KALKI 2898 AD (2024)
A FILM BY NAG ASWIN
മഹാനടി എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്തു പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽ ഹാസൻ തുടങ്ങി ഒരു വമ്പൻ താരനിര യിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൽക്കി 2898 എ ഡി.
കാസ്റ്റിങ് ആൻഡ് ക്രൂ കാരണം സ്വാഭാവികമായും സിനിമയ്ക്ക് നല്ല രീതിയിൽ ഹൈപ്പ് ഉണ്ടായിരുന്നു. എങ്കിലും എനിക്ക് കാര്യമായ പ്രതീക്ഷ ഒന്നുംതന്നെ ഇല്ലായിരുന്നു. പക്ഷേ കമൽ ഹാസൻ ഈ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ സൂപ്പർ എക്സൈറ്റഡ് ആയി. സുപ്രീം യാസ്‌കിൻ എന്ന നെഗറ്റീവ് ഷേയ്ഡ് ഉള്ള കഥാപാത്രം ആണ് അദ്ദേഹം ചെയ്യുന്നത് എന്നും ട്രയ്ലർ തന്ന ചെറിയൊരു പ്രതീക്ഷയും കൊണ്ട് ആദ്യ ദിവസം, ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു. പിന്നീട് എന്ത് സംഭവിച്ചു എന്ന് വഴിയേ പറയാം.
ബാഹുബലി തന്ന ബാധ്യത പേറി പിന്നീട് ബ്രഹ്മാണ്ഡ സിനിമകൾ മാത്രം ചെയ്യാൻ വിധിക്കപ്പെട്ട ഒരു നടനാണ് പ്രഭാസ്. അതിനു ശേഷം പുള്ളി ചെയ്ത സിനിമകൾ എല്ലാം വാണിജ്യപരമായി നന്നായി എങ്കിലും എനിക്ക് സംതൃപ്തി നൽകിയിരുന്നില്ല. സാഹോ, രാധേ ശ്യാം, ആദിപുരുഷ്, സലാർ അങ്ങനെ നീളുന്നു ആ ലിസ്റ്റ്. അതുകൊണ്ട് തന്നെ പ്രഭാസിൽ യാതൊരു പ്രതീക്ഷയും എനിക്ക് ഉണ്ടായിരുന്നില്ല. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ശോഭന പോലെ ലെജണ്ടറി പെർഫോർമേഴ്‌സ് സിനിമയ്ക്ക് മുതൽക്കൂട്ടായി എന്ന് പറയാം. പ്രഭാസിന് പോലും അവർക്ക് മുകളിൽ ഒന്നും ചെയ്യാനായില്ല എന്ന് കൂടി ഇതിനോട് ചേർത്ത് പറയേണ്ടി വരും.
നാഗ് അശ്വിൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കൂടിയാണ് ഈ ചിത്രം. ഭാവിയെക്കുറിച്ച് അയാളുടെ ഭാവനയിൽ വിരിഞ്ഞ കഥാ തന്തുവിനെ പുരാണത്തിന്റെ എസ്സെൻസ് കൂടി ചേർത്ത് ഒരുക്കിയ ഒരു മോഡേൺ മഹാഭാരതം 2.0 വേർഷൻ ആയിട്ടാണ് എനിക്ക് പേഴ്സണലി കൽക്കി അനുഭവപ്പെട്ടത്. കൂടുതൽ വിശദമായി പുറകെ പറയാം.
