FALIMY (2023) MOVIE REVIEW

 


ഫാലിമി (2023)

സംവിധാനം:- നിതീഷ് സഹദേവ്


ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, പിന്നെ ഒരുപിടി പുതുമുഖങ്ങളും അണിനിരന്ന് നവാഗതനായ നിതീഷ്‌ സഹദേവ് സംവിധാനം ചെയ്ത് തിയറ്റർ റിലീസായി വന്ന ഫാമിലി ഫീൽഗുഡ് എന്റർടൈനർ സിനിമയാണ് ഫാലിമി. 


സിനിമയുടെ പേര് പോലെ കുത്തഴിഞ്ഞ പുസ്തകം പോലൊരു കുടുംബം, അതിൽ ഉൾപ്പെടുന്ന ഓരോരുത്തരുടെയും ജീവിതം, അതിനിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ, ഇതെല്ലാം നർമ്മത്തിൽ ചേർത്ത് ഒട്ടും ബോറടിപ്പിക്കാതെ തുടക്കം മുതൽ അവസാനം വരെ ഒരു പുഞ്ചിരിയോട് കൂടി കണ്ടിറങ്ങാൻ പറ്റുന്ന മനോഹരമായ സിനിമ. ഒരുപാട് കാലത്തിന് ശേഷം ഞാൻ മനസ്സ് തുറന്നു ചിരിച്ചത് ഈ സിനിമയ്ക്ക് ആണെന്ന് നിസംശയം പറയും. കാരണം നമ്മുടെ കുടുംബങ്ങളിൽ നടക്കുന്ന പല കാര്യങ്ങളും ഈ സിനിമയിൽ നിങ്ങൾക്ക് കാണാം. 


അച്ഛൻ, അമ്മ, മക്കൾ, മുത്തച്ഛൻ, അയൽപക്കത്തെ ആളുകൾ, മാമി, കൂട്ടുകാർ, കാമുകി, അങ്ങനെ സിനിമയിൽ വന്ന് പോകുന്നവർക്ക് എല്ലാം നല്ല സ്‌പേസ് കൊടുക്കാനും അവരെ കൊണ്ട് മികച്ച രീതിയിൽ അത് പെർഫോം ചെയ്യിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. അത് തന്നെയാണ് ഈ സിനിമയുടെ ആത്യന്തിക വിജയത്തിനും, ഇപ്പോഴും നിലക്കാതെ തുടരുന്ന കുടുംബ പ്രേക്ഷകരുടെ തിയേറ്ററിലേക്കുള്ള പ്രവാഹത്തിനും കാരണം. 


പോസിറ്റീവ്


കാസ്റ്റിങ് :- സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ, പകരം വെക്കാനില്ലാത്ത നല്ല കിടിലൻ കാസ്റ്റിങ്ങും അത് ഗംഭീരമായി അവതരിപ്പിച്ചു കയ്യടി നേടാനും കഴിവുള്ള കലാകാരന്മാർ ഈ സിനിമയ്ക്ക് മുതൽക്കൂട്ടായി. അതിൽ തന്നെ മുത്തച്ഛൻ വേഷം ചെയ്ത മീനരാജ് പള്ളുരുത്തി എന്ന സീനിയർ നടനും, അദ്ദേഹത്തിന്റെ തന്നെ അയൽപക്കത്തെ കൂട്ടുകാരൻ ആയി വന്ന നടനും ഉജ്വലമായ പ്രകടനം കൊണ്ട് ഒരേസമയം ചിരിപ്പിക്കുകയും കണ്ണ് നിറയ്ക്കുകയും ചെയ്തു. 


സംഗീതം :- വിഷ്ണു വിജയ് - ഈ പേര് ഇപ്പോൾ സിനിമാ പ്രേമികൾക്ക് സുപരിചിതമാണ്. ഗപ്പിയിൽ തുടങ്ങി തല്ലുമാലയും കഴിഞ്ഞു ഇപ്പോൾ ഫാലിമിയിൽ എത്തി നിൽക്കുന്ന മികച്ച സംഗീത സംവിധായകൻ. സിറ്റുവേഷൻ അനുസരിച്ചുള്ള പാട്ടുകളും ബിജിഎം. സിനിമയുടെ ഒഴുക്കിനൊപ്പം പോകുന്ന മ്യൂസിക്.


