MALAIKOTTAI VAALIBAN (2024) MALAYALAM MOVIE REVIEW

 



മലൈക്കോട്ടൈ വാലിബൻ (2024)

ഒരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം


സിനിമ അനൗൺസ് ചെയ്ത അന്നുമുതൽ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന കോമ്പോ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി. ഈ രണ്ടു പേരുകൾ തന്നെയാണ് എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച പ്രധാന ഘടകം. സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ടീസർ എല്ലാം പ്രതീക്ഷ നൽകുന്നതായിരുന്നു അതുകൊണ്ടു തന്നെയാണ് ഫസ്റ്റ് ഡേ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിനോടൊപ്പം എടുത്തുപറയേണ്ട ഒരു കാര്യം കൂടി ഉണ്ട് ഇപ്പോഴത്തെ സിനിമകൾക്ക് പ്രമോഷന് വേണ്ടി അതിൻറെ അണിയറ പ്രവർത്തകർ അനാവശ്യമായ ഹൈപ്പ് കൊടുക്കുന്നത് വളരെ അരോചകമായ ഒരു കാര്യമായി തോന്നുന്നുണ്ട് അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടിനു പാപ്പച്ചൻ തന്റെ ഇൻറർവ്യൂവിൽ ഈ സിനിമയെ കുറിച്ച് പറഞ്ഞത്. തികച്ചും അനാവശ്യമായ ഇതുപോലെയുള്ള പരാമർശങ്ങൾ ആ സിനിമയെ നെഗറ്റീവ് ആയി ബാധിക്കാൻ സാധ്യത വളരെ കൂടുതലാണ്. ലാലേട്ടൻ ഇൻട്രോയിൽ തിയറ്റർ കുലുങ്ങും എന്നായിരുന്നു ടിനു അന്ന് പറഞ്ഞത്. എന്നാൽ ഇന്ന് അത് സിനിമയ്ക്ക് തന്നെ പ്രതികൂലമായി ബാധിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. ഇനിയെങ്കിലും അണിയറ പ്രവർത്തകർ ഈ പ്രവണത ഒഴിവാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 


സിനിമയിലേക്ക് വന്നാൽ മോഹൻലാൽ, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, തുടങ്ങി ഒരുപാട് മികച്ച അഭിനേതാക്കൾ ഉണ്ടായിരുന്നു. അതേപോലെ ക്യാമറയ്ക്ക് പിന്നിലും  മികവുറ്റ ഒരു ടീം ഉണ്ടായിട്ടും സിനിമയ്ക്ക് പ്രേക്ഷകനുമായി കണക്റ്റ് ആവാൻ കഴിയാതെ പോയ കാഴ്ചയാണ് സിനിമയിൽ ഉടനീളം കണ്ടത്. ലിജോ എന്ന സംവിധായകന്റെ മുൻ ചിത്രങ്ങൾ കണ്ടും പറഞ്ഞും എഴുതിയും അയാളെ അത്രയ്ക്ക് ഇഷ്ടപെടുന്ന ഒരു ആരാധകൻ എന്ന നിലയിൽ ഞാൻ തുറന്നു പറയും :- സിനിമ എനിക്ക് സെറ്റ് ആയില്ല. അതിനുള്ള കാരണങ്ങൾ വഴിയേ പറയാം.


പണ്ടത്തെ അമ്മൂമ്മ കഥകളിലും, അമർ ചിത്രകഥ കളിലും നമ്മൾ കണ്ടും കേട്ടും അറിഞ്ഞത് പോലെയുള്ള ഒരു സാങ്കൽപിക കഥയാണ് സിനിമയുടേത്. എന്നാൽ അത് ആർക്കും ഊഹിക്കാവുന്നതും വളരെ എളുപ്പത്തിൽ പ്രെഡിക്ട് ചെയ്യാവുന്നതും ആയിരുന്നു. എന്നിട്ടും വാലിബന്റെ ആ ലോകവുമായി പ്രേക്ഷകരെ കണക്ട് ചെയ്യാൻ ലിജോയ്ക്ക് കഴിഞ്ഞില്ല. അവിടെയാണ് ഈ സിനിമ പാളി തുടങ്ങിയത്. ക്വാളിറ്റി മേക്കിങ്, മികച്ച പ്രകടനം, ബിജിഎം, വിഷ്വൽസ് ഇവയെല്ലാം ഉണ്ടായിട്ടും അതിനുള്ളിൽ നമ്മെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരു ഐറ്റം ഇല്ലാതെ പോയി. ലിജോയുടെ ഇതുവരെയുള്ള സിനിമകളിൽ ഏറ്റവും വീക്ക് ആയ ചിത്രം ഇതാണെന്ന് കൂടി വളരെ സങ്കടത്തോടെ പറയേണ്ടി വരും. മേക്കിങ് അതിന്റെ മാക്സിമത്തിൽ പുള്ളി തന്നുവെങ്കിൽ പോലും സിനിമ കണ്ടു കഴിയുമ്പോൾ കാണുന്ന പ്രേക്ഷകന് സംതൃപ്തി നൽകുന്ന ആ ഒരു എലമെന്റ് സിനിമയിൽ മിസിങ് ആണ്. 


