ആട്ടം / THE PLAY (2023) MOVIE REVIEW

 



ആട്ടം (2023)

സംവിധാനം:- ആനന്ദ് ഏകർഷി


വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, സെറീൻ ഷിഹാബ്, സുധീർ ബാബു പിന്നെ പേരറിയാത്ത കുറച്ചു നടന്മാർ അങ്ങനെ ഒരുകൂട്ടം പുതുമുഖങ്ങൾ അണിനിരന്ന ഇക്കഴിഞ്ഞ ഐഎഫ്എഫ്കെയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു ആട്ടം. 


പുതുമുഖങ്ങൾ ഒട്ടേറെ ഉണ്ടായിട്ട് പോലും സിനിമ ഒരിക്കൽ പോലും അമച്വർ ആയി തോന്നിയില്ല എന്ന് മാത്രമല്ല രണ്ടര മണിക്കൂർ ത്രൂ ഔട്ട് എൻഗേജിങ് ആയി കൊണ്ട് പോകാനും സംവിധായകന് കഴിഞ്ഞു. സിനിമ റിലീസ് ചെയ്തത് മുതൽ എല്ലായിടത്തും നിന്നും ലഭിച്ച നല്ല അഭിപ്രായങ്ങൾ സത്യം ആയിരുന്നു എന്ന് സിനിമ കണ്ട കഴിഞ്ഞപ്പോൾ മനസിലായി. അല്ലെങ്കിലും പുതിയ പിള്ളേർ ആണ് ഇന്ന് മലയാള സിനിമയുടെ തലവര മാറ്റുന്നത്. ഏറെ സന്തോഷം പകരുന്ന, പ്രതീക്ഷ നൽകുന്ന കാര്യമാണ് അത്. 


നമ്മുടെ യവനിക സിനിമയുമായി തെറ്റില്ലാത്ത സമാനതകൾ എനിക്ക് തോന്നി. എന്നാൽ പോലും ഇന്നത്തെ കാലത്തും ഏറെ പ്രസക്തമായ വിഷയം, അതിന്റെ ഗൗരവം ഒട്ടും ചോർന്ന് പോകാതെ ഗംഭീരമായി അവതരിപ്പിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. ഒരു നാടക ഗ്രൂപ്പ്, അതിനുള്ളിൽ ഉള്ള പതിനൊന്ന് പേർ, അവരുടെ സ്വഭാവ വൈവിധ്യങ്ങൾ, അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ, അങ്ങനെ ഒരു കൂട്ടായ്മയ്ക്കുള്ളിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടാകുന്ന വളരെ ഗൗരവകരമായ ഒരു വിഷയം, അതിൽ അവർ എടുക്കുന്ന തീരുമാനം, അതിൽ എത്തിച്ചേരുന്ന വരെയുള്ള സംഭവ ബഹുലമായ സഞ്ചാരമാണ് ഈ സിനിമ എന്ന് ചുരുക്കി പറയാം. 


പോസിറ്റീവ്


ആനന്ദ് ഏകർഷി എന്ന എഴുത്തുകാരന്റെ ക്രാഫ്റ്റ് ആണ് ഈ സിനിമ. വളരെ ഗ്രിപ്പിങ് ആയിട്ടുള്ള എഴുത്താണ് ഈ സിനിമയുടെ പ്രത്യേകത. എവിടെയെങ്കിലും ഒന്ന് ചെറുതായി പാളിയാൽ പോലും കയ്യിൽ നിന്നും പോകുന്ന വളരെ സിംപിൾ ആയ എന്നാൽ അതേസമയം തന്നെ സീരിയസ് ആയ ഒരു കഥാ പരിസരത്തെ മികവുറ്റ രീതിയിൽ എക്സിക്യൂട്ട് ചെയ്യാൻ സംവിധായകന് സാധിച്ചു. 


