾ അവൻ നേരിടുന്നുണ്ട്. അതെല്ലാം അവന്റെ സ്വഭാവ രൂപീകരണത്തിൽ പ്രകടമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പെട്ടെന്ന് ഒരു ദിവസം അമ്മയെയും അനുജനെയും കാണാനും അച്ഛന്റെ തടവിൽ നിന്ന് രക്ഷപ്പെടാനും ഉള്ള അതിയായ 'ആഗ്രഹം' കൊണ്ട് വീട് വിട്ടിറങ്ങുന്ന വിനോദ് പക്ഷേ തന്റെ പഴയ വീട്ടിൽ എത്തുമ്പോൾ അവിടെ അവനെ സ്വീകരിക്കാൻ അമ്മയോ അനുജനോ ഉണ്ടായിരുന്നില്ല. തന്നെ ഉപേക്ഷിച്ച് പോയ അവരെ തിരക്കി പിന്നീട് അവൻ എങ്ങോട്ടും പോയില്ല. കാരണം ആ ബന്ധം അവൻ അവിടം കൊണ്ട് അവസാനിപ്പിച്ചിരുന്നു. താൻ ചെയ്ത തെറ്റുകളുടെ പാപഭാരം കൊണ്ട് മരണം ഇരന്നു വാങ്ങാൻ ആയിരുന്നു അവന്റെ അച്ഛന്റെ വിധി. സ്വന്തം അച്ഛൻ പിടഞ്ഞു മരിക്കുന്ന നടുക്കുന്ന കാഴ്ചയും അവന് ആ പ്രായത്തിൽ കാണേണ്ടി വന്നു. നിർവികാരതയോടെ ആ മരണം നോക്കി നിൽക്കുന്ന ആ പയ്യന്റെ രംഗം സിനിമ കണ്ട് കഴിഞ്ഞാലും മനസ്സിൽ നിന്ന് പോവില്ല. അച്ഛൻ മരിച്ചത് അറിഞ്ഞ് വരുന്ന അമ്മയ്ക്കും അനുജനും മുമ്പിൽ അവൻ ആ വീടിന്റെ പടിവാതിൽ കൊട്ടിയടക്കുമ്പോൾ കൂടെ അതുവരെയുള്ള ഓർമ്മകൾ കൂടിയാണ് അടച്ചു പൂട്ടുന്നത്. പിന്നീടൊരിക്കലും അവരിലേക്ക് അവൻ തിരികെ പോയില്ല. അവിടുന്ന് തുടങ്ങിയ ഓട്ടം ചെന്നെത്തുന്നത് എ.എസ്‌.ഐ വിനോദ് കുമാറിലാണ്. സഹോദരൻ പ്രമോദും പോലീസ് യൂണിഫോമിൽ വിനോദിനൊപ്പം സർവീസിൽ കയറുന്നു. അവർ തമ്മിലുള്ള പ്രശ്‌നങ്ങൾ അവിടെയും അവസാനിക്കുന്നില്ല. അമിത മദ്യപാനം മൂലം പ്രമോദിന്റെ ഭാര്യ അയാളെ വിട്ട് മകളെയും കൊണ്ട് നാടുവിട്ട് പോകുമ്പോൾ അന്വേഷണത്തിനായി പോകുന്ന സംഘത്തിൽ വിനോദുമുണ്ടായിരുന്നു. അവിടെയെത്തുന്ന വിനോദ്, പ്രമോദിന്റെ മകളെ കാണാനിടയാകുന്നു. ചോരയ്ക്ക് വെള്ളത്തേക്കാൾ കട്ടി ഉണ്ടെന്ന് ആ കുഞ്ഞിനെ കാണുന്ന വിനോദ് മനസിലാക്കിയത് കൊണ്ടാവാം അയാൾ ഒരുപാട് കളിക്കോപ്പുകളും വാങ്ങി വീണ്ടും ആ കുഞ്ഞിന്റെ അടുക്കലേക്ക് വന്നത്. വിനോദിനെ കാണുന്ന പ്രമോദിന്റെ കുഞ്ഞിന്റെ മുഖത്ത് വിടരുന്ന ഒരു ചിരിയുണ്ട്, അതുവരെ വിനോദിന്റെ മനസ്സിൽ ഉണ്ടായിരുന്ന അഴുക്കുകൾ എല്ലാം തുടച്ചു കളയാൻ ആ കുഞ്ഞിന്റെ പുഞ്ചിരിക്ക് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ എന്തിനാണ് അവിടെനിന്ന് ഇറങ്ങിയ അയാൾ തിരികെ ചെന്നത്. അയാളിൽ എവിടെയോ സ്നേഹവും വാത്സല്യവുമുള്ള മനുഷ്യൻ ഉണ്ടെന്ന് പറയാതെ പറഞ്ഞ സീൻ ആയിരുന്നു അത്. തുടക്കത്തിൽ ഒരുപാട് വെറുപ്പ് തോന്നിയ കഥാപാത്രത്തോട് പോകെ പോകെ എവിടെയൊക്കെയോ ഒരു സ്നേഹം തോന്നി. മാലിനി ജീവിതത്തിലേക്ക് വന്നതിന് ശേഷം വിനോദിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായെന്ന് ഒപ്പമുള്ള സഹപ്രവർത്തകൻ ഓർക്കുമ്പോൾ നമ്മുടെ മനസ്സിലും ഒരു വിങ്ങൽ അനുഭവപ്പെടും. ഒരു നിമിഷത്തിൽ ചെയ്ത് പോയ തെറ്റിന്റെ പേരിൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ അയാൾ തീരുമാനിച്ചു എങ്കിൽ എത്രത്തോളം കുറ്റബോധം പേറിയാവും വിനോദ് മരണത്തിലേക്ക് നടന്നു നീങ്ങിയത്. മരണത്തിന് തൊട്ടുമുമ്പ് ചിലപ്പോൾ അയാളുടെ മനസ്സിലേക്ക് വന്നത് പണ്ട് കണ്ട ആ കുഞ്ഞിന്റെ നിഷ്കളങ്കമായ പുഞ്ചിരി ആയിരിക്കണം. ക്ലൈമാക്സിൽ ഒന്ന് ഉരിയാടാൻ പോലും കഴിയാതെ മുഖം താഴ്ത്തി നിസ്സഹായനായി ഇരിക്കുന്ന വിനോദിനെ കാണുമ്പോൾ അറിയാതെ നിങ്ങളുടെ കണ്ണും നിറഞ്ഞെങ്കിൽ നിങ്ങളും എന്നെപ്പോലെ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു.

