NERU (2023) MOVIE REVIEW

 


നേര് (2023)

സംവിധാനം:- ജീത്തു ജോസഫ്


മലയാള സിനിമയിൽ നാഴികക്കല്ല് ആയി മാറിയ ദൃശ്യം എന്ന അത്ഭുതം സംഭവിച്ചതിന്റെ പത്താം വാർഷികത്തിൽ അതേ ടീം വീണ്ടും ഒന്നിച്ച് വന്ന സിനിമയ്ക്ക്, എന്നാൽ തീരെ ഹൈപ്പ് ഉണ്ടായിരുന്നില്ല. മോഹൻലാൽ എന്ന നടന്റെ മോശം സമയം ആയിരുന്നു അതിന് കാരണം. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കി കൊണ്ട് സിനിമ ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയിരുന്നു. ജോലി സംബന്ധമായ തിരക്കുകൾ കാരണം ഇന്നാണ് എനിക്ക് സിനിമ കാണാൻ സാധിച്ചത്. 


സിനിമയിലേക്ക് വന്നാൽ സാറ എന്ന അന്ധയായ പെണ്കുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ മോശമായ ഒരു സംഭവം, അതിന്റെ നേര് തേടിയുള്ള നിയമ യുദ്ധവും അതിന്  അവർ വിജയ മോഹൻ എന്ന വക്കീലിന്റെ സഹായം തേടുന്നു. എന്നാൽ വിജയ മോഹൻ തന്റെ കരിയറിന്റെ ഏറ്റവും മോശം ഫേസിലൂടെ കടന്ന് പോകുകയായിരുന്നു. ആ കേസ് ഏറ്റെടുക്കുന്നതിന് ശേഷമുള്ള കോടതി വ്യവഹാരങ്ങളിലൂടെയാണ് പിന്നീടുള്ള സിനിമയുടെ സഞ്ചാരം. 


സിനിമയുടെ മുക്കാൽ ഭാഗവും കോടതി മുറിയുടെ ഉള്ളിൽ ആണെങ്കിലും പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് യാതൊരു വിധ ബോറടിയോ ലാഗോ ഫീൽ ചെയ്തില്ല. അതിന്റെ പ്രധാന കാരണം ജീത്തു ജോസഫിന്റെ ശക്തമായ തിരക്കഥ തന്നെയാണ്. 


നേര് എന്ന സിനിമ മോഹൻലാൽ എന്ന നടന്റെ തിരിച്ചു വരവ് എന്ന് ഞാനൊരിക്കലും പറയില്ല. കാരണം തിരിച്ചു വരാനായി അദ്ദേഹം എവിടേക്കും ഒളിച്ചോടി പോയിട്ടില്ല. ചില സിനിമകൾ തിരഞ്ഞെടുത്തതിലെ പോരായ്മ കൊണ്ട് മാത്രം പിന്തള്ള പെട്ട് പോയി എന്നല്ലാതെ മോഹൻലാൽ എന്ന നടൻ വേറെ എങ്ങോട്ടും പോയിട്ടില്ല. പിന്നെ അദ്ദേഹത്തിന്റെ പവർ എന്തെന്ന് ജയിലറിൽ നമ്മൾ കണ്ടതാണ്. പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ ഇപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന മനുഷ്യൻ ആണ് മോഹൻലാൽ. 


പോസിറ്റീവ്


ജീത്തു ജോസഫിന്റെ സ്ക്രിപ്റ്റ്


അനശ്വര രാജന്റെ ഗംഭീര പെർഫോമൻസ് - പേഴ്സണലി എനിക്ക് തീരെ താൽപ്പര്യം തോന്നാത്ത ഒരു നടിയായിരുന്നു ഇവർ. എന്നാൽ ഈ സിനിമയുടെ നട്ടെല്ല് ആയ സാറ എന്ന കഥാപാത്രം ആയി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞു. അതിൽ പൂർണമായും വിജയിക്കുകയും ചെയ്തു. 


മോഹൻലാൽ ഫാക്ടർ - ആർക്ക് വേണമെങ്കിലും ചെയ്യാവുന്ന കഥാപാത്രം ആണെങ്കിൽ കൂടിയും മോഹൻലാൽ എന്ന നടൻ ഈ സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരുന്നു. ക്ലൈമാക്സിൽ പ്രിയാമണിയുടെ കഥാപാത്രം പറഞ്ഞ ആ ഡയലോഗ് സിനിമ കണ്ട് കഴിഞ്ഞ ഓരോരുത്തരും മനസ്സിൽ പലവട്ടം പറഞ്ഞു കാണും -  "I am Happy that you are back"


സിദ്ധീഖ്, ജഗദീഷ് ഉൾപ്പെടെയുള്ള മറ്റ് താരങ്ങളുടെ മികച്ച പ്രകടനങ്ങൾ.


നെഗറ്റീവ്


ചിലയിടങ്ങളിൽ മേകിങ്ങിൽ ഫീൽ ചെയ്ത പോരായ്മകൾ. ഒരു സിനിമാറ്റിക് ഫീൽ കൊണ്ട് വരാൻ കഴിയാത്ത പോലെ തോന്നി. സിനിമ കാണാൻ ഇതൊരു വലിയ പ്രശ്നം അല്ലെങ്കിൽ കൂടിയും എനിക്ക് അങ്ങനെ ഫീൽ ചെയ്തത് കൊണ്ട് പറഞ്ഞു എന്നു മാത്രം. ശാന്തി മായാദേവിയുടെ അസഹനീയമായ വലിഞ്ഞു കയറ്റം നല്ല കല്ല് കടിയായി തോന്നി. ആ കഥാപാത്രം ഇല്ലെങ്കിലും സിനിമ മുന്നോട്ടു പോകുമായിരുന്നു. എന്നിട്ടും അനാവശ്യമായി കുത്തി കേറ്റിയ കഥാപാത്രം ആയി മുഴച്ചു നിന്നു. 


എന്റെ അഭിപ്രായം


ഒരു ഗംഭീര തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന സിനിമ എന്നൊന്നും പറയാനില്ലെങ്കിലും അത്യാവശ്യം ഒരു തവണ കാണാവുന്ന, സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്ത് അത് മികച്ച രീതിയിൽ അവതരിപ്പിച്ച നല്ലൊരു സിനിമയാണ് നേര് എന്ന് പറയാം. മേക്കിങ്ങിൽ കുറേക്കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഇതിനേക്കാൾ മികച്ച ഔട്പുട്ട് കിട്ടുമായിരുന്നു എന്ന് തോന്നി - അഭിപ്രായം തികച്ചും വ്യക്തിപരം.


#Naaz373 😊

Comments