MAAMANNAN (2023) MOVIE REVIEW

 



MAAMANNAN (2023)
A FILM FROM MARI SELVARAJ

ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങി വലിയ താരനിരയിൽ കർണ്ണന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മാമന്നൻ. ജാതി മത വേർതിരിവുകൾക്ക് എതിരെ ശക്തമായ ഭാഷയിൽ തന്റെ സിനിമകളിലൂടെ പ്രതികരിക്കുന്ന സംവിധായകനാണ് മാരി സെൽവരാജ്. ഈ സിനിമയിലും അദ്ദേഹം ചർച്ച ചെയ്യുന്നത് ഇത്തരം വിവേചനങ്ങളെയും വേർതിരിവുകളെയും കുറിച്ചാണ്. അത് അതിന്റെ ഗൗരവം ഒട്ടും തന്നെ ചോർന്ന് പോകാതെ പകർത്താനും അയാൾക്ക് കഴിഞ്ഞു എന്ന് പറയാം. ഇത്തവണ രാഷ്ട്രീയ വേർതിരിവുകൾ എങ്ങനെ ഓരോ വ്യക്തിയെയും അവന്റെ ജീവിത സാഹചര്യങ്ങളെയും ബാധിക്കുന്നു എന്ന് വളരെ വ്യക്തമായി സംവിധായകൻ പറഞ്ഞു വെക്കുന്നുണ്ട്. ഉയർന്നവൻ - താഴ്ന്നവൻ ചിന്താ രീതികളെ മൊത്തത്തിൽ ഉടച്ചു വാർക്കുന്ന ശക്തമായ പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത്.

പോസിറ്റീവ്
മാമന്നൻ എന്ന ടൈറ്റിൽ റോളിൽ എത്തിയ വടിവേലു ആണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് അടിവരയിട്ട് പറയാവുന്ന തരത്തിലുള്ള ഗംഭീര പെർഫോമൻസ് കൊണ്ട് അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഇന്റർവെൽ സീൻ, ഫ്ലാഷ്ബാക്ക് സീനുകൾ അങ്ങനെ എണ്ണിയെണ്ണി പറയാവുന്ന പ്രകടന മികവ് കൊണ്ട് വടിവേലു എന്ന അതുല്യ നടൻ വിസ്മയിപ്പിച്ചു. അതേപോലെ എടുത്തു പറയേണ്ട പ്രകടനങ്ങളിൽ ഒന്നാണ് നെഗറ്റീവ് കഥാപാത്രമായി വന്ന ഫഹദ് ഫാസിലിന്റെ റോൾ. വില്ലനിസം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരേ എനർജി ലെവലിൽ അഴിഞ്ഞാടിയ പ്രകടനം. ഉദയനിധിക്കും കീർത്തി സുരേഷിനും ഇവരുടെ പെർഫോമൻസിന് പിന്നിലെ സ്ഥാനമുള്ളൂ. തേനി ഈശ്വറിന്റെ ഗംഭീര വിഷ്വൽസ്, ഏ ആർ റഹ്‌മാന്റെ മാന്ത്രിക സംഗീതം ഇവയെല്ലാം സിനിമയുടെ പ്ലസ് പോയിന്റുകളാണ്.

നെഗറ്റീവ്
ആദ്യപകുതി വെച്ചു നോക്കുമ്പോൾ രണ്ടാം പകുതി അത്രയ്ക്ക് എൻഗേജിങ് ആയി തോന്നിയില്ല. അതേപോലെ ഇമോഷണലി കണക്റ്റ് ചെയ്യുന്ന രംഗങ്ങളും രണ്ടാം പകുതിയിൽ കുറവായിരുന്നു. പ്രെഡിക്ട് ചെയ്യാൻ കഴിയുന്ന കഥയും കഥാ സന്ദർഭങ്ങളും സിനിമയുടെ ത്രിൽ ഇല്ലാതാക്കി. എന്നിരുന്നാലും ആദ്യ കാഴ്ചയിൽ ഇതൊന്നും അത്ര വലിയ പോരായ്മയായി എടുക്കേണ്ട കാര്യമില്ല.

എന്റെ അഭിപ്രായം
ഇതേ പ്രമേയത്തിൽ വന്ന സംവിധായകന്റെ തന്നെ മുൻ ചിത്രങ്ങളെ വെച്ചു നോക്കുമ്പോൾ ശരാശരിയ്ക്ക് മുകളിലുള്ള ഒരു അനുഭവം മാത്രമാണ് ഈ സിനിമ സമ്മാനിച്ചത് എന്ന് പറയേണ്ടി വരും. എന്നാൽ കൂടിയും പ്രകടന മികവ് കൊണ്ട് കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നുണ്ട് മാമന്നൻ. വടിവേലു എന്ന നടന്റെ അഭിനയ പാടവം എന്താണ് എന്നുള്ളതിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ സിനിമ. തമിഴ് സിനിമ വേണ്ട വിധം ഉപയോഗിക്കാതെ പോയൊരു നടന്റെ ഗംഭീര തിരിച്ചു വരവ് കൂടിയാണ് മാമന്നൻ.

#Naaz373 😊



Comments