ചിലപ്പോൾ വിധിയെക്കാൾ വലിയൊരു വില്ലൻ ഇല്ല. ആ തോക്കിൻമുനയിൽ തീർന്നത് ഒന്നല്ല, രണ്ട് ജീവിതങ്ങൾ ആയിരുന്നു. പതിനേഴ്‌ വർഷത്തിനിപ്പുറം തന്റെ ഭാര്യയുടെയും മകളുടെയും വരവിനായി കാത്തിരുന്ന പ്രമോദിന് പക്ഷേ ഇതറിഞ്ഞ ശേഷം സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ പോലുമുള്ള ധൈര്യം ഇല്ലായിരുന്നു. എങ്ങോട്ട് നോക്കിയാലും കാണുന്നത് വിനോദിനെയാണ്. ഒരുപക്ഷേ തന്റെ പ്രതിബിംബം തന്നെയാണ് വിനോദ് എന്ന് പ്രമോദ് തിരിച്ചറിയുന്ന ആ നിമിഷം അയാൾക്ക് ഉണ്ടാകുന്ന ആ ഞെട്ടൽ തന്നെയാണ് സിനിമ കഴിയുമ്പോൾ പ്രേക്ഷകർക്കും തോന്നുന്നത്.

വിനോദും പ്രമോദും അവർ ആയിത്തീർന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. ഏതൊരു വ്യക്തിയുടെയും സ്വഭാവ രൂപീകരണം നടക്കുന്നത് അയാളുടെ കുട്ടിക്കാലത്താണ്. അപ്പോഴുണ്ടാകുന്ന ചെറിയ കാര്യങ്ങൾ പോലും അവരുടെ വളർച്ചയെ സ്വാധീനിച്ചേക്കാം എന്നും സിനിമ മുന്നറിയിപ്പ് നൽകുന്നു.

#Naaz373 😊

Comments

  1. ആരും പ്രതീക്ഷിക്കാത്ത പലർക്കും ഉൾകൊള്ളാൻ പറ്റാത്ത ക്ലൈമാക്സ്‌ തന്നെ, പക്ഷെ എനിക്ക് മറ്റു ഭാഷകളിൽ ഇതുപോലെയുള്ള തീം ക്ലൈമാക്സ്‌ കണ്ടിട്ടുള്ളതിനാൽ ഇതും കൊള്ളാം എന്ന് തോന്നി വിനോദിനേ എങ്ങനെ ഒക്കെ ന്യായികരിക്കാൻ നോക്കിയാലും അയാളുടെ ഭൂതകാലം വേട്ടയാടുക തന്നെ ചെയ്‌യും, എല്ലാ മോശം ആൾകാർക്കും അയാളുടേതായ വ്യൂപോയിന്റിൽ നല്ല കാര്യങ്ങൾ കാണാം മറ്റുള്ള ആൾകാർക്ക് അതുമൂലം എന്ത് സംഭവിച്ചാലും അവർക്ക് അതൊരു പ്രശ്നമല്ല വിനോദിനു, കുട്ടി അനുജന്റെ മകളായതുകൊണ്ട് ഉള്ള മാനസിക സംഘർഷം ആണ് ഇത് മാറ്റാരോ ആയിരുന്നെങ്കിൽ അയാൾ ഒന്നും ചെയ്യില്ല ചിലപ്പോൾ മാറ്റത്തിന്റെ പാതയിൽ ആയിരുന്നതിനാൽ ഒരു ഒളിച്ചോട്ടം നടത്തിയേനെ നാട്ടിൽ നിന്നെ,ഇത് തമിഴ് സിനിമ വിക്രം വേദയിൽ വിജയ് സേതുപതിയോട് - മാധവൻ പറയുന്ന ഡയലോഗ് ഓർത്താൽ മതി "ഉന്നൈ മാതിരി ആളുകൾക്കെല്ലാം ഒരേ കഥ താനെ "

    ReplyDelete

Post a Comment