പോസിറ്റീവ്


ലിജോ ജോസ് പെല്ലിശ്ശേരി ലെവൽ മേക്കിങ് 

ഒരു പരിധിവരെ അങ്ങേരുടെ ക്വാളിറ്റി ഓഫ് മേക്കിങ് സിനിമയെ താങ്ങി നിർത്തി. എന്നാൽ സെക്കന്റ് ഹാഫിലേക്ക് ഒക്കെ വരുമ്പോൾ അത് കൈവിട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്. എന്നിരുന്നാലും കാത്തിരിക്കുന്നു അങ്ങേരുടെ അടുത്ത സിനിമയ്ക്കായി.

Because Once A LJP Fan is Always A LJP Fan 💯


മലയാളത്തിന്റെ മോഹൻലാൽ

ലാലേട്ടൻ തന്റെ മാക്സിമം തന്നെ സിനിമയ്ക്ക് നൽകിയിട്ടുണ്ട്. എന്നിട്ട് പോലും അതിനെ നല്ലൊരു സ്ക്രിപ്റ്റിലേക്ക് കൺവേർട്ട് ചെയ്യാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആയില്ല. സിനിമയുടെ നട്ടെല്ല് ഈ മനുഷ്യൻ തന്നെയാണ്. പക്ഷേ അതിനും ഒരു പരിധി ഉണ്ടെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസിലായി. 


ടെക്നിക്കൽ ക്വാളിറ്റി + ബിജിഎം + കളർ ഗ്രേഡിങ് + സൗണ്ട് ഡിസൈൻ

രംഗനാഥ്‌ രവിയുടെ സൗണ്ട് മിക്സിങ്, പ്രശാന്ത് പിള്ളയുടെ വൈൽഡ് ആയ എന്നാൽ വളരെ പതിഞ്ഞ ബിജിഎം, മധു നീലകണ്ഠന്റെ ഗംഭീര വിഷ്വൽസ്, വിക്രം മൂർ, സുപ്രീം സുന്ദർ എന്നിവർ ചെയ്തു മനോഹരമാക്കിയ ഒരുപിടി ആക്ഷൻ രംഗങ്ങൾ ഇവയെല്ലാം സിനിമയുടെ പോസിറ്റീവ് ആണ്. 


നെഗറ്റീവ്


എഡിറ്റിങ് ഡിപ്പാർട്ട്‌മെന്റ് വൻ പരാജയം ആണെന്ന് പറയേണ്ടി വരും. കാരണം അനാവശ്യമായി കൊണ്ട് വന്ന സ്ലോ മോഷൻ സിനിമയെ പിന്നോട്ട് വലിച്ചപ്പോൾ അതിനെ വേണ്ട വിധം ട്രിം ചെയ്യാൻ പറ്റാത്ത പോയത് സിനിമയ്ക്ക് നല്ല ലാഗ് ഫീൽ ചെയ്യിപ്പിച്ചു. രണ്ടേ മുക്കാൽ മണിക്കൂർ അടുത്തുള്ള സിനിമ ചിലപ്പോഴൊക്കെ എങ്ങനെ എങ്കിലും ഒന്ന് തീർന്ന് കിട്ടിയിരുന്നേൽ എന്ന് ആശിച്ചു പോയി. ദൈർഘ്യം കൂടിയ സ്റ്റാറ്റിക് ഷോട്ടുകൾ ഉണ്ടെങ്കിൽ പോലും അതിനേക്കാൾ ദൈർഘ്യം ഉള്ള ഡയലോഗ് സീനുകൾ ആണ് കൂടുതൽ അസഹനീയമായി തോന്നിയത്. 


