POR THOZHIL (2023) MOVIE REVIEW

 


പോർ തൊഴിൽ (2023)
സംവിധാനം:- വിഘ്‌നേശ് രാജ

അശോക് സെൽവൻ, ശരത് കുമാർ, നിഖില വിമൽ, അന്തരിച്ച നടൻ ശരത് ബാബു തുടങ്ങിയ നല്ലൊരു കാസ്റ്റിംഗ് ടീമുമായി ചുരുങ്ങിയ ബജറ്റിൽ ഈയാഴ്ച പുറത്തിറങ്ങിയ തമിഴ്‌ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമയാണ് പോർ തൊഴിൽ. സീറ്റ് എഡ്ജ് ത്രില്ലറുകൾക്ക് പേരുകേട്ട കോളിവുഡിൽ നിന്ന് ഏറെ കാലത്തിന് ശേഷം വന്ന ഗംഭീര ചിത്രമെന്ന് നിസംശയം പറയാം.

വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്തപ്പോൾ ചുരുങ്ങിയ സ്ക്രീനുകൾ മാത്രമാണ് കേരളത്തിൽ സിനിമയ്ക്ക് ലഭിച്ചത്. എന്നാൽ ആദ്യ ദിവസത്തെ ഗംഭീര റെസ്പോൺസ് കാരണം സിനിമയ്ക്ക് കൂടുതൽ തിയേറ്ററുകൾ കിട്ടി. ഞാൻ ഇത് പറയാൻ കാരണം പ്രമോഷൻ ഒന്നുമില്ലാതെ വരുന്ന ചെറിയ സിനിമകളും ക്വാളിറ്റി കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സ്ഥിതി വിശേഷം ഇപ്പോഴുണ്ട് എന്നുള്ളതിന്റെ ശുഭ സൂചനയാണ് ഈ സിനിമയ്ക്ക് ഇവിടെ ലഭിച്ച സ്വീകാര്യത.

പ്ലസ് പോയിന്റ്‌സ്
കെട്ടുറപ്പുള്ള കഥയും തിരക്കഥയും അത് പ്രെസെന്റ് ചെയ്‌ത രീതിയും കൊണ്ടാണ് സിനിമ എന്നെ ആകർഷിച്ചത്. പെർഫോമൻസ് കൊണ്ടും, മേക്കിങ് കൊണ്ടും, എന്തിനേറെ ചിലയിടങ്ങളിൽ വരുന്ന നിശബ്ദത പോലും കാണുന്ന പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്നുണ്ട്. സ്ഥിരം ത്രില്ലർ സിനിമകളിൽ കണ്ടു വരുന്ന ക്ലിഷേകളെ ഒരു പരിധി വരെ ഒഴിവാക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. നായികയുമായുള്ള റൊമാൻസ് സീനുകളോ, പാട്ടുകളോ ഒന്നും കുത്തി തിരുകാതെ പറയാൻ ഉദ്ദേശിച്ച കാര്യം വ്യക്തമായും വെടിപ്പായും പറഞ്ഞു വെക്കുന്നുണ്ട് ചിത്രം. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരുപിടി മലയാളി സാന്നിധ്യം സിനിമയിൽ കാണാം.  സംഗീതം നൽകിയിരിക്കുന്നത് ജെയ്ക്‌സ് ബിജോയ്, അതേപോലെ സുനിൽ സുഖദ, സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ എന്നിങ്ങനെ ഒട്ടേറെ മലയാളികളും മികച്ച പ്രകടനം കൊണ്ട് സിനിമയുടെ ഭാഗമായി.

മൈനസ് പോയന്റ്‌സ്
നെഗറ്റീവ് പറയാനും മാത്രം വലിയ പോരായ്മകൾ ഒന്നും തന്നെ എനിക്ക് തോന്നിയില്ല. കുറഞ്ഞ ബജറ്റിൽ നിന്നുകൊണ്ട് ക്വാളിറ്റിയുള്ള ചിത്രം ഒരുക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല. അതുകൊണ്ട് ബാക്കിയെല്ലാം മറന്ന് കൊണ്ട് സിനിമ നിങ്ങൾക്ക് എൻജോയ് ചെയ്യാം.

എന്റെ അഭിപ്രായം
ഏറെ കാലത്തിന് ശേഷം വീണ്ടുമൊരു കിടിലൻ ത്രില്ലർ കിട്ടിയതിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ. ചിലർ ഈ സിനിമ രാക്ഷസൻ എന്ന ചിത്രവുമായി താരതമ്യം ചെയ്ത് കണ്ടു. എന്നാൽ എനിക്ക് പറയാനുള്ളത് രണ്ടും ജേണർ കൊണ്ട് ത്രില്ലറുകൾ ആണെങ്കിൽ കൂടിയും കമ്പയർ ചെയ്യേണ്ട കാര്യമില്ല. രണ്ട് സിനിമകളും ഒന്നിനൊന്നു മെച്ചം. അതുകൊണ്ട് അനാവശ്യ കംപാരിസൺ ഒഴിവാക്കാം.

ത്രില്ലർ സിനിമകൾ ഇഷ്ടപെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ സിനിമയ്ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. രണ്ടര മണിക്കൂർ ത്രില്ലടിച്ച്, സസ്പെൻസ് നിറച്ച് കൊണ്ട് സിനിമ നിങ്ങളെ ത്രസിപ്പിക്കും, തീർച്ച.

#Naaz373 😊


Comments