GURUVAYOOR AMBALA NADAYIL (2024) MALAYALAM MOVIE REVIEW

 


ഗുരുവായൂർ അമ്പലനടയിൽ (2024)

സംവിധാനം :- വിപിൻ ദാസ്

പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖിലാ വിമൽ, അനശ്വര രാജൻ, ജോമോൻ ജ്യോതിർ, ജഗദീഷ് തുടങ്ങിയ വമ്പൻ താരനിര അണിചേർന്ന് ജയ ജയ ജയ ഹേ എന്ന സൂപ്പർഹിറ്റ് കുടുംബ ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. റിവ്യൂ വൈകിയതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.

പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ശേഷം റിലീസാവുന്ന ചിത്രം കൂടിയാണ് ഇത്. അതിൽ നിന്നും തീർത്തും വ്യത്യസ്തമായ കോമഡി ട്രാക്കിൽ പോകുന്ന ഒരു കഥാപാത്രം ആണ് പൃഥ്വി ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്. ആനന്ദ് ഏട്ടൻ ആയി അങ്ങേര് തകർപ്പൻ പെർഫോമൻസ് തന്നെ കാഴ്ച വെച്ചപ്പോൾ കട്ടയ്ക്ക് ഒപ്പം ബേസിലിന്റെ വിനു എന്ന ക്യാരക്ടറും ഉണ്ട്. ഇവർ തമ്മിലുള്ള കോംബോ കാണാൻ തന്നെ നല്ല രസമായിരുന്നു. അളിയന്മാർ തമ്മിലുള്ള രസകരമായ ബന്ധം സിനിമയിൽ വളരെ മികച്ച രീതിയിൽ കാണിക്കുന്നുണ്ട്. പലയിടത്തും നല്ല കെമിസ്ട്രി ഇവർ തമ്മിൽ വർക്ക് ഔട്ട് ആയിട്ടുണ്ട്. 

ദുബായിൽ ജോലിയുള്ള വിനുവിന്റെ കല്യാണവും, ആ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധവും കല്യാണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവ വികസങ്ങളുമാണ് സിനിമയുടെ പ്രമേയം. 

പോസിറ്റീവ്

പൃഥ്വിരാജ് - ബേസിൽ ജോസഫ് കോമ്പിനേഷൻ

സിനിമയുടെ ഏറ്റവും വലിയ ആകർഷണം ഇത് തന്നെയാണ്. ആദ്യമായി ഇരുവരും ഒരു സിനിമയിൽ ഒന്നിച്ചു അഭിനയിക്കുമ്പോൾ പ്രേക്ഷകർ ആയ നമ്മളും സിനിമയിൽ ഒരുപാട് പ്രതീക്ഷ വെക്കും. എന്നാൽ പെർഫോമൻസ് കൊണ്ട് ആ പ്രതീക്ഷയ്ക്ക് ഒപ്പം നിൽക്കാൻ രണ്ടുപേർക്കും കഴിഞ്ഞു. അളിയന്മാർ ആയി ഇരുവരും ഗംഭീര പ്രകടനം തന്നെ നടത്തി. 

കാസ്റ്റിങ് + പെർഫോമൻസ്

വളരെ വലിയ കാൻവാസിൽ ഉള്ള സിനിമയാണ് ഗുരുവായൂർ അമ്പലനടയിൽ. അതുകൊണ്ട് തന്നെ വലിയൊരു താരനിര സിനിമയിലുണ്ട്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ എല്ലാവരും പ്രകടനം കൊണ്ട് മികവ് പുലർത്തി. അതിൽ തന്നെ എടുത്തു പറയേണ്ട പെർഫോമൻസുകളിൽ ഒന്നാണ് നിഖില വിമൽ അവതരിപ്പിച്ച പാർവതി എന്ന കഥാപാത്രം. വളരെ കോംപ്ലിക്കേറ്റഡ് ആയ റോളിനെ അനായാസം കൈകാര്യം ചെയ്യാൻ നിഖിലയ്ക്ക് സാധിച്ചു. പേഴ്സണലി എനിക്ക് സിനിമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ക്യാരക്ടറും നിഖിലയുടേത് ആയിരുന്നു. അവർ അത് വളരെ കയ്യടക്കത്തോടെ തന്നെ ചെയ്തു. അതേപോലെ ജഗദീഷ്, കോട്ടയം രമേശ്, ബൈജു സന്തോഷ്, ഇർഷാദ്, ജോമോൻ ജ്യോതിർ, തുടങ്ങിയവരും മികച്ച രീതിയിൽ അവരവരുടെ റോളുകൾ നന്നാക്കി. 

