AAVESHAM (2024) MALAYALAM MOVIE REVIEW

 


🎥 AAVESHAM (2024)

A Film by Jithu Madhavan


രോമാഞ്ചം എന്ന തന്റെ ആദ്യ സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ജിത്തു മാധവന്റെ സംവിധാനത്തിൽ വന്ന രണ്ടാമത്തെ സിനിമ, ഒപ്പം ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഗ്യാങ്സ്റ്റർ മേക്കോവർ, തൊട്ടതെല്ലാം പൊന്നാക്കുന്ന സുഷിൻ ശ്യാമിന്റെ മഞ്ഞുമ്മൽ ബോയ്സിന് ശേഷം വരുന്ന പടം, സമീർ താഹിർ വളരെ കാലത്തിന് ശേഷം ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമ, അൻവർ റഷീദ് നിർമാണം, ഇതൊക്കെ പോരെ അളിയാ ഈ പടത്തിന് വേണ്ടി കാത്തിരിക്കാൻ...


സിനിമയിലേക്ക്...

രോമാഞ്ചം പോലെ തന്നെ ബാംഗ്ലൂർ ബേസ് ചെയ്താണ് സിനിമ കഥ പറയുന്നത്. മൂന്ന് പയ്യന്മാർ ബാംഗ്ലൂരിലെ ഒരു കോളേജിൽ അഡ്മിഷൻ എടുക്കുന്നതും, അവരുടെ ഹോസ്റ്റൽ ലൈഫ്, സീനിയേഴ്‌സിന്റെ റാഗിംഗ്, അതിന്റെ കലിപ്പ്, തുടർന്നുള്ള പകരം വീട്ടൽ, അതിന് അവർ സ്വീകരിക്കുന്ന മാർഗങ്ങൾ... അങ്ങനെ സ്ഥിരമായി കാണുന്ന കഥയും കഥാ പശ്ചാത്തലവുമാണ് സിനിമയുടേത്. എങ്കിലും ജിത്തുവിന്റെ മേകിങ്ങിലൂടെ സിനിമ വേറെ ലെവൽ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ട്. ഗ്യാങ്സ്റ്റർ ആക്ഷൻ കോമഡി ജേണറിൽ സിനിമ വേറിട്ട് നിൽക്കുന്ന ഒരനുഭവം ആയി മാറുന്നുണ്ട്. ഒപ്പം കുറച്ചു പോരായ്മകളും, അത് വഴിയേ പറയാം.


പോസിറ്റീവ്


ഒരേയൊരു ഫാഫാ ❤️🔥


ഈ മനുഷ്യന്റെ ഒറ്റയ്ക്കുള്ള അഴിഞ്ഞാട്ടം എന്ന് ഒറ്റവാക്കിൽ പറയാം. മൊത്തം സിനിമ തന്റെ അന്യായ പെർഫോമൻസ് കൊണ്ട് ഒറ്റയ്ക്ക് ഹോൾഡ് ചെയ്തു നിർത്താൻ കഴിവുള്ള മലയാളത്തിലെ ചുരുക്കം നായക നടന്മാരിൽ ഒരാളാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന ലെവൽ പീക്ക് അഴിഞ്ഞാട്ടം. രംഗൻ ചേട്ടനായി ആറാടുകയാണ് ഫഹദ്. ഷമ്മിയ്ക്ക് ഇനി കുറച്ചു കാലം റെസ്റ്റ് എടുക്കാം. 