ചില വിദേശ നടന്മാരുടെ പെർഫോമൻസ് + അവരുടെ ഡബ്ബിങ് - അതിൽ തന്നെ റാണിയെ കൊണ്ട് മലയാളം നിർബന്ധിപ്പിച്ചു പറയിപ്പിക്കാൻ ശ്രമിച്ചത് ഒക്കെ വൻ ശോകമായി മാത്രമേ തോന്നിയുള്ളൂ. അതുപോലെ നെഗറ്റീവ് റോൾ ചെയ്ത ഒരു വിദേശ താരവും മത്സരിച്ചു വെറുപ്പിച്ചു. അയാളും മലയാളത്തെ കൊന്ന് കൊല വിളിച്ചു പോയിട്ടുണ്ട്. 


ക്ലൈമാക്സ് + പ്രീ ക്ലൈമാക്സ് സീനുകൾ:-

ഈ ഭാഗം ഒക്കെ വന്നപ്പോൾ നല്ല ക്രിഞ്ച് ഫീൽ ചെയ്തു എന്ന് മാത്രമല്ല ഇതെന്താ വല്ല നാടക മത്സരം ആണോ എന്നുവരെ തോന്നിപ്പോയി. ക്ലൈമാക്സിൽ കൊണ്ട് വന്ന രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ക്യാരക്ടർ ബിൾഡ് അപ്പും ലെയറിങ്ങും എനിക്ക് അത്രയ്ക്ക് കൺവിൻസിങ് ആയി തോന്നിയില്ല. ശരിക്കും രണ്ടാം ഭാഗം എന്തിനാണ് എന്ന് ഞാൻ ചിന്തിച്ചു പോയി. ഇതൊക്കെ ഒരൊറ്റ സിനിമ കൊണ്ട് തീർക്കേണ്ട കഥയെയുള്ളൂ. ഇനി ഒരുപക്ഷേ വാലിബനെ ഒരു സൂപ്പർഹീറോ പരിവേഷം നൽകാൻ ആയിരുന്നോ എന്നും തോന്നിപ്പോയി ആ ക്ലൈമാക്സ് കണ്ടപ്പോൾ. കൂടുതൽ പറഞ്ഞു സ്പോയിൽ ചെയ്യുന്നില്ല. ബാക്കി നിങ്ങൾ കണ്ടറിയുക. 


എന്റെ അഭിപ്രായം


ആകെ മൊത്തം ഒരു ലിജോ ജോസ് സിനിമ എന്ന നിലയിൽ തീർത്തും ശരാശരി യോ അല്ലെങ്കിൽ അതിന് ലേശം കൂടി മുകളിലോ വരുന്ന ഒരു എക്സ്പീരിയൻസ് ആയിട്ടെ മലൈക്കോട്ടൈ വാലിബൻ എന്ന ഈ ഫോൾക് ഫാന്റസി സിനിമയെ എനിക്ക് കാണാൻ കഴിയൂ. നല്ലൊരു എൻഗേജിങ് ആയ സ്ക്രിപ്റ്റിൽ ലിജോ പണിയെടുത്തിരുന്നു എങ്കിൽ കുറേക്കൂടി നല്ലൊരു ഔട്ട്പുട്ട് നമുക്ക് കിട്ടിയേനെ. എന്തായാലും തിയറ്ററിൽ ഒരുതവണ എക്സ്പീരിയൻസ് ചെയ്യാനുള്ള ചേരുവകൾ എല്ലാമുള്ള എന്നാൽ അതിനെ വേണ്ട വിധത്തിൽ യൂസ് ചെയ്യാൻ പറ്റാതെ പോയ ഒരു ആവറേജ് ട്രൈ എന്ന രീതിയിൽ മാത്രമേ എനിക്ക് വ്യക്തിപരമായി ഈ സിനിമയെ കുറിച്ച് പറയാനാവൂ. 


ഇതുവരെ കണ്ടതെല്ലാം പൊയ്,

ഇനി കാണ പോവത് നിജം...

രണ്ടാം ഭാഗം എന്താകുമോ എന്തോ...

സ്വന്തം റിസ്കിൽ കാണുക,

സ്വന്തം അഭിപ്രായം പറയുക.


ലിജോയിൽ നിന്നുള്ള ആദ്യ മോശം സിനിമ

എന്നാൽ പോലും അന്നും ഇന്നും ഇനിയങ്ങോട്ടും ഇങ്ങേർ എന്റെ ഫേവറിറ്റ് ഡയറക്ടർ തന്നെ ആയിരിക്കും. 


#Naaz373 😊

Comments

Post a Comment