ക്ലിക്ക് ആയ കൗണ്ടറുകൾ

സിനിമയുടെ ആദ്യ പകുതി ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. കാരണം ത്രൂ ഔട്ട് സിനിമ പോകുന്നത് പക്കാ കോമഡി ട്രാക്കിൽ കൂടിയാണ്. അതെല്ലാം തന്നെ നല്ല രീതിയിൽ കണക്റ്റ് ആകുന്ന ഐറ്റംസ് ആയിരുന്നു. പ്രത്യേകിച്ച് പൃഥ്വിരാജ് ബേസിൽ ഇവർ രണ്ടുപേരും കോമഡി ടൈമിങ്ങിൽ നന്നായി തിളങ്ങി. ഇവർ ഒന്നിച്ചു സ്ക്രീനിൽ വരുന്ന സീനുകൾ എല്ലാം കിടിലൻ ആയിരുന്നു. പൃഥ്വിരാജ് നല്ല എനർജെറ്റിക് ആയി തന്നെ ആനന്ദനെ അവതരിപ്പിച്ചു. ബേസിലിന്റെ സപ്പോർട്ട് കൂടിയായപ്പോൾ സിനിമ നല്ല രീതിയിൽ എൻഗേജിങ് ആയി മാറി. 

ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ് അത്യാവശ്യം തരക്കേടില്ലാത്ത വിധത്തിൽ തന്നെയുള്ള ഔട്ട്പുട്ട് നൽകി. നീരജ് രവിയുടെ വിഷ്വൽസ്, അങ്കിത് മേനോൻ ഒരുക്കിയ പാട്ടുകളും ബിജിഎം, ജോണ് കുട്ടിയുടെ എഡിറ്റിംഗ്, Felix Fukuyoshi Ruwwe ഒരുക്കിയ ആക്ഷൻ രംഗങ്ങൾ അങ്ങനെ എല്ലാം നിലവാരമുള്ളത് ആയിരുന്നു. 