കാസ്റ്റിങ് 👌


ഫഹദിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനങ്ങളുമായി സജിൻ ഗോപുവും ഗംഭീരമായി തന്നെ അമ്പാട് എന്ന റോളിൽ ചുമ്മാ തകർത്തു പോയിട്ടുണ്ട്. ഒരേസമയം കോമഡിയും ആക്ഷനും പുള്ളി നിസാരമായി ചെയ്തു. അതേപോലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിപ്സ്റ്റർ, മിഥുട്ടി,  റോഷൻ ഷാനവാസ് എന്നീ മൂന്ന് പിള്ളേരും പടം ഉഷാറാക്കി. ആദ്യ സിനിമ എന്ന നിലയിൽ മൂവരുടെയും കിടിലൻ പെർഫോമൻസ്. പിന്നെ എടുത്തു പറയേണ്ടത് ഫഹദിന്റെ ഗ്യാങിലെ ഫൈറ്റേഴ്‌സ് ആയിട്ടുള്ള പേര് അറിയാത്ത രണ്ട് ഹിന്ദിക്കാർ, പിന്നെ നഞ്ചപ്പ എന്ന അപ്പൂപ്പൻ - ഇവരുടെ ഫൈറ്റ്‌സ് കണ്ട് ശരിക്കും കണ്ണ് തള്ളിപ്പോയി. കുറച്ചു സീനിലെ ഉള്ളെങ്കിലും ആശിഷ് വിദ്യാർത്ഥി നന്നായിരുന്നു, മൻസൂർ അലിഖാൻ സ്ഥിരമായി ചെയ്യുന്ന അതേ പാറ്റേണിൽ ഉള്ള പെർഫോമൻസ്, ബോറാകാതെ ചെയ്തിട്ടുണ്ട്. അമ്മയുടെ വേഷത്തിൽ വന്ന "മോനെ ഹാപ്പിയല്ലേ..." നടിയും നന്നായിരുന്നു 😂


ടോപ് ക്വാളിറ്റിയുള്ള ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ് 👌


സുഷിന്റെ മ്യൂസിക് നെക്കുറിച്ച് എടുത്ത് പറയേണ്ട കാര്യമില്ലല്ലോ. മ്യൂസിക് ഡയറക്ടർ സുഷിൻ ആണെങ്കിൽ പടം ബ്ലോക്ക്ബസ്റ്റർ ആണെന്നാണ് ഇപ്പോഴത്തെ ഇൻഡസ്ട്രിയിലെ ടോക്ക്. അത് അടിവരയിടുന്ന വർക്ക് എന്ന് നിസ്സംശയം പറയാം. മഞ്ഞുമ്മലിന് ശേഷം സുഷിൻ വീണ്ടും സീൻ മാറ്റി.


സമീർ താഹിറിന്റെ മാരക ഡിഒപി. കുറെ കാലത്തെ ഇങ്ങേരുടെ ആ ഗ്യാപ്പ് ഇതിലൂടെ പുള്ളി നികത്തിയിട്ടുണ്ട്. അജ്ജാതി ഫ്രയിമുകൾ കൊണ്ട് പുള്ളി സിനിമ മൊത്തത്തിൽ കളറാക്കിയിട്ടുണ്ട്. കലിയ്ക്ക് ശേഷം പുള്ളിയുടെ സംവിധാനത്തിൽ ഒരു സിനിമ ഉടനെ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 


ആക്ഷൻ ഡയറക്ടർ ചേതൻ ഡിസൂസ ❤️


തുടക്കം മുതൽ ഒടുക്കം വരെ സിനിമയ്ക്ക് മാറ്റ് കൂട്ടുന്നതിൽ ഇങ്ങേരുടെ ആക്ഷൻ സീക്വൻസ് വഹിച്ച പങ്ക് ചെറുതല്ല. ഇന്റർവെൽ ബ്ലോക്ക് ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ പുള്ളി ചുമ്മാ തീ പാറിച്ചിട്ടുണ്ട്‌. തെലുങ്ക്, കന്നഡ സിനിമകളിൽ വർക്ക് ചെയ്ത പുള്ളിക്ക് ഇനി മലയാളത്തിൽ നിറയെ അവസരങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്.  ഒപ്പം വിവേക് ഹർഷന്റെ എഡിറ്റിംഗ്,  സിനിമയുടെ വിഎഫ്എക്‌സ് ഡിപ്പാർട്ട്‌മെന്റ് എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. 


