KAATHAL - THE CORE (2023) MOVIE REVIEW

 



കാതൽ - The Core

സംവിധാനം:- ജിയോ ബേബി


മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ നിർമ്മാണ സംരംഭം, മമ്മൂട്ടി - ജ്യോതിക ജോഡികൾ ആദ്യമായി ഒന്നിക്കുന്ന സിനിമ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ശേഷം വരുന്ന ജിയോ ബേബി സിനിമ, അങ്ങനെ വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമയാണ് കാതൽ. 


സിനിമയിലേക്ക് വന്നാൽ മാത്യു ദേവസി എന്ന തീക്കോയിക്കാരൻ ഓമനയെ കല്യാണം കഴിക്കുന്നത് ഏകദേശം പത്തു പതിനെട്ട് വർഷങ്ങൾക്ക് മുമ്പാണ്. അതിൽ അവർക്ക് ഒരു പെൺകുട്ടിയും ഉണ്ട് - ഫെമി. മാത്രമല്ല ഈ വരുന്ന ബൈ ഇലക്ഷനിൽ പ്രമുഖ പാർട്ടിയുടെ സ്ഥാനാർഥി കൂടിയാണ് നമ്മുടെ നായക കഥാപാത്രം. ഇലക്ഷൻ പ്രചാരണം ഒക്കെയായി ചൂട് പിടിച്ചു നടക്കുന്ന സമയത്ത് പെട്ടെന്നൊരു ആരോപണവും അതിനെ തുടർന്ന് ഒരു കേസും സ്വന്തം ഭാര്യയായ ഓമന തന്നെ മാത്യുവിനെതിരെ ഫയൽ ചെയ്യുന്നു. സ്വാഭാവികമായും ഇലക്ഷൻ സമയത്തെ എതിർ പാർട്ടിയുടെ യോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രലോഭനം കൊണ്ടോ ആയിരിക്കാം എന്ന് എല്ലാവരും വിചാരിച്ച് ഇരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി മാത്യുവിന്റെ ജീവിതത്തിലും കുടുംബത്തിലും സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമയുടെ കാതൽ എന്ന് ചുരുക്കി പറയാം. 


ചില വെളിപ്പെടുത്തലുകൾ, ചില ഏറ്റുപറച്ചിലുകൾ, ചില തിരുത്തലുകൾ, ചില കൂട്ടി ചേർക്കലുകൾ, ചില കൂടെ നിർത്തലുകൾ ഇവയൊക്കെ ചേർന്നതാണ് മനുഷ്യ ജീവിതം എന്ന് അടിവരയിട്ട് പറയുന്നുണ്ട് സിനിമ. ജിയോ ബേബി ഇത്തവണയും ശക്തമായ ഒരു രാഷ്ട്രീയം തന്നെയാണ് കാതലിൽ കൂടിയും പറഞ്ഞു വെക്കുന്നത്. നമ്മുടെ സമൂഹം ഇനിയും അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന ആ ഉൾക്കാമ്പ് വളരെ മനോഹരമായും ശക്തമായും സംവിധായകൻ വരച്ചു ചേർക്കുന്നത് മമ്മൂട്ടി എന്ന പൊൻ തൂവൽ മുക്കിയ മഷി കൊണ്ടാണ്. അതേ - ഈ സിനിമയുടെ കാതൽ എഴുപത്തി രണ്ടു കഴിഞ്ഞ ആ മഹാ മനുഷ്യൻ തന്നെയാണ്. ഒപ്പം ജ്യോതികയും കൂടി വന്നപ്പോൾ അതിന്റെ മാറ്റ് കൂടി.


പോസിറ്റീവ്സ്


മമ്മൂക്ക, മമ്മൂക്ക, നമ്മുടെ സ്വന്തം മമ്മൂക്കാ...💎


ഈ മനുഷ്യൻ തന്നെയാണ് ഈ സിനിമയുടെ ആത്മാവ്. ഇങ്ങനെയൊരു സബ്ജക്ട് എടുത്തു ചെയ്യാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ഒരേയൊരു സൂപ്പർ താരത്തിനെ കൊണ്ടേ കഴിയൂ, അത് താനാണെന്ന് അടിവരയിട്ട് കാട്ടി തന്ന അതിഗംഭീര പ്രകടനം, അത് തന്നെയാണ് കാതലിന്റെ സൗന്ദര്യം. ഒപ്പം വന്ന ജ്യോതികയും തന്റെ റോൾ ഗംഭീരം ആക്കി. അവർ തമ്മിലുള്ള കെമിസ്ട്രി ശരിക്കും വർക്ക് ഔട്ട് ആയി. അതേ പോലെ സിനിമയുടെ കാസ്റ്റിങ് എല്ലാവരും മികവുറ്റ രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. അപ്പൻ ആയി വന്ന ആ നടൻ, മകളുടെ റോൾ ചെയ്‌ത കുട്ടി, തങ്കൻ ചേട്ടനായി വന്ന നടൻ, അഡ്വക്കേറ്റ് ആയി വന്ന മുത്തുമണിയും ചിന്നു ചാന്ദ്‌നിയും, അങ്ങനെ പേരറിയാത്തവർ പോലും ഞെട്ടിച്ച സിനിമ.


