PARKING (2023) TAMIL MOVIE REVIEW

 


PARKING (2023)

A Film by Ramkumar Narayanan


രാംകുമാർ നാരായണൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു ഹരീഷ് കല്യാൺ, എം എസ് ഭാസ്കർ, ഇന്ദുജ രവിചന്ദ്രൻ തുടങ്ങിയവർ അഭിനയിച്ച് മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമയാണ് പാർക്കിംഗ്. 


മലയാളത്തിൽ ഇതേ തീമിൽ വന്ന സിനിമകളാണ് അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസൻസ് എന്നിവ. രണ്ടുപേർ തമ്മിലുള്ള ഈഗോ ക്ലാഷും അതിനെ തുടർന്ന് സംഭവിക്കുന്ന കാര്യങ്ങൾ ആണ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒരു ചെറിയ പ്ലോട്ടിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടു മണിക്കൂർ സിനിമ ഒരിക്കൽ പോലും ലാഗ് അടിപ്പിക്കാതെ എൻഗേജിങ് ആയി കൊണ്ടുപോകുവാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞു. 


ചെറിയ സിനിമകൾ മികച്ച അഭിപ്രായം നേടുന്നത് തമിഴിൽ ഇപ്പോൾ സ്ഥിരമാണ്. ആ കൂട്ടത്തിൽ ഈ സിനിമയും ചേർത്തു പറയാം. വളരെ ചെറിയൊരു കഥ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഒരു സിനിമ ഒരുക്കുക എന്നത് നിസ്സാര കാര്യമല്ല. അതുകൊണ്ടുതന്നെ ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ നല്ലൊരു എഫർട്ട് എടുത്തിട്ടുണ്ട്.


പോസിറ്റീവ്


പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരീഷ് കല്യാൺ, എം എസ് ഭാസ്കർ എന്നിവരുടെ ഗംഭീര പെർഫോമൻസുകൾ. ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന രീതിയിൽ തന്നെ അവതരിപ്പിക്കുവാൻ രണ്ടുപേർക്കും സാധിച്ചു. അതിൽ തന്നെ എം എസ് ഭാസ്കറിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ഞാൻ ആദ്യമായാണ് അദ്ദേഹത്തിൻ്റെ ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം കാണുന്നത്. ആ കഥാപാത്രത്തെ അതിൻ്റെ പൂർണ്ണതയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതേപോലെ കൂടെ അഭിനയിച്ചവരും അവരവരുടെ റോളുകൾ മികച്ചതാക്കി.


സിനിമയ്ക്ക് അനുയോജ്യമായ സ്ക്രിപ്റ്റ്. വളരെ കയ്യടക്കത്തോടെ തന്നെ തിരക്കഥയിൽ വർക്ക് ചെയ്യാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. പറയേണ്ട കാര്യം വൃത്തിയായി പറഞ്ഞു വെക്കുവാനും അത് പ്രേക്ഷകന് കണക്റ്റ് ചെയ്യുവാനും എഴുത്തിന് സാധിച്ചു. അനാവശ്യമായ ഒരു സീനും സിനിമയിൽ ഉള്ളതായി തോന്നിയില്ല. മാത്രമല്ല വലിച്ചു നീട്ടാതെ പറയാനുള്ള കാര്യം മാത്രം പറഞ്ഞുവെക്കാൻ സംവിധായകൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 


നെഗറ്റീവ്


എനിക്ക് കാര്യമായ നെഗറ്റീവുകൾ ഒന്നും തന്നെ തോന്നിയില്ല എങ്കിൽ പോലും കഥയിലെ പ്രൊഡക്റ്റബിലിറ്റി ചെറുതായി ഫീൽ ചെയ്തു. ചില സീനുകൾ നമുക്ക് ഊഹിക്കാൻ സാധിക്കും. അതേപോലെ ക്ലൈമാക്സ് എന്താകും എന്നും നമുക്ക് നേരത്തെ മനസ്സിലാക്കാം. ഇത് ഒഴിവാക്കിയാൽ നല്ലൊരു ത്രില്ലർ സിനിമ തന്നെയാണ് പാർക്കിംഗ്.


എൻറെ അഭിപ്രായം


ചെറിയൊരു കഥയെ വികസിപ്പിച്ചു കൊണ്ട് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള, തുടക്കം മുതൽ ഒടുക്കം വരെ എൻഗേജ് ചെയ്യിക്കാൻ സാധിച്ച നല്ലൊരു ത്രില്ലർ സിനിമയാണ് പാർക്കിംഗ്. എം എസ് ഭാസ്കർ എന്ന നടൻ്റെ ഗംഭീര പെർഫോമൻസ് കൊണ്ടും സിനിമ കണ്ടിരിക്കാം. തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയുടെ കൂട്ടത്തിൽ ഈ വർഷം ഈ സിനിമയും ചേർത്തുവെക്കാം.


#Naaz373 😊

Comments