MANJUMMAL BOYS (2024) MOVIE REVIEW

 


മഞ്ഞുമ്മൽ ബോയ്സ് (2024)

സംവിധാനം:- ചിദംബരം

ജാൻ എ മൻ എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ജീൻ പോൾ ലാൽ, ഗണപതി, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ തുടങ്ങിയ യുവാക്കളുടെ വലിയൊരു നിരയുമായി ഒരു യഥാർത്ഥ സംഭവം ആസ്പദമാക്കി ഇന്ന് റിലീസായ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 

കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും 2006ൽ കുറച്ചു യുവാക്കൾ ഒന്നിച്ച് കൊടയ്ക്കനാൽ ഒരു ട്രിപ്പ് പോകുന്നതും ആ യാത്രയിൽ അവർ ഒരു പ്രത്യേക സ്ഥലത്ത് വെച്ച് ഒരു അപകടം സംഭവിക്കുന്നതും അവിടെ നിന്നും അവർ വളരെ സാഹസികമായി രക്ഷപ്പെട്ടു പുറത്ത് കടക്കുന്നതുമാണ് സിനിമയുടെ പ്രമേയം. ഇത് നിങ്ങളിൽ പലർക്കും അറിയാവുന്ന സംഭവം ആയിരിക്കും. അന്ന് ഈ സംഭവം വലിയ വാർത്ത ആയിരുന്നു. ഈ യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിന്റെ കഥയാണ് സിനിമ പറയുന്നത്. 

സിനിമയുടെ പിന്നിൽ ക്വാളിറ്റിയുള്ള നല്ലൊരു വിഭാഗം ടെക്‌നീഷ്യൻസ് ആണ് വർക്ക് ചെയ്തിരിക്കുന്നത്. ആ ക്വാളിറ്റി സിനിമയിൽ ഉടനീളം കാണാനുമുണ്ട്. 


പോസിറ്റീവ്

സിനിമറ്റൊഗ്രഫി:- ഷൈജു ഖാലിദിന്റെ ഗംഭീര വിഷ്വൽസ് തന്നെയാണ് സിനിമയുടെ ഊർജം എന്ന് പറയുന്നത്. അവരുടെ ആ യാത്രയും ആ സ്ഥലത്തിന്റെ ഭീകരതയും അവരുടെ മാനസിക സംഘർഷങ്ങളും എല്ലാം ഷൈജുക്ക തന്റെ ക്യാമറയിൽ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. തന്റെ ഓരോ വർക്കുകളിലും സ്വന്തമായ ഒരു കയ്യൊപ്പ് പതിപ്പിക്കുന്ന ഒരു ഗംഭീര കലാകാരൻ കൂടിയാണ് ഷൈജു ഖാലിദ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

സംവിധാന മികവ്:- ഒന്ന് ചെറുതായി പാളി പോയാൽ പോലും പിടിവിട്ടു പോകുന്ന സിനിമയെ അത് എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് അതിന്റെ പൂർണ അർത്ഥത്തിൽ വളരെ ക്രിസ്പി ആയിട്ട് അവതരിപ്പിച്ചു കയ്യടി വാങ്ങാൻ ചിദംബരം എന്ന സംവിധായകന് കഴിഞ്ഞു. അതുകൊണ്ട് തന്നെ സിനിമയിൽ വലിച്ചു നീട്ടലുകളോ, അനാവശ്യ സീനുകളോ ഇല്ല. രണ്ടേകാൽ മണിക്കൂർ കൊണ്ട് പ്രേക്ഷകനെയും ആ പ്രത്യേക സ്ഥലത്ത് അവർക്കൊപ്പം ലോക്ക് ചെയ്ത് ഇടാൻ സംവിധാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. 

മ്യൂസിക് ഡിപ്പാർട്ട്‌മെന്റ്:- സുഷിൻ ശ്യാം ഈ സിനിമയേക്കുറിച്ചു വളരെ എക്സൈറ്റഡ് ആയി ഒരു കാര്യം പറഞ്ഞിരുന്നു. ഈ സിനിമ മലയാള സിനിമയുടെ തന്നെ സീൻ മാറ്റുമെന്ന്. അത് ഇപ്പോൾ അന്വർത്ഥം ആയെന്നു സന്തോഷത്തോടെ പറയാം. കൂടാതെ പുള്ളിയുടെ വർക്കും സിനിമയ്ക്ക് മുതൽക്കൂട്ട് ആയി മാറി. പാട്ടുകളും പശ്ചാത്തല സംഗീതവും ഗംഭീരമായപ്പോൾ ക്ലൈമാക്സിൽ പ്ലെയ്സ് ചെയ്ത ഒരു സോങ് അത് വേറെ ലെവൽ എക്സ്പീരിയൻസ് ആയിരുന്നു. തിയറ്റർ ഒന്നടങ്കം നിശബ്ദത സൃഷ്ടിക്കാനും സുഷിന്റെ സ്കോറുകൾക്ക് ആയി.


നെഗറ്റീവ്

സ്റ്റാർ മെറ്റീരിയൽ ഇല്ലാത്ത ഒരു സിനിമ, ഒരുകൂട്ടം പുതിയ പിള്ളേരുടെ സിനിമ, സംവിധായകന്റെ രണ്ടാം ചിത്രം അങ്ങനെ ഹൈപ്പ് ഫാക്ടർ ഒന്നുമില്ലാതിരുന്ന സിനിമയെ അവരെല്ലാം കൂടി ചേർന്ന് മറ്റൊരു തലത്തിൽ ആണ് എടുത്ത് വെച്ചിരിക്കുന്നത്. ഇതിൽപ്പരം സന്തോഷം വേറെന്തു വേണം. എനിക്ക് യാതൊരു നെഗറ്റീവും പറയാനില്ല. ഞാൻ എന്താണോ പ്രതീക്ഷിച്ചത് അത് ഇരട്ടിയായി തിരിച്ചു കിട്ടിയ സന്തോഷം. 


എന്റെ അഭിപ്രായം

ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത, അഭിനയിച്ച എല്ലാവരും നല്ല രീതിയിൽ പണിയെടുത്ത, സിനിമയ്ക്ക് മുന്നിലും പിന്നിലും ഉള്ളവർ എല്ലാം ഒരു കുടുംബം പോലെ ചെയ്ത സിനിമയാണ് ഇത്. അപ്പോൾ ആ സിനിമ ഒരിക്കലും മോശം ആവില്ല. മഞ്ഞുമ്മൽ ബോയ്സിന്റെ സൗഹൃദം, സന്തോഷം, സ്നേഹം, സങ്കടം, സാഹചര്യം അങ്ങനെ എല്ലാം ഈ സിനിമയിൽ നിങ്ങൾക്ക് കാണാം. ധൈര്യമായി ടിക്കറ്റ് എടുത്തോ, ഈ ബോയ്സ് നിങ്ങളെ നിരാശരാക്കില്ല.

പുതിയ പിള്ളേർ വരണം, എങ്കിലേ ഇനി ഇവിടെ എന്തെങ്കിലും ഒക്കെ നടക്കൂ...

ഈ മാസം തന്നെ വന്ന പ്രേമലു, ഭ്രമയുഗം തുടങ്ങിയ സിനിമകൾ ഗംഭീരമായി ഓടുമ്പോൾ തന്നെ ഇതാ മറ്റൊരു ബ്ലോക്ക്ബസ്റ്റർ കൂടി. അതേ, മലയാള സിനിമയുടെ തലവര മാറുകയാണ്...❤️


#Naaz373 😊

Comments