പോസിറ്റീവ്
ലെജണ്ടറി കാസ്റ്റിങ് + ക്വാളിറ്റി പെർഫോമൻസ്
അമിതാഭ് ബച്ചൻ, ശോഭന, കമൽ ഹാസൻ ഇവരാണ് ഈ സിനിമയുടെ നെടുംതൂണുകൾ എന്ന് അടിവരയിട്ടു പറയാവുന്ന ലെവൽ പീക്ക് പെർഫോമൻസുകൾ കൊണ്ട് സമ്പന്നമാണ് ഈ സിനിമ. സോ പ്രകടനങ്ങളുടെ കാര്യത്തിൽ ഇപ്പോഴത്തെ പുതിയ പിള്ളേർ പോലും അവരുടെ ഏഴയലത്ത് വരില്ലെന്ന് ഒരിക്കൽ കൂടി ഇവിടെ തെളിഞ്ഞു കാണാം. അതിൽ തന്നെ എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിച്ച ഫാക്ടർ "സുപ്രീം യാസ്‌കിൻ" എന്ന വേറെ ലെവൽ ക്യാരക്ടർ ആയിരുന്നു. ഈ പ്രായത്തിലും കമൽ ഹാസൻ എന്ന നടൻ എടുക്കുന്ന എഫർട്ട് കാണുമ്പോൾ തന്നെ രോമാഞ്ചം ആണ്. ആ പതിവ് ഇവിടെയും തെറ്റിച്ചില്ല. ഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ലാത്ത വിധം ആ മനുഷ്യൻ വന്ന കുറച്ചു മിനിറ്റുകൾ മാത്രം മതിയായിരുന്നു എനിക്ക് പൈസ മുതലാവാൻ. സെക്കന്റ് പാർട്ടിൽ നാഗ് അശ്വിൻ അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ ടൈം കൊടുത്തു കൊണ്ട് എസ്റ്റാബ്ലിഷ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അതേപോലെ എടുത്തു പറയേണ്ട മറ്റൊരാളാണ് അമിതാഭ് ബച്ചൻ എന്ന നമ്മുടെ ബിഗ് ബി. ഇൻട്രോ മുതൽ ഞെട്ടിക്കുന്ന ലെവൽ പ്രകടനം. ഈ എൺപത്തൊന്നാം വയസ്സിലും കമൽ ഹാസനെ പോലെ തന്നെ അഴിഞ്ഞാട്ടം ആയിരുന്നു ഈ മനുഷ്യനും നടത്തിയത്. ക്ലൈമാക്സ് നായകന് വേണ്ടിയുള്ളത് ആയതുകൊണ്ട് മാത്രം അവസാന നിമിഷം 'അശ്വത്ഥാമാവ്' കുറച്ചു ഡൗണ് ആകുന്നുണ്ട്. പക്ഷേ സിനിമയിലെ യഥാർത്ഥ ഹീറോസ് ഇവരാണ്.
ശോഭന മാം...💎
മലയാളത്തിലെ എന്റെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒന്നാം സ്ഥാനത്തുള്ളയാൾ... അതിനുമപ്പുറം ലേഡി സൂപ്പർസ്റ്റാർ പട്ടത്തിന് ഒന്നും പിടി കൊടുക്കാതെ വളരെ സെലേക്റ്റീവ് ആയി മാത്രം സിനിമയെ സമീപിക്കുന്ന അഭിനേത്രി... അങ്ങനെ വിശേഷണങ്ങൾ ഒരുപാടുള്ള വ്യക്തിത്വം. അവരും 'മറിയം' എന്ന അസാധാരണ കഴിവുകൾ ഏറെയുള്ള കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്ച വെച്ചു.
ഇഷ്ടമുള്ള ഒരുപാട് പേരെ ഒന്നിച്ചൊരു സിനിമയിൽ കാണാൻ കഴിഞ്ഞ സന്തോഷം കൂടി ഇതിനോടൊപ്പം പറയുന്നു. ഒപ്പം കുറച്ചു സർപ്രൈസ് എൻട്രികളും സിനിമയിലുണ്ട്. അത് നേരിട്ട് തന്നെ കാണുക. എന്തായാലും സർപ്രൈസ് ആയി വന്നവരും ഞെട്ടിച്ചു. എന്നാൽ ഇവരെ മാറ്റി നിർത്തി നോക്കിയാൽ ബാക്കിയുള്ളവർ എല്ലാം തീർത്തും ശരാശരിയ്ക്ക് ഉള്ളിൽ നിൽക്കുന്ന പെർഫോമൻസ് ആയേ എനിക്ക് തോന്നിയുള്ളൂ. ദീപിക ഉൾപ്പടെയുള്ളവർ അതിൽ പെടും. കാര്യമായൊന്നും ചെയ്യാനില്ലാത്ത, കുറെയധികം കഥാപാത്രങ്ങളും മിസ് കാസ്റ്റിങ് ആയിപ്പോയ കുറച്ചു ആളുകളും സിനിമയിൽ ഉണ്ട്. അതിനെക്കുറിച്ചു നെഗറ്റീവ് ഭാഗത്ത് പറയാം.
നാഗ് അശ്വിന്റെ ക്രാഫ്റ്റ്
ഇത്തരത്തിൽ ഒരു ശ്രമം ഇന്ത്യൻ സിനിമയിൽ ഇതാദ്യമായാണ് എന്നാണ് എന്റെ ചുരുങ്ങിയ അറിവ്. കാരണം ഭാവികാലത്തെയും ഭൂതകാലത്തെയും ഒരേപോലെ ബ്ലെൻഡ് ചെയ്യിപ്പിച്ചു നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ഡീസന്റ് ലെവലിൽ തന്നെ സംവിധായകൻ പ്രെസെന്റ് ചെയ്തിട്ടുണ്ട്. ഒപ്പം തിരക്കഥ ഒരുക്കിയതും പുള്ളി തന്നെയാണ്. അത്ര കെട്ടുറപ്പുള്ള തിരക്കഥ അല്ലെങ്കിൽ പോലും മേക്കിങ് ക്വാളിറ്റി കൊണ്ട് അതിനെയെല്ലാം മറികടക്കാൻ സംവിധായകന് കഴിഞ്ഞു. കുറെയധികം പോരായ്മകൾ ഉണ്ടെങ്കിലും അതൊന്നും മേക്കിങ്ങിലെ മികവ് കൊണ്ട് കണ്ണടച്ചു വിടാം. എന്നാൽ എത്ര മറച്ചു വെക്കാൻ നോക്കിയാലും പുറത്ത് വരുന്ന കുറെ കാര്യങ്ങൾ കൂടിയുണ്ട്. അത് സിനിമയുടെ മൊത്തം ഒഴുക്കിനെ തന്നെ പിന്നോട്ട് വലിച്ചു. അതും നെഗറ്റീവ് പോർഷനിൽ പറയാം.
