Voice of സത്യനാഥൻ (2023) MOVIE REVIEW

 



Voice of സത്യനാഥൻ (2023)
സംവിധാനം:- റാഫി

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ദിലീപ് സിനിമ വീണ്ടും തിയേറ്ററിൽ വരുന്നു, ഹിറ്റുകൾ മാത്രം സമ്മാനിച്ച റാഫിയുടെ മറ്റൊരു സിനിമ, ട്രെയിലറിൽ കണ്ട ജോജു ജോർജിന് ഒപ്പമുള്ള ദിലീപിന്റെ കോംബോ സീനുകൾ ഇവയെല്ലാം കണ്ട് നല്ല പ്രതീക്ഷയോടെ തന്നെയാണ് സത്യനാഥൻ കാണാൻ ടിക്കറ്റ് എടുത്തത്.

സ്ഥിരമായി നാവുപിഴയ്ക്കുന്ന, താൻ പറയുന്നത് എല്ലാം തനിക്ക് വിനയായി ഭവിക്കുന്ന സത്യനാഥൻ എന്ന കുടുംബ നാഥന്റെ ജീവിതവും അയാൾക്കു ഈ നാവുപിഴ മൂലം അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും കോർത്തിണക്കി വന്ന നല്ലൊരു ഫാമിലി + ഇമോഷണൽ പാക്ക്ഡ് സിനിമയാണ് വോയ്‌സ് ഓഫ് സത്യനാഥൻ.

പോസിറ്റീവ്
ദിലീപ് എന്ന ജനപ്രിയ നായകൻ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതോടൊപ്പം എടുത്ത് പറയേണ്ട പ്രകടനങ്ങളിൽ ഒന്നാണ് ജോജു ചെയ്ത് ഞെട്ടിച്ച ബാലൻ എന്ന തടവുപുള്ളിയുടെ കഥാപാത്രം. ഇതിന് മുമ്പ് നമ്മൾ പലതവണ പല സിനിമകളിലായി കണ്ടിട്ടുള്ള കഥാപാത്രം ആണെങ്കിൽ കൂടിയും ജോജു എന്ന നടൻ അത് ചെയ്തു വെച്ചിരിക്കുന്നത് തികച്ചും യൂണിക് ആയിട്ടാണ്. വേറിട്ട പ്രകടനം കൊണ്ട് പ്രേക്ഷകന്റെ കണ്ണ് നിറയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടെ അഭിനയിക്കുന്ന നായകനെ പോലും സൈഡ് ആക്കിയ ഗംഭീര പെർഫോമൻസ് എന്ന് നിസ്സംശയം പറയാം. അതേപോലെ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ ആണ് സിദ്ദിഖ് ഇക്ക ചെയ്ത തവള വർക്കിയും, ജോണി ആന്റണിയുടെ പഞ്ചായത്ത് പ്രസിഡന്റ് കഥാപാത്രവും. ചിരിയുടെ മാലപ്പടക്കം തീർക്കാൻ അവർ രണ്ടും തന്നെ ധാരാളം ആയിരുന്നു. രമേശ് പിഷാരടിയുടെ കഥാപാത്രം ഇടയ്ക്കിടെ വന്ന് പോകുന്നുണ്ട് എങ്കിലും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പാട്ടുകളും ബിജിഎം തരക്കേടില്ലാത്ത വിധത്തിൽ ചെയ്തപ്പോൾ ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് സിനിമയെ കൂടുതൽ എൻഗേജിങ് ആക്കി മാറ്റി.

കഥാപാരമായി വലിയ പുതുമയൊന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് തുറന്ന് ചിരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. നിറഞ്ഞ സദസ്സിൽ കണ്ടത് കൊണ്ടാവണം സിനിമ എനിക്ക് വർക്ക് ആയി.

നെഗറ്റീവ്
ഏറ്റവും വലിയ പോരായ്മ കഥയുടെ പ്രെഡിക്ടബിലിറ്റി തന്നെയാണ്. ആർക്കും ഊഹിക്കാവുന്ന വളരെ ചെറിയൊരു കഥാ തന്തു ആണ് ചിത്രത്തിന്റേത്. അതുകൊണ്ട് തന്നെ സിനിമ എന്തായി തീരുമെന്ന് നമുക്ക് ഈസിയായി മുൻകൂട്ടി മനസിലാക്കാം.

എന്റെ അഭിപ്രായം
കുടുംബവും കൂട്ടുകാരും ഒന്നിച്ചു മനസ്സറിഞ്ഞ് ചിരിക്കാനും ഒരിത്തിരി കണ്ണ് നിറഞ്ഞു കാണാനായുമുള്ള നല്ലൊരു കുടുംബ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. നിറഞ്ഞ തിയേറ്ററിൽ കണ്ടാൽ നിങ്ങൾക്കും ഈ സിനിമ ഇഷ്ടപ്പെടാം. വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ ചുമ്മാ പോയി കാണാവുന്ന ഒരു നേരമ്പോക്ക് സിനിമ. ദിലീപ് എന്ന ജനപ്രിയ നടന്റെ നല്ലൊരു തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിൽ കൂടിയും അതെല്ലാം മറന്ന് രണ്ട് രണ്ടര മണിക്കൂർ ചിരിയ്ക്കുള്ള വക സിനിമ സമ്മാനിക്കുന്നുണ്ട്.

#Naaz373 😊


Comments