RORSCHACH (2022) : MOVIE ANALYSIS

 


RORSCHACH (2022)

A FILM BY NISAM BASHEER

പതിവ് കൺവെൻഷണൽ ടെംപ്ലേറ്റ് ത്രില്ലർ പാറ്റേണിൽ നിന്നും മാറി സഞ്ചരിച്ച, ഒരു അതിഗംഭീര സിനിമാ അനുഭവം എന്ന് റോഷാക്ക് നെക്കുറിച്ച് ഒറ്റവാക്കിൽ ഞാൻ പറയും. മലയാളിയുടെ കാഴ്ചാ ശീലത്തെ മറ്റൊരു തലത്തിൽ എത്തിച്ച സിനിമ, അതിലേറെ എന്നെ ഞെട്ടിച്ച കാര്യം നിസാം ബഷീർ എന്ന സംവിധായകന്റെ രണ്ടാം സിനിമയാണ് ഇത് എന്നുള്ളതാണ്. ആദ്യ സിനിമയുമായി യാതൊരു രീതിയിലും ബന്ധം തോന്നാത്ത തികച്ചും വ്യത്യസ്തമായ അയാളുടെ രണ്ടാം സിനിമ. ഒരു തുടക്കകാരൻ എന്ന നിലയിൽ നിസാം ബഷീർ റോഷാക്കിൽ ഞെട്ടിച്ചു എന്ന് നിസ്സംശയം പറയാം. 

മമ്മൂട്ടി കമ്പനിയുടെ ആദ്യ സംരംഭം എന്ന നിലയിൽ നോക്കിയാലും ഇതിലും നല്ലൊരു തുടക്കം കിട്ടാനില്ല. മമ്മൂട്ടി എന്ന നടന്റെ ക്ലാസും മാസ്സും നിറഞ്ഞ ക്യാരക്ടർ ആയിരുന്നു ലൂക്ക് ആന്റണി. മമ്മൂട്ടി യുടെ മാത്രമല്ല സിനിമയിൽ വന്നുപോകുന്ന ഓരോരുത്തരുടെയും കരിയർ ബെസ്റ്റ് എന്ന് അടിവരയിട്ടു പറയാവുന്ന പെർഫോമൻസ്. ബിന്ദു പണിക്കരും ജഗദീഷും ആണ് അതിൽ മുൻപന്തിയിൽ നിൽക്കുന്നത്. നെഗറ്റീവ് റോളിൽ അവർ രണ്ടുപേരും അഴിഞ്ഞാടുകയായിരുന്നു. സ്വന്തം മുഖം ഒരു സീനിൽ പോലും കാണിക്കാതെ മറ്റൊരാൾ സിനിമയിൽ വന്ന് തകർത്തു പോയി - ആസിഫ് അലി. അത് ആ നടന്റെ നല്ല സിനിമകളോടുള്ള താൽപ്പര്യം തന്നെയാണ് സൂചിപ്പിക്കുന്നത്. കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആന്റണി അങ്ങനെ എല്ലാവരും മികച്ച പ്രകടനം നടത്തിയപ്പോൾ സംഗീതം കൊണ്ട് മിഥുൻ മുകുന്ദൻ വിസ്മയിപ്പിച്ചു. പ്രത്യേകിച്ച് ഇംഗ്ലീഷ് സോങ്‌സ് സിനിമയ്ക്ക് ഒരു ഹോളിവുഡ് ടച്ച് നൽകി. നോൺ ലീനിയർ രീതിയിൽ കഥ പറഞ്ഞു പോകുന്ന സിനിമ ഒരു സെക്കന്റ് പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല, എന്ന് മാത്രമല്ല തുടക്കം മുതൽ ഒടുക്കം വരെ ആ സസ്പെൻസ് എലമെന്റ് അതേപോലെ നിലനിർത്തി കൊണ്ട് പോകുന്നുമുണ്ട്. 

സമീർ അബ്ദുൽ എന്ന തിരക്കഥാകൃത്തിന്റെ സിനിമയാണ് റോഷാക്ക്. അത്ര ഗംഭീരമായി ആണ് അദ്ദേഹം എഴുതി വെച്ചിരിക്കുന്നത്. ഒന്ന് ചെറുതായി പാളി പോയാൽ മൊത്തത്തിൽ കയ്യിന്ന് പോകുന്ന ഒരു കഥയെ തീർത്തും വ്യത്യസ്തമായി അവതരിപ്പിക്കാൻ സമീറിന്റെ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്. 

ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ നിമിഷ് രവിയുടെ ക്യാമറയും കിരൺ ദാസിന്റെ കട്ടുകളും, നന്ദു കൃഷ്ണന്റെ കലാ സംവിധാനം, സുപ്രീം സുന്ദറിന്റെ ക്വാളിറ്റി ആക്ഷൻ സീക്വൻസുകൾ ഇവയെല്ലാം തന്നെ ടോപ് ക്വാളിറ്റി ആയിരുന്നു. 

ഈ സിനിമയ്ക്ക് രണ്ടുതരം പ്രേക്ഷകരാണ് ഉള്ളത്. ഒന്ന് - ഈ സിനിമ അസ്ഥിയ്ക്ക് പിടിച്ച് പോയവർ. രണ്ട് - സിനിമ കണ്ടിട്ട് ഒന്നും മനസിലാകാതെ കുറ്റം പറയുന്നവർ. അത് മറ്റൊന്നും കൊണ്ടല്ല, ഇത്തരം സിനിമകൾ ദഹിക്കണം എങ്കിൽ കാണുന്ന പ്രേക്ഷകനും ആ നിലവാരത്തിലേക്ക് ഉയരണം. അല്ലെങ്കിൽ ചിലപ്പോൾ പലർക്കും ഈ സിനിമ ഒരു ഉറക്ക ഗുളികയായി ഫീൽ ചെയ്യും. ഞാൻ എന്തായാലും ഇതിൽ ഒന്നാമത് പറഞ്ഞ കാറ്റഗറിയിലാണ്. അസ്ഥിയ്ക്ക് പിടിച്ച സിനിമ തന്നെയാണ് എന്നെ സംബന്ധിച്ച് റോഷാക്ക്. മാറിയ മലയാള സിനിമയുടെ മാറ്റത്തിന്റെ മുഖം.

#Naaz373 😊

Comments