ടോപ് ക്വാളിറ്റി ടെക്നിക്കൽ ഡിപ്പാർട്ട്‌മെന്റ്
സന്തോഷ് നാരായണൻ ആദ്യമായി ട്രാക്ക് മാറ്റി പിടിച്ച സിനിമയാവും കൽക്കി. കാരണം പുള്ളി ചെയ്ത സിനിമകൾ നോക്കിയാൽ ഇത്തരത്തിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം കാണില്ല. അതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ ബിജിഎം അത്ര മികച്ചതായി തോന്നിയില്ല. പാട്ടുകളും അനാവശ്യവും അരോചകവും ആയിട്ടാണ് എനിക്ക് പേഴ്സണലി ഫീൽ ചെയ്തത്.
Djordje Stojiljkovic - ചെയ്ത സിനിമറ്റൊഗ്രാഫി മികച്ചു നിന്നപ്പോൾ അതിൽ നിന്ന് നല്ല കുറെ വിഷ്വൽ ട്രീറ്റ് തന്നെ ലഭിച്ചു. ക്ലൈമാക്സ് രംഗങ്ങളിലെ കളർ ഗ്രേഡിങ് ഒക്കെ അന്യായം ആയിരുന്നു.
വിഎഫ്എക്‌സ് ഡിപ്പാർട്ട്‌മെന്റ് അവരുടെ ഭാഗം നല്ല വൃത്തിയായി ചെയ്തിട്ടുണ്ട്. Dune ഉൾപ്പടെയുള്ള ഹോളിവുഡ് സിനിമകളിൽ വർക്ക് ചെയ്ത ടീമാണ് കൽക്കിയിലും ഉള്ളത്. അതിന്റെ ക്വാളിറ്റി സിനിമയിൽ കാണാനുണ്ട്.
മേക്കപ്പ് + ആക്ഷൻ കൊറിയോഗ്രാഫി എന്നിവയും അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ - പ്രഭാസ് ഫൈറ്റ് സീനുകൾ നൈസ് ആയിരുന്നു. അതുപോലെ ക്ലൈമാക്സ് ഫൈറ്റും കിടിലൻ.
നെഗറ്റീവ്
ദുർബലമായ തിരക്കഥ + ലാഗ്
അനാവശ്യമായ ഒരുപാട് രംഗങ്ങൾ ട്രിം ചെയ്തിരുന്നു എങ്കിൽ സിനിമ രണ്ടര മണിക്കൂർ കൊണ്ട് തീർക്കാമായിരുന്നു. ആദ്യ പകുതിയിൽ വേൾഡ് ബിൽഡിംഗ് + ക്യാരക്ടർ ഇൻട്രോ ആയി പോകുമ്പോഴും ഇടയിലുള്ള അനാവശ്യ സീനുകളും, ചില കഥാപാത്രങ്ങളും, ഒഴിവാക്കാമായിരുന്ന റൊമാന്റിക് സീനുകളും കൊണ്ട് സിനിമയുടെ ടോട്ടൽ ഫ്ലോ തന്നെ നശിപ്പിച്ചു. സെക്കന്റ് ഹാഫ് കുറേക്കൂടി ഭേദം ആണെങ്കിലും അവിടെ കണ്ടത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന തരം പരിപാടിയാണ്. പിന്നെ കുറെ മിസ് കാസ്റ്റിംഗും. ഗുണ്ട ബിനുവിന്റെ അഴിഞ്ഞാട്ടം കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി കുട്ടിമാമ...🙏
മ്യൂസിക് ഡിപ്പാർട്ട്‌മെന്റ്
സന്തോഷ് നാരായണൻ പുള്ളിയുടെ മാക്സിമം ചെയ്തിട്ടുണ്ട് എങ്കിലും ഇതുപോലുള്ള സിനിമയ്ക്ക് അന്നും ഇന്നും ബെസ്റ്റ് കീരവാണി സാർ തന്നെയാണ് എന്ന് തോന്നിപ്പോയി. 'സന'യുടെ ബിജിഎം ഒരു ഗും കിട്ടിയില്ല. സോങ്‌സ് ആണേൽ കട്ട ലാഗും ബോറും ആക്കി കളഞ്ഞു.
