ആടുജീവിതം - THE GOAT LIFE (2024) : MOVIE REVIEW

 


ആടുജീവിതം : The Goat Life (2024)

A Film by Blessey 


പതിനാറ് വർഷത്തെ ഒരു നടന്റെയും സംവിധായകന്റെയും ചോര നീരാക്കിയുള്ള  കഠിനാദ്ധ്വാനം, ഒരു സംവിധായകന്റെ ആത്മ സമർപ്പണത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും പതിനാറ് വർഷങ്ങൾ, അതിനെല്ലാം ഉപരിയായി നജീബ് എന്ന ഒരു പച്ചയായ മനുഷ്യൻ, അയാൾ മരുഭൂമിയിലെ മണലാരണ്യത്തിൽ കിടന്ന് അനുഭവിച്ച യാതനകളുടെയും വേദനകളുടെയും നേർചിത്രം, അങ്ങനെ എത്ര വിശേഷിപ്പിച്ചാലും മതിയാവാത്ത, എത്ര തവണ വായിച്ചാലും ആദ്യം വായിക്കുന്ന അതേ അനുഭൂതി സമ്മാനിക്കുന്ന, ബെന്യാമിൻ എന്ന എഴുത്തുകാരൻ  ആടുജീവിതം എന്ന പേരിൽ നമുക്ക് തുറന്ന് കാണിച്ച, മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത, ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട, ആ സംഭവ ബഹുലമായ ജീവിതം ബ്ലെസ്സി എന്ന എന്റെ ഇഷ്ട സംവിധായകന്റെ കയ്യൊപ്പോടെ പുറത്തിറങ്ങിയ ദിവസം ആണിന്ന്. നോമ്പോട് കൂടിയാണ് സിനിമ കണ്ടത്.


സിനിമയേക്കുറിച്ചു പറയുന്നതിന് മുമ്പ് നജീബ് എന്ന മനുഷ്യന്റെ "നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്" എന്ന അടിക്കുറിപ്പിൽ ബെന്യാമിൻ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ നിന്ന് നമുക്ക് കിട്ടിയ ആ മഹത്തായ "ആടുജീവിതം" എന്ന കൃതിയെ കുറിച്ച് പറയാതെ ഈ നിരൂപണം പൂർണമാവില്ല. 


2011 - 12 കാലം. ഇതുപോലൊരു നോമ്പ് സമയത്ത് ആണ് ഞാൻ തീർത്തും അപ്രതീക്ഷിതമായി ആടുജീവിതം നോവൽ വായിക്കാൻ ഇടയായത്. വായന 5 ഇഞ്ച് വലിപ്പമുള്ള മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങിയ എന്നെ സംബന്ധിച്ചു പത്ര വായന മാത്രമാണ് അക്കാലത്ത് എനിക്ക് ആകെയുള്ള വായന പരിചയം. അങ്ങനെ ഇരിക്കുമ്പോൾ എവിടെ നിന്നോ ഈ പുസ്തകത്തെ കുറിച്ച് കേട്ടറിയാൻ ഇടയായി. അങ്ങനെ പുസ്തകം തപ്പിയെടുത്തു വായന തുടങ്ങി. കാര്യമായ പ്രതീക്ഷകൾ ഒന്നുമില്ലാതെ വായിച്ചു തുടങ്ങിയ ഞാൻ അന്ന് ഒറ്റയിരുപ്പിന് അത് മുഴുവൻ വായിച്ചു തീർത്തു. ഞാൻ അതിന് മുമ്പോ അതിന് ശേഷമോ അതുപോലെ ഏങ്ങലടിച്ചു പൊട്ടിക്കരഞ്ഞിട്ടില്ല. കാരണം അത്രയ്ക്ക് ഉള്ള് തൊട്ട അനുഭവം ആയിരുന്നു എന്നെ സംബന്ധിച്ച് ആ പുസ്തകം എനിക്ക് നൽകിയത്. ആ മനുഷ്യൻ പോയ വഴികൾ, എത്തിച്ചേർന്ന സ്ഥലങ്ങൾ, കണ്ടുമുട്ടിയ ആ(ടു)ളുകൾ....

അങ്ങനെ എല്ലാമെല്ലാം... 

അയാളുടെ ഒപ്പം ആ മരുഭൂമിയിൽ കൂടി ഞാനും നടന്നു, മരണത്തെ അതിജീവിക്കാൻ വേണ്ടി തിരികെ ജീവിതത്തിലേക്ക് കൂടെ ഓടി....  


മസറയുടെ മണം, മരുഭൂമിയിൽ പെയ്ത മഴയുടെയും കാറ്റിന്റെയും മണം, ആടുകളുടെ മണം എല്ലാം ആ വായനയിലൂടെ ഞാൻ അന്ന് അനുഭവിച്ചറിഞ്ഞു. ആ പുസ്തകം എനിക്ക് തന്ന ഇന്നും വിട്ടുപോകാത്ത ആ ഒരു 'കിക്ക്' തന്നെയാണ് ഈ സിനിമയ്ക്ക് വേണ്ടി ഇക്കാലം അത്രയും ഞാൻ കാത്തിരിക്കാനുള്ള  കാരണം എന്ന് പറഞാലും അതിശയോക്തി ആവില്ല.


