MALAYALEE FROM INDIA (2024) MALAYALAM MOVIE REVIEW

 


🎬 മലയാളി ഫ്രം ഇന്ത്യ (2024)

സംവിധാനം:- ഡിജോ ജോസ് ആന്റണി


ക്യൂൻ, ജനഗണമന എന്നീ ചിത്രങ്ങൾ ക്ക് ശേഷം ഡിജോ സംവിധാനം ചെയ്ത് ഷാരി സ് മുഹമ്മദ് തിരക്കഥ എഴുതി നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, സലിം കുമാർ, മഞ്ജു പിള്ള, അനശ്വര രാജൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു മെയ് ദിനമായ ഇന്നലെ റിലീസ് ചെയ്ത സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. പ്രോമോ വിഡിയോ മുതൽ ഒരുപാട് പ്രതീക്ഷകളോടെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയതാണ്. ഡിജോ + ഷാരിസ് കോംബോ, അവരുടെ മുൻ ചിത്രങ്ങൾ, അത് പറഞ്ഞു വെച്ച ശക്തമായ രാഷ്ട്രീയം, ഇത്തവണ ഒപ്പം നിവിനും ധ്യാനും, ഒടുവിൽ വന്ന ടീസർ വരെ തന്ന ഒരു പോസിറ്റീവ് ഇമ്പാക്ട് ഉണ്ടായിരുന്നു. എന്നിട്ടും ആദ്യ ദിവസം വന്ന നെഗറ്റീവ് അഭിപ്രായങ്ങൾ എല്ലാം മാറ്റി നിർത്തി കൊണ്ടാണ് ഞാൻ സിനിമയ്ക്ക് ടിക്കറ്റ് എടുത്തത്. 


ആൽപറമ്പിൽ ഗോപി എന്ന നിവിൻ അവതരിപ്പിച്ച നമ്മുടെ നായകന്റെ അലസമായ ജീവിതം, അമ്മയും പെങ്ങളും അടങ്ങുന്ന അയാളുടെ കുടുംബം, ഒപ്പം ഒരു തല്ലിപ്പൊളി കൂട്ടുകാരനും. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് രാഷ്ട്രീയം തൊഴിലാക്കി മാറ്റിയ ഒരു ശരാശരി മലയാളി യുവാവിന്റെ എല്ലാ സ്വഭാവ ഗുണങ്ങളും നമ്മുടെ നായകനുമുണ്ട്. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അയാൾക്ക് നാട് വിടേണ്ടി വരികയും പിന്നീട് അയാളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. സ്പോയ്ലർ ആകും എന്നത് കൊണ്ട് കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല. 


പോസിറ്റീവ്


നിവിൻ പോളി


'വർഷങ്ങൾക്ക് ശേഷം' സിനിമയിൽ പഴയ നിവിന്റെ ചെറിയൊരു സ്പാർക്ക് കണ്ടു കയ്യടിച്ചപ്പോൾ ഈ സിനിമയിൽ അതിന്റെ പൂർണ രൂപം കാണാൻ സാധിച്ചു. തന്റെ കംഫർട്ട് സോണിൽ എത്തിയാൽ പിന്നെ നിവിൻ എന്ന നടനെ പിടിച്ചാൽ കിട്ടില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു ആൽപറമ്പിൽ ഗോപി എന്ന് നിസ്സംശയം പറയാവുന്ന പ്രകടനം. മിക്സഡ് റിവ്യൂസ് കിട്ടിയിട്ടും ആളുകൾ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നുണ്ട് എങ്കിൽ അതിന്റെ പ്രധാന കാരണം ഇങ്ങേരെ പഴയ പോലെ കാണാൻ കഴിയും എന്നത് കൊണ്ട് കൂടിയാണ്. 