പെർഫോമൻസ് :- ചെറുത് മുതൽ വലിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ വരെ ഗംഭീരം ആക്കിയ സിനിമ. ജഗദീഷ് ചേട്ടൻ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കരിയർ ഫേസിൽ കൂടിയാണ് പോകുന്നത്. ഓരോ സിനിമയിലും അത് പ്രകടമാണ്. നെഗറ്റീവ് റോൾ ആയാലും മെയിൻ റോളിൽ ആയാലും അദ്ദേഹം തന്റെ വേഷം വൃത്തിയായി ചെയ്യുന്നത് നമ്മൾ കാണുന്നതാണ്. ഒപ്പം കട്ടയ്ക്ക് ഭാര്യയായി തകർപ്പൻ പ്രകടനം നടത്തി മഞ്ജു പിള്ള ചേച്ചിയുമുണ്ട്. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ സീനുകൾ എല്ലാം ഒന്നിനൊന്നു മികവുറ്റത് ആയിരുന്നു. ബേസിൽ ജോസഫ് ഒരേസമയം സംവിധായകനായും നടനായും തിളങ്ങുന്ന കാഴ്ച സന്തോഷം നൽകുന്നു. കുടുംബ ചിത്രങ്ങളിലെ ഒരു അവിഭാജ്യ ഘടകമായി ബേസിൽ മാറി കഴിഞ്ഞിരിക്കുന്നു. 


ടെക്നിക്കൽ സൈഡ് നോക്കിയാൽ എഡിറ്റിംഗ്, വിഷ്വൽസ് ഉൾപ്പെടെ എല്ലാം നന്നായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവർക്കും അതിന്റെ ക്രെഡിറ്റിൽ തുല്യ പങ്കുണ്ട്.


നെഗറ്റീവ്


ഞാൻ ഈ സിനിമയിൽ യാതൊരു നെഗറ്റീവും കണ്ടില്ല. മറിച്ച് ഞാൻ ഇതിൽ എന്നെയും എന്റെ കുടുംബത്തെയുമാണ് കണ്ടത്. സിനിമയുടെ Aspect Ratio കുറച്ചത് തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പിന്നീട് അതൊന്നും ശ്രദ്ധിച്ചില്ല. കാരണം സിനിമ അത്രയ്ക്ക് എൻഗേജിങ് ആയിരുന്നു. രണ്ട് മണിക്കൂർ പോയതറിഞ്ഞില്ല.


എന്റെ അഭിപ്രായം


ഫാമിലിയോട് ഒപ്പമോ ഫ്രണ്ട്സിന് ഒപ്പമോ ഇപ്പോൾ തിയേറ്ററിൽ പോയി കാണാൻ ഏറ്റവും ബെസ്റ്റ് ചോയ്സ് ഈ സിനിമയാണ് എന്ന് ഞാൻ പറയും. തുടക്കം മുതൽ ഒടുക്കം വരെ മനസ്സ് നിറഞ്ഞ് ചിരിക്കാനും, ഹൃദയം നിറഞ്ഞു അനുഭവിക്കാനും പിന്നെ ഒരിത്തിരി കണ്ണ് നിറയ്ക്കുകയും ചെയ്യുന്ന സിനിമ. കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന സിനിമകൾ വളരെ വിരളമായി ഇറങ്ങുന്ന ഈ സമയത്ത് ഈ സിനിമ ഒരു ആശ്വാസമാണ്, അനുഗ്രഹമാണ്...

ഈ ഫാമിലി നിങ്ങളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും, കുറച്ചു കരയിപ്പിക്കും...❤️


Highly Recommended 💯


#Naaz373 😊

Comments