ഇനി സിനിമയിലേക്ക്...


പോസിറ്റീവ്


പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ ഇല്ലെങ്കിൽ ചിലപ്പോൾ ആടുജീവിതം സംഭവിക്കില്ലായിരുന്നു എന്ന് ബ്ലെസ്സി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനെ അടിവരയിട്ടു കാണിക്കുന്ന ലെവൽ പെർഫോമൻസ്. അതേ, നമുക്ക് ലോകത്തിന് മുന്നിൽ ഉയർത്തി കാണിക്കാൻ പറ്റുന്ന നടന്മാരിൽ ഒരാൾ തന്നെയാണ് പൃഥ്വിരാജ് എന്ന് നിസ്സംശയം പറയാം. അയാൾ ഈ പതിനാറ് വർഷം ചെയ്‌ത കഠിനാദ്ധ്വാനത്തിന്റെ ഫലം കിട്ടി എന്നതിന്റെ തെളിവാണ് തിയറ്ററിൽ മുഴങ്ങിയ ആരവങ്ങളും നിറഞ്ഞ കയ്യടികളും സൂചിപ്പിക്കുന്നത്. സ്വന്തം ശരീരത്തിനോട് ഇങ്ങേർ ചെയ്‌ത 'അതിക്രമം' കണ്ട് കണ്ണ് നിറഞ്ഞു പോയി. നജീബ് ആയി രൂപത്തിലും ഭാവത്തിലും ജീവിക്കുകയായിരുന്നു ഈ മനുഷ്യൻ. 


ബ്ലെസിയുടെ ആടുജീവിതം


ബ്ലെസ്സി എന്ന ദീർഘദർശിയായ സംവിധായകന്റെ പേര് മലയാള സിനിമയിൽ എന്നെന്നും സ്വർണ ലിപിയിൽ കൊത്തി വെക്കപ്പെടും. അദ്ദേഹത്തിന് മാത്രം സാധിക്കുന്ന സിനിമ, 'കാഴ്ച' മുതൽ തന്മാത്രയും, പളുങ്കും ഭ്രമരവും, കടന്ന് ഇന്ന് ആടുജീവിതം വരെയെത്തി നിൽക്കുന്ന മനോഹരമായ കാഴ്ച.  കണ്ണ് നിറഞ്ഞു പോയ ഒട്ടനവധി നിമിഷങ്ങൾ, അത്ഭുതം തോന്നിയ ചില ഷോട്ടുകൾ, ഗംഭീരമായി പകർത്തിയ കുറെയേറെ ഫ്രയിമുകൾ, മനസ്സിൽ തൊടുന്ന സംഭാഷണങ്ങൾ, അങ്ങനെ എല്ലാം കൊണ്ടും ആടുജീവിതം ഒരു ഗംഭീര തിയറ്റർ അനുഭവം ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. 


ശക്തമായ എഴുത്ത്, അതിലേറെ ശക്തമായ പ്രകടനങ്ങൾ:-

ബ്ലെസ്സി തന്നെ ഒരുക്കിയ തിരക്കഥ, നോവൽ അതേപടി പകർത്താതെ അതിനോടൊപ്പം സ്വന്തമായ കയ്യൊപ്പ് പതിപ്പിക്കാൻ ബ്ലെസ്സി എന്ന എഴുത്തുകാരന് കഴിഞ്ഞു. നോവലിലെ എല്ലാ സംഭവങ്ങളും സിനിമയിൽ ഉൾകൊള്ളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും അതിനെ മേക്ക് ചെയ്‌ത രീതി കൊണ്ട് അവിസ്മരണീയം ആക്കുന്നുണ്ട് ബ്ലെസി എന്ന സംവിധായകൻ. 


പെർഫോമൻസുകളെ കുറിച്ച് പറഞ്ഞാൽ അമല പോൾ, ശോഭ മോഹൻ, ഹക്കീം ആയി വന്ന ഗോകുൽ, ഇബ്രാഹിം ഖാദിരിയുടെ റോൾ ചെയ്‌ത ജിമ്മി ജീൻ ലൂയിസ്, അർബാബ്‌ ആയി വന്ന താലിബ് അൽ ബലൂഷി അങ്ങനെ എല്ലാവരും ഗംഭീര പ്രകടനം ആയിരുന്നു തിരശീലയിൽ കാഴ്ച വെച്ചത്. അതിൽ തന്നെ എന്നെ പിടിച്ച് ഉലച്ചത് ഹക്കീം, ഇബ്രാഹീം എന്നീ കഥാപാത്രങ്ങൾ ആണ്. ഗോകുൽ ആ കഥാപാത്രം ആയി ശരിക്കും ഞെട്ടിച്ചു കളഞ്ഞു.