കാസ്റ്റിങ് മികവ് + പെർഫോമൻസ്


നിവിനെ പോലെ തന്നെ എടുത്ത് പറയേണ്ട ഒരുപിടി നല്ല പ്രകടനങ്ങൾ കൂടി ചിത്രത്തിൽ ഉണ്ട്. അതിൽ മുൻപന്തിയിൽ മഞ്ജു പിള്ളയും സലിംകുമാറും കാണും. ചെറിയൊരു ഗസ്റ്റ് റോളിൽ വന്ന് പോകുന്ന ഷൈൻ ടോം ചാക്കോ വരെ ഗംഭീരം ആയിരുന്നു. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, 'മുത്തപ്പൻ' ആയി വന്ന നടൻ, മൂകയായ മുസ്ലിം കഥാപാത്രം ആയി വന്ന നടി, അങ്ങനെ ചെറിയ വേഷങ്ങളിൽ വന്നവർ പോലും മികച്ച പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ അലോസരം ആയി തോന്നിയത് സംവിധായകൻ ഡിജോ ചെയ്ത പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകന്റെ റോൾ ആയിരുന്നു. അത്യാവശ്യം നല്ല വെറുപ്പിക്കൽ ആയിട്ടാണ് എനിക്ക് അത് തോന്നിയത്. സംവിധാനം തന്നെയാണ് ഡിജോ നിങ്ങൾക്ക് ചേരുന്നത് എന്ന് കൂടി ഈ അവസരത്തിൽ പറയാൻ ആഗ്രഹിക്കുന്നു. 


ദീപക് ജെതി / 'ജലാൽ സാഹിബ്' എന്ന പാകിസ്ഥാൻകാരൻ


ഇങ്ങേരെ കുറിച്ച് പ്രത്യേകം തന്നെ പറയണം. കാരണം സിനിമയുടെ സെക്കന്റ് ഹാഫ് കൊണ്ട് പോകുന്നതിൽ പ്രധാന പങ്ക് വഹിച്ച കഥാപാത്രം ആയിരുന്നു ഗോപിയുടെ സ്വന്തം സാഹിബ്. തുടക്കത്തിൽ ആജാനു ബാഹുവും മുൻകോപിയും കണിശക്കാരനുമായ വ്യക്തിയിൽ നിന്നും സാധുവും കുടുംബ സ്നേഹിയും സർവോപരി ഗോപിയുടെ സുഹൃത്തും ആയി മാറുമ്പോഴുള്ള ഒരു ട്രാൻസ്ഫോർമേഷൻ ഉണ്ട്. വളരെ കയ്യടക്കത്തോടെ തന്നിൽ വിശ്വസിച്ച് ഏൽപ്പിച്ച വേഷം അദ്ദേഹം ഗംഭീരമായി ചെയ്തു വെച്ചിട്ടുണ്ട്. കൂടുതൽ അവസരങ്ങൾ താങ്കളെ തേടിയെത്തട്ടെ...

ഒപ്പം സാഹിബിന്റെ മകളുടെ വേഷം ചെയ്ത പെൺകുട്ടിയും നന്നായിരുന്നു. 


മേക്കിങ് + ടെക്നിക്കൽ സൈഡ്


സിനിമയുടെ തുടക്കം മുതൽ ഒരു എലിയെ കാണിക്കുന്നുണ്ട്. അത് വിഎഫ്എക്‌സ് ആണെന്നും സിനിമയുടെ തുടക്കത്തിൽ എഴുതി കാണിക്കും. അത് ചെയ്തവർക്ക് ഒരു വലിയ കയ്യടി. കിടിലൻ ആയിരുന്നു. 

ജെയ്ക്‌സ് ബിജോയ് യുടെ ഗാനങ്ങൾ ആവറേജ് ഫീൽ ആയിരുന്നു എങ്കിലും ബിജിഎം നൈസ് ആയി തോന്നി. ഏറ്റവും കൂടുതൽ റീച്ച് കിട്ടിയ World Malayali Anthem സോങ് സിനിമയിൽ ഉൾപ്പെടുത്തിയതുമില്ല. 

സുദീപ് ഇളമണിന്റെ ഛായാഗ്രഹണം സിനിമയ്ക്ക് അനുയോജ്യമായ വിധത്തിൽ ആയിരുന്നു. 