കട്ട് ചെയ്യാൻ മറന്ന് പോയ എഡിറ്റർ
എഡിറ്റർ ആരായാലും പുള്ളി ഒരു സാധനവും ഒഴിവാക്കാതെ എല്ലാം അതേപടി ഒപ്പിയെടുത്തു വെച്ചിട്ടുണ്ട്. പക്ഷേ അത് കണ്ട് കൊണ്ടിരിക്കുമ്പോൾ ഇതൊക്കെ എന്തിനാടാ ഞങ്ങളെ കാണിക്കുന്നത്...??? എന്ന മൈൻഡ് ആയിരുന്നു എനിക്ക്. മൂന്ന് മണിക്കൂർ വലിച്ചു നീട്ടേണ്ട ഒരവശ്യവും ഇല്ലാത്ത സിനിമയെ അങ്ങനെ റബർ ബാൻഡ് പോലെ വലിച്ചുനീട്ടി വെറുപ്പിച്ചു.
മലയാളത്തെ കൊന്ന് കൊലവിളിച്ച ഡബ്ബിങ്
ഇനിമുതൽ കീർത്തി സുരേഷ് ആധുനിക മലയാള ഭാഷയുടെ മാതാവായി അറിയപ്പെടും. ബുജ്ജി എന്ന പ്രധാന കഥാപാത്രം ആയി വന്ന നായകന്റെ കാറിന് ഡബ് ചെയ്ത കീർത്തി മോളുസ് ഇനിയെങ്കിലും ഈ പണി ചെയ്യരുത്. സ്വന്തം ആയി ചെയ്യുന്ന കഥാപാത്രത്തിന് മാത്രം ഡബ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ ഇജ്ജാതി വധം ഇനിയും സംഭവിക്കും.
പറയാൻ ആണെങ്കിൽ ഇനിയും ഒരുപാടുണ്ട്. പക്ഷേ നാഗ് അശ്വിൻ എന്ന യുവ സംവിധായകന്റെ ഇമാജിനേഷൻ + വിഷൻ ഒന്നുകൊണ്ടു മാത്രം കൂടുതൽ പറഞ്ഞു വഷളാക്കുന്നില്ല. കാണാൻ അതിയായ ആഗ്രഹം ഉള്ളവരും ഫാൻസും പോയി കണ്ട് അസ്വദിക്കട്ടെ...
എന്റെ അഭിപ്രായം
ഇത്രയും പറഞ്ഞതിൽ നിന്നും നിങ്ങൾക്ക് തന്നെ മനസിലായി കാണുമല്ലോ ഞാൻ ഇതൊരു അതി ഗംഭീര സിനിമ എന്നൊരിക്കലും പറയില്ലെന്ന്. അതുകൊണ്ട് തന്നെ എനിക്ക് ഒരു എബോവ് ആവറേജ് സിനിമാറ്റിക് എക്സ്പീരിയൻസ് നൽകിയ സിനിമയാണ് എന്നെ സംബന്ധിച്ചു കൽക്കി 2898 എ ഡി. സിനിമയുടെ ഫ്രഷ് ആയിട്ടുള്ള കണ്സെപ്റ്റ് കൊണ്ട് ഒരു തവണ എന്തായാലും തിയറ്ററിൽ കാണാനുള്ള സ്റ്റഫ് സിനിമയിലുണ്ട്. പിന്നെ അമിത പ്രതീക്ഷയുടെ ഭാരം ഇല്ലാതെ പോയാൽ ചിലപ്പോൾ ഇതിനേക്കാൾ ഗംഭീരം ആയി നിങ്ങൾക്ക് തോന്നിയേക്കാം.
വാൽക്കഷ്ണം:- പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം റിലീസായ സമയത്തും ഇതുപോലെ മിക്സഡ് റിവ്യൂസ് ആയിരുന്നു വന്നത്. എന്നിട്ടും സിനിമ ഹിറ്റായി. നന്നായി കളക്റ്റും ചെയ്തു. അത് കൊണ്ട് നമ്മുടെ നെഗറ്റീവ് അഭിപ്രായങ്ങൾ ഒന്നും ഈ സിനിമയെ ബാധിക്കില്ല. സോ ആരെങ്കിലും എന്റെ വീട്ടിലേക്ക് ഇഡി യെ അയക്കുന്നുണ്ട് എങ്കിൽ ഒന്ന് നേരത്തെ പറയണേ. കാരണം അവർക്ക് ഒരു നേരത്തെ ആഹാരം എങ്കിലും കൊടുക്കണ്ടേ...😅
#Naaz373 😊
Comments
Post a Comment