സുനിൽ കെ. എസ് ഒരുക്കിയ വിഷ്വൽ ട്രീറ്റ്:-

ടീസറിലും ട്രെയ്ലറിലും നമ്മൾ കണ്ട് ഞെട്ടിയത് ഒന്നും ഒന്നുമല്ലായിരുന്നു എന്ന് തോന്നിപ്പോയ തരത്തിലുള്ള കിടിലൻ വർക്ക്. മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് ആയിരിക്കും ഇദ്ദേഹം എന്ന് ഉറപ്പിച്ചു പറയാം. മരുഭൂമിയുടെ വശ്യതയും, വന്യതയും ഒരേപോലെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്റെ ഛായാഗ്രഹണം കൊണ്ട് സാധിച്ചു. 


ഏ ആർ റഹ്‌മാൻ മാജിക്കൽ മ്യൂസിക്

'പെരിയോനെ' സോങ് തന്ന തിയറ്റർ ഫീൽ പറഞ്ഞറിയിക്കാൻ ആവില്ല. അതേപോലെ പശ്ചാത്തല സംഗീതവും ഇന്റർനാഷണൽ ക്വാളിറ്റിയുള്ളതായിരുന്നു. നിശബ്ദത കൊണ്ട് പോലും മനോഹരമായ സംഗീതം തീർക്കാൻ കഴിവുള്ള റഹ്മാൻ മാജിക് നിങ്ങൾക്ക് സിനിമയിൽ ആസ്വദിക്കാം.


ടോപ്പ് ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്

റസൂൽ പൂക്കുട്ടിയുടെ സൗണ്ട് മിക്സിങ്, ശ്രീകർ പ്രസാദിന്റെ കട്ടുകൾ, രഞ്ജിത് അമ്പാടിയുടെ മേക്കപ്പ് വിഭാഗം, കോസ്റ്റ്യൂം കൈകാര്യം ചെയ്ത സ്റ്റെഫി സേവ്യർ തുടങ്ങി എല്ലാം ഒന്നിനൊന്നു ഗംഭീരം. 


നെഗറ്റീവ്


ആദ്യമേ പറയട്ടെ, ഇതൊരു കൊമേർഷ്യൽ സിനിമ അല്ല. അതിനു വേണ്ടിയുള്ള ഗിമ്മിക്കുകൾ ഒന്നും തന്നെ സിനിമയിൽ ഇല്ല. ഒരു യഥാർത്ഥ സംഭവത്തെ അതിന്റെ യാഥാർഥ്യം ഒട്ടും ചോർന്ന് പോകാതെ ഒപ്പിയെടുത്ത ഒരു സാധാരണ സിനിമയാണ് ആടുജീവിതം. അതുകൊണ്ട് തന്നെ സിനിമ വളരെ പതിഞ്ഞ രീതിയിൽ ആണ് സഞ്ചരിക്കുന്നത്.  ആ ഒരു സ്ലോ ആയ കഥാപറച്ചിൽ തന്നെയാണ് സിനിമയുടെ സൗന്ദര്യം എന്ന് പറയുന്നത്. നിങ്ങൾ പുസ്തകം വായിക്കാത്ത ഒരാളാണ് എങ്കിൽ ഇതൊക്കെ ഒന്ന് മനസ്സിൽ വെച്ചിട്ട് പോകുക. എന്തായാലും എനിക്ക് ഇത് ഒരു നെഗറ്റീവ് ആയി ഫീൽ ചെയ്തില്ല. 


നെഗറ്റീവ് പറഞ്ഞേ മതിയാവൂ എന്നാണെങ്കിൽ ഒരു കാര്യം പറയാം. പെരിയോനെ സോങ് ഫുൾ വേർഷൻ സിനിമയുടെ എൻഡ് ക്രെഡിറ്റ് ആക്കി ഒതുക്കിയത് മാത്രം എനിക്ക് ഇഷ്ടമായില്ല. കാരണം ഈ സിനിമയുടെ മുഴുവൻ ആത്മാവും ആ ഒരു പാട്ടിൽ ഉണ്ടായിരുന്നു. അത് ഒഴിവാക്കേണ്ടിയിരുന്നില്ല.


എന്റെ അഭിപ്രായം


ലോക സിനിമയ്ക്ക് മുന്നിൽ മലയാളത്തിൽ നിന്നും ഉയർത്തി കാണിക്കാൻ യോഗ്യതയുള്ള അതിഗംഭീര സിനിമ എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാനില്ല. പുസ്തകം വായിച്ചവർക്കും ഇതുവരെ വായിക്കാത്തവർക്കും ഒരേപോലെ നെഞ്ചു പിടയുന്ന അനുഭവം സമ്മാനിക്കാൻ സിനിമയ്ക്ക് കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഈ സിനിമ വിജയിപ്പിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്. ഒരു ആയുസ്സിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം - അതാണ് ഈ സിനിമ. തീർച്ചയായും ഓരോ മലയാളിയും കണ്ടിരിക്കേണ്ട ചിത്രം.


"നാം അനുഭവിച്ചിട്ടില്ലാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്..."


ആടുജീവിതം മലയാള സിനിമയ്ക്ക് സമ്മാനിച്ച എല്ലാവർക്കും നന്ദി...❤️


#Naaz373 😊

Comments