നെഗറ്റീവ്


സ്ക്രിപ്റ്റിലെ പോരായ്മകൾ


ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ ആണെങ്കിൽ പോലും അത് എഴുത്തിലേക്ക് വന്നപ്പോൾ ദുർബലമായി പോയതായി തോന്നി. ഷാരിസ് മുഹമ്മദ് എന്ന എഴുത്തുകാരനിൽ നിന്നും പ്രതീക്ഷിച്ച ഒരു ഐറ്റം എനിക്ക് കിട്ടിയില്ല. ഇപ്പോഴും അയാളുടെ ബെസ്റ്റ് വർക്ക് ജനഗണമന തന്നെയാണ്. മലയാളി ഫ്രം ഇന്ത്യയിലേക്ക് വരുമ്പോൾ ഞാൻ ഉണ്ടാവും എന്ന് കരുതിയ ആ തീ എനിക്ക് പേഴ്സണലി ലഭിച്ചില്ല എന്ന് പറയേണ്ടി വരും. എന്നാൽ പോലും കുറിക്ക് കൊള്ളുന്ന ചില ഡയലോഗുകൾ കൊണ്ട് സിനിമ സ്‌ട്രോങ് ആയി മാറുന്ന കാഴ്ചയും നമുക്ക് കാണാം. സലിമേട്ടൻ പറയുന്ന "പറയാൻ രാഷ്ട്രീയം ഇല്ലെങ്കിൽ മതത്തെ കൂട്ടി കൊടുക്കരുത്" അതിലൊന്ന് മാത്രം.

അതുപോലെ തന്നെ പലയിടത്തും സിനിമ മറ്റ് പല സിനിമകളെയും ഓർമിപ്പിച്ചു. ഈയടുത്തായി ഇറങ്ങിയ ഒരു സിനിമ ആയിരിക്കും അതിൽ ആദ്യം. സിനിമ ഏതാണെന്ന് കാണുമ്പോൾ നിങ്ങൾക്ക് മനസിലാവും. ഷാരിസിന്റെ ശക്തമായ എഴുത്ത് 'ജനഗണമന 2' ഉണ്ടാവുമെന്ന് കരുതി കാത്തിരിക്കുന്നു. 


സിനിമയുടെ ദൈർഘ്യം

ഏകദേശം രണ്ടേമുക്കാൽ മണിക്കൂർ ഉള്ള സിനിമ എഡിറ്റിംഗിൽ ഒന്ന് ശ്രദ്ധിച്ചു ചിലയിടങ്ങളിൽ കത്രിക വെച്ചിരുന്നു എങ്കിൽ കുറേക്കൂടി എൻഗേജിങ് ആക്കി മാറ്റാമായിരുന്നു. അനാവശ്യമായ കുറച്ചു സീനുകളും കഥാപാത്രങ്ങളും സിനിമയിൽ നിന്നും ഒഴിവാക്കേണ്ടത് അത്യാവശ്യം ആയി തോന്നി. പേരിനൊരു നായിക എന്ന ആചാരം ഇനിയെങ്കിലും നിർത്തലാക്കണം.


എന്റെ അഭിപ്രായം


പ്രതീക്ഷയ്ക്ക് ഒത്ത് വന്നില്ലെങ്കിലും ഒരു തവണ തിയറ്ററിൽ കാണാവുന്ന ഒരു സിനിമയാണ് മലയാളി ഫ്രം ഇന്ത്യ. മുകളിൽ പറഞ്ഞ കുറച്ചു പോരായ്മകളും കുറവുകളും ഉണ്ടെങ്കിലും മേക്കിങ് കൊണ്ട് അതിനെ ഒരു പരിധിവരെ താങ്ങി നിർത്താൻ സംവിധായകന് കഴിഞ്ഞു. ഡിജോ പറഞ്ഞത് പോലെ ഓരോ മലയാളിക്കും തല ഉയർത്തി തന്നെ സിനിമ കണ്ടിറങ്ങാം. ഡിജോ - ഷാരിസ് ടീമിന്റെ ബെസ്റ്റ് വർക്ക് ഇപ്പോഴും ജനഗണമന തന്നെയാണ് എന്ന് കൂടി ഇതിനോടൊപ്പം ചേർത്ത് പറയുന്നു. 


അങ്ങനെ പോവല്ലേ...

അപ്പൊ ഇത്‌ നിവിൻ പോളിയുടെ തിരിച്ചുവരവ് ആണോ...???


അയാൾ എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, ഈ സിനിമയിലൂടെ അയാൾ തന്റെ കംഫർട്ട് സോണിലേക്ക് തിരിച്ചു വന്നു പെർഫോമൻസ് കൊണ്ട് ചുമ്മാ തകർത്തു പോയി എന്ന് മാത്രം...❤️


#Naaz373 😊

Comments

Post a Comment