KANNUR SQUAD (2023) MOVIE REVIEW

 



Kannur Squad (2023)
A Film by Roby Varghese Raj

മമ്മൂട്ടി എന്ന നടൻ ഉള്ളത് കൊണ്ട് മാത്രം കാണാൻ കാത്തിരുന്ന സിനിമ എന്നതിൽ കവിഞ്ഞ് മറ്റ് കാര്യമായ പ്രതീക്ഷകൾ ഒന്നും തന്നെ ഈ സിനിമ ഇറങ്ങുന്നതിന് മുൻപ് എനിക്ക് ഉണ്ടായിരുന്നില്ല. ചവറു കണക്കിന് ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ കാണുന്ന മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇങ്ങനെയൊരു സിനിമ ഹിറ്റ് ആകണം എങ്കിൽ അതിൽ കാര്യമായി എന്തെങ്കിലും വേണം. അത് ഇതിൽ ഉണ്ട്.

ബിഗ് ബജറ്റ് കൊണ്ടോ, വൻ പ്രമോഷൻ കൊണ്ടോ മാത്രം ഒരു സിനിമയും ഹിറ്റ് ആകില്ല, അങ്ങനെ ഹിറ്റ് ആകണം എങ്കിൽ അതിൽ നല്ലൊരു ക്വാളിറ്റി കണ്ടന്റ് കൂടെ വേണം. അത്തരത്തിൽ മികച്ച ക്വാളിറ്റിയുള്ള മറ്റൊരു റിയൽ ലൈഫ് ഇൻവെസ്റ്റിഗേഷൻ സിനിമയാണ് കണ്ണൂർ സ്ക്വാഡ്.

മമ്മൂട്ടിയോടൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നടൻ റോണി ഡേവിഡ് രാജ്, വിജയരാഘവൻ, ശരത് സഭ, തമിഴ് നടൻ കിഷോർ തുടങ്ങിയവരും അണിനിരന്ന സിനിമ പറയുന്നത് കണ്ണൂർ സ്ക്വാഡ് എന്ന പേരിൽ പോലീസിനെ നിർണായക ഘട്ടങ്ങളിൽ അസിസ്റ്റ് ചെയ്യുന്ന ഒരു ടീമിന്റെ കഥയാണ്. ഒരു റിയൽ സ്റ്റോറി ആയതുകൊണ്ട് തന്നെ സിനിമ റിയലിസ്റ്റിക് ആയാണ് മുന്നോട്ടു പോകുന്നത്. എന്നാൽ അതേസമയം തന്നെ സിനിമ എൻഗേജിങ് ആക്കുന്നതിനായി ചില സിനിമാറ്റിക് എലമെന്റ്സും യൂസ് ചെയ്തിട്ടുണ്ട്. അത് വളരെ നല്ല രീതിയിൽ തന്നെ സിനിമയിൽ വർക്ക് ഔട്ടായി എന്ന് തിയറ്ററിൽ ഉയർന്ന കയ്യടികൾ തെളിയിച്ചു.

പോസിറ്റീവ്

മമ്മൂട്ടി എന്ന നടൻ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. പ്രകടനം കൊണ്ട് ഈ മനുഷ്യൻ വീണ്ടും ഞെട്ടിക്കുന്ന കാഴ്ച. ഇതുവരെ കാണാത്ത  മാനറിസങ്ങൾ കൊണ്ട് മമ്മൂക്ക ASI ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി. ആക്ഷൻ രംഗങ്ങളും അദ്ദേഹം നന്നായി തന്നെ ചെയ്തു.

റോബി വർഗീസ് രാജ് എന്ന സംവിധായകന്റെ മേക്കിങ് മികവ്. റിയലിസ്റ്റിക് സിനിമയിൽ സിനിമാറ്റിക് ഫീൽ കൂടി ബ്ലെൻഡ് ചെയ്‌ത രീതി എടുത്തു പറയേണ്ടതാണ്. അങ്ങനെ അല്ലായിരുന്നു എങ്കിൽ സിനിമ ചിലപ്പോൾ ബോർ അടിപ്പിക്കുമായിരുന്നു. ഇതേ പ്രമേയത്തിൽ വന്ന രാജീവ് രവി സിനിമ 'കുറ്റവും ശിക്ഷയും' അതിന് ഉദാഹരണമാണ്. പേഴ്സണലി സിനിമ എനിക്ക് ഇഷ്‍ടമായി എങ്കിലും സിനിമയുടെ റിയലിസ്റ്റിക് മേക്കിങ് അന്ന് ഈ സിനിമയ്ക്ക് തിരിച്ചടിയായി. ആ പിഴവ് ഇവിടെ കണ്ണൂർ സ്ക്വാഡ് മറികടന്നു.

സുഷിൻ ശ്യാം - എന്നത്തേയും പോലെ പുള്ളി ബാക്ക്ഗ്രൗണ്ട് സ്‌കോർ കൊണ്ട് അഴിഞ്ഞാടിയിട്ടുണ്ട്. ടൈറ്റിൽ ട്രാക്ക് അന്യായ ഫീൽ ആയിരുന്നു.

എല്ലാവരുടെയും മികച്ച പെർഫോമൻസ് - മമ്മൂട്ടിയോടൊപ്പം  അസീസ് നെടുമങ്ങാട്, റോണി, ശബരീഷ്, കിഷോർ, അങ്ങനെ എല്ലാവരും സിനിമയ്ക്ക് അനുയോജ്യമായ പ്രകടനം കാഴ്ച വെച്ചു.

നെഗറ്റീവ്

രണ്ടേ മുക്കാൽ മണിക്കൂറിന് അടുത്തുള്ള സിനിമ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നേൽ ട്രിം ചെയ്തു ലെങ്ത് കുറക്കാമായിരുന്നു എന്ന് തോന്നി. ആദ്യ പകുതിയിൽ ചിലയിടത്ത് ചെറിയ ലാഗ് ഫീൽ ചെയ്തു. എന്നാൽ ഇതൊന്നും അത്രയ്ക്ക് വലിയ നെഗറ്റീവ് ആയിട്ട് എടുക്കേണ്ട കാര്യമില്ല.

എന്റെ അഭിപ്രായം

മലയാളത്തിൽ മറ്റൊരു മികച്ച ക്വാളിറ്റി ഇൻവെസ്റ്റിഗേഷൻ സിനിമ കൂടി ലഭിച്ചിരിക്കുന്നു. അതിഗംഭീര സിനിമ എന്നൊന്നും പറയാനില്ല എങ്കിൽ പോലും തിയറ്ററിൽ കണ്ടാൽ നഷ്ടമായി തോന്നില്ല.  മമ്മൂട്ടി കമ്പനിയിൽ നിന്നും ക്വാളിറ്റിയുള്ള മറ്റൊരു പ്രൊഡക്ട് കൂടി...

#Naaz373 😊


Comments