നെഗറ്റീവ്

സ്ക്രിപ്റ്റിൽ വന്ന വീഴ്ചകൾ

ദീപു പ്രദീപ് ആണ് സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്. ആദ്യപകുതി ക്യാരക്ടർ ഇൻട്രോയും തരക്കേടില്ലാത്ത കോമഡികളും ആയി മുന്നോട്ടു പോയപ്പോൾ രണ്ടാം പകുതിയിൽ കണ്ട കാഴ്ച അതിന്റെ ഗ്രാഫ് കുത്തനെ താഴേക്ക് പോകുന്നതാണ്. കാരണം ഒരൊറ്റ സീനിൽ തീർക്കാവുന്ന കഥ വെച്ചുകൊണ്ട് വീണ്ടും ഒരു സെക്കന്റ് ഹാഫ് എഴുതി ഒപ്പിക്കുക എന്ന് പറയുന്നത് തീർത്തും അസാധ്യമായ കാര്യമാണ്. അതിന് മുതിർന്ന തിരക്കഥാകൃത്ത് മറന്ന് പോയ കാര്യം എന്തെന്നാൽ സിനിമ പ്രേക്ഷകർക്ക് കണക്റ്റ് ആകുമോ എന്നുള്ളതാണ്. തീരെ കണക്റ്റ് ആകാതെ പോകുന്ന സെക്കന്റ് ഹാഫ് എങ്ങനെയൊക്കെയോ ക്ലൈമാക്സ് വരെ കൊണ്ടെത്തിച്ചിട്ടു അവിടുന്ന് വീണ്ടും എടുത്തു പൊട്ട കിണറ്റിൽ ഇട്ടത് പോലുള്ള കാഴ്ചയാണ് സിനിമയുടെ ക്ലൈമാക്സ് കണ്ടപ്പോൾ എനിക്ക് തോന്നിയത്. ഏറ്റവും സങ്കടകരമായ കാര്യം ഫസ്റ്റ് ഹാഫ് വരെ നല്ല പീക്ക് ലെവലിൽ കൊണ്ട് നിർത്തിയ സിനിമയോട് ആണ് ഇമ്മാതിരി അക്രമം കാണിച്ചത് എന്നതാണ്. എന്തായാലും സിനിമയുടെ സെക്കന്റ് ഹാഫ് ചില കോമഡി സീനുകൾ മാറ്റി നിർത്തിയാൽ തീരെ വർക്ക് ആകാതെ പോയി. ജോമോൻ ജ്യോതിർ അവിടെ ചെറിയൊരു ആശ്വാസം ആയപ്പോൾ യോഗി ബാബുവിനെ കൊണ്ട് വന്ന് അതും കുളമാക്കി തന്നു. ഒരവശ്യവും ഇല്ലാത്ത ഒരു കഥാപാത്രം ആയിട്ടാണ് യോഗി ബാബുവിന്റെ ശരവണൻ എന്ന ക്യാരക്ടർ എനിക്ക് തോന്നിയത്. അതേപോലെ വരുന്ന മായിൻകുട്ടി വി. എന്ന മറ്റൊരു വെറുപ്പിക്കൽ കഥാപാത്രം കൂടിയുണ്ട്. 

ഇതെല്ലാം മാറ്റി നിർത്തിയാലും സ്ക്രിപ്റ്റ് അത്ര മികച്ചതാണ് എന്ന് ഒരിക്കലും പറയാനാവില്ല. കാരണം സെക്കന്റ് ഹാഫിൽ പറയാൻ കോമഡി ഒന്നും കിട്ടാത്തത് കൊണ്ടാണോ എന്നറിയില്ല പഴയ ഒരു ലോഡ് സിനിമകളുടെ റഫറൻസുകൾ അനാവശ്യമായി കുത്തി കേറ്റി ആ ഫ്ലോ നൈസ് ആയിട്ട് കളയാനും തിരക്കഥാകൃത്ത് മറന്നില്ല. ദൃശ്യം, നന്ദനം, തുടങ്ങി നായക നടന്മാർ സംവിധാനം ചെയ്ത സിനിമകൾ കൊണ്ട് വരെ കോമഡി നിറയ്ക്കാൻ കാണിച്ച ആ മനസ്സ്...🙏👎

എന്റെ അഭിപ്രായം

കൂടുതൽ നെഗറ്റീവ് പറഞ്ഞു നിങ്ങളുടെ മൂഡ് കളയുന്നില്ല, സിനിമ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയത് കൊണ്ട് പ്രത്യേകിച്ച് ഒരു അഭിപ്രായം പറയേണ്ട കാര്യമില്ല എന്നാലും പേഴ്സണലി എനിക്ക് ഒരു ആവറേജിന് മുകളിലുള്ള അനുഭവം ആയിരുന്നു ഗുരുവായൂർ അമ്പലനടയിൽ സമ്മാനിച്ചത്. ഫാമിലിയ്ക്ക് സിനിമ നന്നായി വർക്ക് ആകാനുള്ള സാധ്യത ഉണ്ട്. അത് തന്നെയാണ് സിനിമയ്ക്ക് ലഭിച്ച ഇത്ര വലിയ സ്വീകര്യതയ്ക്കും കാരണം എന്ന് നിസ്സംശയം പറയാം. എന്തായാലും ഒരുതവണ ചുമ്മാ പോയി ചിരിച്ചു കാണാവുന്ന ഒരു സിംപിൾ സിനിമ.

#Naaz373 😊

Comments