നെഗറ്റീവ് 👎


ജിത്തു മാധവൻ സംവിധാനത്തിൽ മികച്ചു നിന്നെങ്കിലും ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ ഇപ്പോഴും ആവറേജ് ആയി ഒതുങ്ങിപ്പോയത് പോലെയാണ് എനിക്ക് പേഴ്സണലി അനുഭവപ്പെട്ടത്. ആദ്യ പകുതി ത്രൂ ഔട്ട് എൻഗേജിങ് ആക്കി കൊണ്ട് പോയപ്പോൾ രണ്ടാം പകുതിയിൽ സിനിമയുടെ ആ ഗ്രാഫ് കുത്തനെ താഴെ പോയി. അതിന്റെ കാരണം ഒരു സിനിമയ്ക്ക് അനുയോജ്യമല്ലാത്ത സ്ക്രിപ്റ്റ് തന്നെയാണ് എന്ന് പറയേണ്ടി വരും. ഫസ്റ്റ് ഹാഫിൽ തന്നെ സിനിമ പറയാൻ ഉദ്ദേശിച്ചത് എല്ലാം പറഞ്ഞു കഴിഞ്ഞു. ഇനിയെന്ത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകന് ആ ഫീൽ തരാൻ ഇന്റർവെൽ ശേഷമുള്ള സിനിമയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ക്ലൈമാക്സിനോട് അടുക്കുമ്പോൾ സിനിമ വീണ്ടും പഴയ എനർജി വീണ്ടെടുക്കുന്ന കാഴ്ച നമുക്ക് കാണാം. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ സിനിമ ചിലപ്പോൾ തീർത്തും നിരാശപ്പെടുത്തിയേനെ. അടുത്ത ചിത്രത്തിൽ എങ്കിലും ഈയൊരു പോരായ്മ സംവിധായകൻ തിരിച്ചറിഞ്ഞു പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 


സിനിമയ്ക്ക് അത്രയ്ക്ക് നല്ലൊരു കാസ്റ്റ് ആൻഡ് ക്രൂ ഉള്ളത് കൊണ്ടാണ് ഇപ്പോൾ കിട്ടുന്ന പോസിറ്റീവ് റെസ്പോൺസ് ലഭിക്കുന്നത് എന്ന് കൂടി ഇതിനോട് ചേർത്ത് പറയേണ്ടി വരും.


എന്റെ അഭിപ്രായം


ആകെ മൊത്തത്തിൽ നോക്കിയാൽ ഈ വിഷു സീസണിൽ തിയറ്ററിൽ കൂട്ടുകാരും ഒത്ത് കാണാൻ പറ്റിയ ബെസ്റ്റ് ചോയ്സ് ആണ് ഈ സിനിമ. ഓടിടി വരുമ്പോൾ കാണാൻ ഒരിക്കലും നിൽക്കരുത്. യൂത്തിന്റെ പൾസ് അറിഞ്ഞ്, അവരെ ആവേശം കൊള്ളിക്കാൻ വേണ്ട ചേരുവകൾ എല്ലാമുള്ള പക്കാ വൈബ് സിനിമ എന്നതിലുപരി ഈ ചിത്രം ഫാമിലി ഓഡിയൻസിന് എത്രത്തോളം ഇഷ്ടപ്പെടും എന്നുള്ള കാര്യം സംശയമാണ്. ഫാമിലി സെന്റിമെന്റ്‌സ് ഒക്കെ ചിത്രത്തിൽ ഉണ്ടെങ്കിലും ഒപ്പമുള്ള മറ്റ് ചിത്രങ്ങൾ കൂടി നോക്കുമ്പോൾ ആവേശം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയണം. എന്നിരുന്നാലും പുതു തലമുറയുടെ 'ആവേശം' ആയി സിനിമ ഇതിനകം മാറി കഴിഞ്ഞു.


'അഡ മോനെ' എന്നാൽ പിന്നെ കൂടുതൽ ഒന്നും പറയാനില്ല, രംഗൻ ചേട്ടന്റെയും പിള്ളേരുടെയും അഴിഞ്ഞാട്ടം കാണാൻ നേരെ തിയറ്ററിലേക്ക് വിട്ടോ...⚡😍


#Naaz373 😊




Comments