CHAAVER (2023) MOVIE REVIEW

 



ചാവേർ (2023)
സംവിധാനം:- ടിനു പാപ്പച്ചൻ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജന്തരം തുടങ്ങിയ ഗംഭീര തിയറ്റർ എക്‌സ്പീരിയൻസ് സമ്മാനിച്ച സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമ എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം പ്രതീക്ഷയോടെ ടിക്കറ്റ് എടുത്ത സിനിമ. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, പെപ്പെ, പഴയ നടി സംഗീത, മനോജ് കെ യു, തുടങ്ങി നല്ലൊരു കാസ്റ്റിങ് പിൻബലവും നല്ലൊരു ഇടിവെട്ട് ട്രയ്ലർ ഒക്കെ ആയിരുന്നെങ്കിൽ കൂടി സിനിമ കണ്ട് കഴിഞ്ഞപ്പോൾ തീർത്തും നിരാശ തോന്നി. ടിനു പാപ്പച്ചൻ സ്റ്റൈൽ അതി ഗംഭീര മേക്കിങ് ഉണ്ടായിട്ട് പോലും ശക്തമായ ഒരു സ്ക്രിപ്റ്റ് ന്റെ അഭാവം സിനിമയിൽ ഉടനീളം നിഴലിച്ചു നിന്നു. ജോയ് മാത്യുവിന്റെ സ്ക്രിപ്റ്റ് പുതുതായി യാതൊന്നും തന്നില്ല എന്ന് മാത്രമല്ല തികച്ചും കണ്ട് പഴക്കം ചെന്ന രാഷ്ട്രീയ കൊലപാതക കഥകളുടെ യാതൊരു മാറ്റവുമില്ലാത്ത മറ്റൊരു വേർഷൻ എന്നതിൽ കവിഞ്ഞ് ഒന്നും തന്നെ സിനിമയിൽ ഇല്ല എന്ന് വളരെ വിഷമത്തോടെ പറയേണ്ടി വരും.

പോസിറ്റീവ്

ടിനു പാപ്പച്ചന്റെ എന്നത്തേയും പോലെ മികവുറ്റ മേക്കിങ് തന്നെയാണ് സിനിമയെ ഒരു പരിധിവരെ താങ്ങി നിർത്തുന്നത്. വേറെ ആരെങ്കിലും ആയിരുന്നു സംവിധാനം ചെയ്തത് എങ്കിൽ സിനിമ ഇതിനേക്കാൾ വലിയ ദുരന്തം ആയി മാറിയേനെ. പുള്ളിയുടെ പണി പുള്ളി നീറ്റ് ആയി തന്നെ ചെയ്തു വെച്ചിട്ടുണ്ട്. സിനിമയെ എൻഗേജിങ് ആക്കി കൊണ്ട് പോകുന്നതും ഈ മേക്കിങ് ഒന്ന് കൊണ്ട് മാത്രമാണ്.

സിനിമാട്ടോഗ്രഫി - ജിന്റോ ജോർജ് ഒരുക്കിയ കിടിലൻ വിഷ്വൽസ്, കുറെ മികച്ച ഫ്രയിമുകൾ, കളർ ഗ്രേഡിങ് എല്ലാം ഗംഭീരം.

മ്യൂസിക് & ബിജിഎം - ജസ്റ്റിൻ വർഗീസിന്റെ മാരക ബാക്ക്ഗ്രൗണ്ട് സ്കോറുകൾ. പൊലിക സോങ് ഒക്കെ കിടു ആയിരുന്നു.

സുപ്രീം സുന്ദർ ഒരുക്കിയ ആക്ഷൻ സീക്വൻസുകൾ - സിനിമയിൽ ആകെ രണ്ട് ആക്ഷൻ സീനുകൾ ആണ് ഉള്ളത്. അത് രണ്ടും മികച്ചത് ആയിരുന്നു. ഇന്റർവെൽ തൊട്ട് മുൻപുള്ള ആ ബ്ലാസ്റ്റ് സീൻ ഒക്കെ അന്യായം ആയിരുന്നു.

നെഗറ്റീവ്

ഇത്രയേറെ കിടിലൻ കാസ്റ്റും മേക്കിങ് ഉണ്ടായിട്ടും നല്ലൊരു ഡെപ്ത് ഉള്ള സ്ക്രിപ്റ്റ് ഇല്ലാത്തത് തന്നെയാണ് സിനിമയ്ക്ക് കിട്ടിയ തിരിച്ചടി എന്ന് നിസ്സംശയം പറയാം. കാരണം നമ്മൾ നിരവധി സിനിമകളിൽ കണ്ട് മറന്ന സ്ഥിരം രാഷ്ട്രീയ കൊലപാതകവും പ്രതികളുടെ തുടർന്നുള്ള ഒളിവു ജീവിതവും അവരുടെ അതിജീവനവും ഒക്കെ തന്നെ തീർത്തും പ്രെഡിക്ടബിൾ ആയ സ്ക്രിപ്റ്റ് സിനിമയെ പിന്നോട്ട് വലിക്കുന്നു. സിനിമ രണ്ട് മണിക്കൂർ ഉള്ളുവെങ്കിൽ പോലും ചിലയിടങ്ങളിൽ നല്ല പോലെ ഇഴച്ചിൽ ഫീൽ ചെയ്തു.

എന്റെ അഭിപ്രായം

ടിനു പാപ്പച്ചൻ സ്റ്റൈൽ ഓഫ് മേക്കിങ് ഇഷ്ടം ഉള്ളവർക്ക് ഒരു തവണ കാണാം എന്നതിലുപരി പുതുതായി യാതൊന്നും സമ്മാനിക്കാത്ത സിനിമ. പുറമെ എന്തൊക്കെ വാരി പൂശിയാലും ഉള്ള് പൊള്ള ആണെങ്കിൽ കാര്യമില്ലല്ലോ...
നല്ലൊരു സ്ക്രിപ്റ്റിൽ ടിനുവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു...

#Naaz373 😊


Comments