എഴുത്ത് - ആദർശ് സുകുമാരൻ, പോൾ സ്കറിയ എന്നിവർ ചേർന്ന് എഴുതിയ കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് സിനിമയെ താങ്ങി നിർത്തിയ പ്രധാന ഘടകം എന്ന് നിസ്സംശയം പറയാം. വളരെ സെൻസിറ്റീവ് ആയ വിഷയത്തെ അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ തന്നെ സ്ക്രീനിൽ എത്തിക്കാൻ ഇവരുടെ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്.


ജിയോ ബേബി പൊളിറ്റിക്സ് - രാഷ്ട്രീയം പറയാൻ വേണ്ടി പറഞ്ഞു പോകുന്ന ഒരു സിനിമ എന്നതിലുപരി ഇപ്പോഴെങ്കിലും തുറന്നു പറയേണ്ട കാര്യങ്ങളെ വളരെ വൃത്തിയായി തന്നെ അവതരിപ്പിക്കാനും അതിലൂടെ ഒരു ന്യൂ നോർമൽ ചിന്തയ്ക്ക് തുടക്കം കുറിക്കാനും ജിയോ ബേബിയ്ക്ക് ഈ സിനിമ കൊണ്ട് കഴിഞ്ഞു എന്ന് പറയാം. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് സിനിമയ്ക്ക് ആദ്യ കാഴ്ച്ചകൾക്ക് ശേഷം ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണങ്ങൾ. പ്രോഗ്രസീവ് ഒരു മാറ്റത്തിന് നമ്മുടെ സമൂഹവും ഒരുങ്ങി കഴിഞ്ഞെന്ന് പറയാതെ പറയുന്ന വിധത്തിലാണ് ഈ സിനിമയ്ക്ക് കിട്ടിയ ഫീഡ്ബാക്ക് സൂചിപ്പിക്കുന്നത്. എന്തായാലും അത് നല്ലൊരു മാറ്റത്തിനുള്ള തുടക്കം ആകട്ടെ എന്ന് പ്രത്യാശിക്കാം. 


മാത്യൂസ് പുളിക്കന്റെ സംഗീതം, സാലു കെ. തോമസിന്റെ ക്യാമറ, ഫ്രാൻസിസ് ലൂയിസിന്റെ കൃത്യമായ കട്ടുകൾ എല്ലാം സിനിമയുടെ പോസിറ്റീവ് ആണ്. പറയാനുള്ളത് വളരെ നീറ്റ് ആയി അതും രണ്ടു മണിക്കൂറിൽ താഴെ മാത്രം ദൈർഘ്യം കൊണ്ട് പറയാൻ എഡിറ്റിംഗ് നല്ല രീതിയിൽ തന്നെ സഹായിച്ചിട്ടുണ്ട്. അത് സിനിമ കാണുമ്പോൾ നമുക്ക് മനസിലാവും.


നെഗറ്റീവ്


സിനിമ സഞ്ചരിക്കുന്നത് കുറച്ചു സ്ലോ പേസിൽ ആണെങ്കിൽ പോലും ഒരിടത്ത് പോലും എനിക്ക് ലാഗ് ഫീൽ ചെയ്തില്ല. എഡിറ്റിംഗ് മികവ് തന്നെയാണ് അതിന് കാരണം. രണ്ട് മണിക്കൂർ ഉള്ളിൽ തന്നെ സിനിമ കൃത്യമായി പറഞ്ഞ് അവസാനിപ്പിക്കുന്നുണ്ട്. 


എന്റെ അഭിപ്രായം


മാറുന്ന കാലത്തിനൊപ്പം മാറി ചിന്തിക്കുന്ന ഒരു നടൻ നമുക്ക് ഉള്ളത് കൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് കാതൽ. അതുകൊണ്ട് തന്നെ എല്ലാവരും പ്രായഭേദമെന്യേ തീർച്ചയായും കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട, മനസ്സിലാക്കേണ്ട വിഷയം മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയാണ് കാതൽ. മമ്മൂട്ടി എന്ന മഹാ മേരുവിന്റെ കരിയറിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി മാറുന്നുണ്ട് മാത്യു ദേവസി. 


#Naaz373 😊

Comments