പെർഫോമൻസ് - വന്നവരും പോയവരും ഉൾപ്പെടെ എല്ലാവരും ഞെട്ടിച്ച പ്രകടനം നടത്തിയ സിനിമ. എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ എന്റെ കണ്ണുകൾ ഉടക്കി നിന്നത് ഒരു നടനിൽ ആയിരുന്നു. ബിഗ് ബി യിൽ ആണ് ഞാൻ അങ്ങേരെ ആദ്യമായും അവസാനമായും കാണുന്നത്. പിന്നെ അങ്ങനെ എവിടെയും കണ്ടില്ല. പേര് പോലും അറിയില്ല. എന്നാൽ ഈ സിനിമയിൽ അദ്ദേഹത്തെ സെൽവൻ ചേട്ടൻ എന്ന ഒരു മുഴുനീള വേഷത്തിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഇത്രയും കാലിബർ ഉള്ള നടനെ നാം വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല. എന്നാൽ ഇനിയങ്ങോട്ട് ഇങ്ങേരെ സിനിമാക്കാർ തേടിയെത്തും. അതുപോലുള്ള ഗംഭീര പെർഫോമൻസ്. അദ്ദേഹം മാത്രമല്ല ഒപ്പമുണ്ടായിരുന്ന എല്ലാവരും പുതുമുഖങ്ങളുടെ ആകുലതകൾ ഏതുമില്ലാതെ തകർത്തു. 


ടെക്നിക്കൽ സൈഡ് നോക്കിയാൽ രംഗനാഥ്‌ രവിയുടെ ശബ്ദ മിശ്രണം, അനിരുദ്ധ് അനീഷിന്റെ ഛായാഗ്രഹണം, ബേസിലിന്റെ സംഗീതം, അനീസ് നാടോടിയുടെ കലാ സംവിധാനം, മഹേഷ് ഭുവനിന്ദിന്റെ എഡിറ്റിംഗ് തുടങ്ങി എല്ലാം മികവാർന്നത് തന്നെ ആയിരുന്നു. പശ്ചാത്തലത്തിൽ വരുന്ന മഴ പോലും സിനിമയിൽ ഒരു കഥാപാത്രം ആയി ഫീൽ ചെയ്തു. 


നെഗറ്റീവ്


ഒരുകൂട്ടം പുതിയ ആളുകൾ ഒരുമിച്ച് ഒരു സിനിമ ചെയ്തു അത് ഒരുപാട് ആളുകൾ കണ്ട് നല്ലത് പറഞ്ഞു, കൂടാതെ നേരിട്ട് കണ്ട് എനിക്കും ഇഷ്ടപ്പെട്ടു. എന്നിട്ട് ഇനിയും ഞാൻ ഈ സിനിമ പോസ്റ്റുമോർട്ടം ചെയ്തു നെഗറ്റീവ് എനിക്ക് വേണേൽ പറയാം. പക്ഷേ ഞാൻ അങ്ങനെ ചെയ്താൽ സിനിമ സ്വപ്നം കാണുന്ന എന്നെപ്പോലെ ഒരുപാട് പേരോട് ചെയ്യുന്ന ക്രൂരത ആയിപ്പോകും എന്നത് കൊണ്ട് എനിക്ക് യാതൊരു നെഗറ്റീവും പറയാനില്ല. എല്ലാവരും തിയറ്ററിൽ തന്നെ പോയി കാണുക. തിയറ്ററിൽ കണ്ട് ആസ്വദിക്കാനുള്ള എല്ലാം ഈ സിനിമയിൽ ഉണ്ട്. 


എന്റെ അഭിപ്രായം


പുതിയ പിള്ളേർ വരട്ടെ,

പുതിയ കഥകൾ പിറക്കട്ടെ,

പുതിയ ജീവനുള്ള സിനിമകൾ ഇവിടെ ജനിക്കട്ടെ...


കണ്ടിരിക്കേണ്ട ആട്ടം...👌


#Naaz373 😊

Comments