MAHARAJA (2024) TAMIL MOVIE REVIEW

 


MAHARAJA (2024)

A FILM BY NITHILAN SWAMINATHAN

വിജയ് സേതുപതി, അനുരാഗ് കശ്യപ്, അഭിരാമി, മമ്ത മോഹൻദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയ് സേതുപതി യുടെ അമ്പതാം ചിത്രമായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമയാണ് മഹാരാജ. 

സംവിധായകന്റെ മുൻ സിനിമയായ കുരങ്ങു ബൊമ്മൈ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചിത്രം ആയതുകൊണ്ട് ഈ സിനിമയ്ക്കും അൽപ്പം പ്രതീക്ഷ ഉണ്ടായിരുന്നു. അത് തെറ്റിയില്ല എന്ന് മാത്രമല്ല അതിനേക്കാൾ ഗംഭീരമായി തന്നെ അടുത്ത ചിത്രം അയാൾ ചെയ്തു വെച്ചിട്ടുണ്ട്. 

വിജയ് സേതുപതി എന്ന നടന്റെ കഴിഞ്ഞ കുറച്ച് പരാജയ ചിത്രങ്ങൾക്ക് ശേഷം വരുന്ന അദ്ദേഹത്തിന്റെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് മഹാരാജാ എന്ന് നിസ്സംശയം പറയാവുന്ന തരത്തിലുള്ള കിടിലൻ പ്രകടനം. കഴിവുള്ള നടൻ ആയിട്ടുപോലും തുടരെ തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് കൂടിയാണ് ഈ സിനിമ. 

മഹാരാജ എന്ന അച്ഛൻ, അയാളുടെ ഒരേയൊരു മകൾ ജ്യോതി. അച്ഛൻ - മകൾ ബന്ധം, അകാലത്തിൽ നഷ്ടപ്പെട്ട അമ്മയുടെ വിയോഗം, മകളെ നന്നായി വളർത്താൻ കഷ്ടപ്പെടുന്ന അച്ഛൻ, അങ്ങനെ നാം മുമ്പ് പല സിനിമകളിലും കണ്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ് സിനിമ പ്രമേയമാക്കിയത് എങ്കിലും അതിൽ ഇതുവരെ കാണാത്ത വേറിട്ട ഒരു ശൈലിയിലുള്ള കഥ പറച്ചിൽ സിനിമയെ കൂടുതൽ എൻഗേജിങ് ആക്കുന്നുണ്ട്. ഇന്റർവെൽ അടുക്കുമ്പോൾ സിനിമയുടെ ട്രാക്ക് മൊത്തത്തിൽ മാറുന്ന ഒരു ഗംഭീര കാഴ്ചയുണ്ട്. ആ ട്രാൻസ്ഫർമേഷൻ തിയറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യണം. 

പോസിറ്റീവ്

കയ്യടക്കമുള്ള എഴുത്തും സംവിധാന മികവും

ഈ സിനിമയുടെ ഹീറോ അതിന്റെ സ്ക്രിപ്റ്റ് തന്നെയാണ് എന്ന് പറയാവുന്ന വിധത്തിൽ എഴുതിയ അന്യായ തിരക്കഥ. സംവിധായകൻ നിഥിലൻ സ്വാമിനാഥൻ തന്നെയാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. തുടക്കത്തിൽ നമുക്ക് തമാശയായി തോന്നുന്ന പല കാര്യങ്ങൾക്കും പിന്നീട്‌ നൽകിയ ഡീറ്റൈലിങ് ഗംഭീരമായിരുന്നു. ശക്തമായ യാതൊരു പഴുതുകളും ഇല്ലാത്ത സ്ക്രിപ്റ്റിനെ തീർത്തും കയ്യടക്കത്തോടെ അവതരിപ്പിച്ചു കയ്യടി നേടാൻ സംവിധായകന് കഴിഞ്ഞു. മലയാളത്തിൽ ഈയടുത്ത് കണ്ട ഒരു സിനിമയുമായി സാമ്യം തോന്നിയെങ്കിൽ കൂടി അതൊന്നും സിനിമയെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. 

വിജയ് സേതുപതി - കാത്തിരുന്ന കംബാക്ക്

പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള, ബഹുമാനമുള്ള ഒരു നടനാണ് വിജയ് സേതുപതി. അതുകൊണ്ട് തന്നെ കുറച്ചു ഇമോഷണൽ ആയിട്ടെ എനിക്ക് അദ്ദേഹത്തെ കുറിച്ച് എഴുതാൻ കഴിയൂ...

കഴിഞ്ഞ കുറെ കാലങ്ങളായി നായകൻ ആയി വരുന്ന സിനിമകൾ എല്ലാം പരാജയപ്പെടുന്നു, വില്ലൻ കഥാപാത്രങ്ങളിൽ തളച്ചിടാൻ വിധിക്കപ്പെട്ട നടൻ എന്ന് പലരും പറഞ്ഞു പരിഹസിക്കുന്നു, ഫീൽഡ് ഔട്ടിന്റെ വക്കിൽ എത്തിയെന്ന് പറഞ്ഞു പുച്ഛിച്ചു തള്ളിയപ്പോഴും വലിയ വിഷമം തോന്നിയിരുന്നു. കാരണം ജൂനിയർ ആർട്ടിസ്റ്റ് ആയി കഷ്ടപ്പെട്ട്, റോൾ തെണ്ടി സിനിമയിൽ എത്തിയ അയാൾക്ക് യാതൊരു പിൻബലവും ഇല്ലായിരുന്നു. സ്ക്രിപ്റ്റ് സെലക്ഷൻ മോശമായത് കൊണ്ട് പല സിനിമകളും പരാജയപ്പെട്ടു പോയ പല നടന്മാരും ഉണ്ടെങ്കിൽ പോലും വിജയ് സേതുപതി എന്ന നടനോളം പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. താൻ കൈക്കൊണ്ട രാഷ്ട്രീയ നിലപാടുകളുടെ പേരിലും അയാൾ വേട്ടയാടപ്പെട്ടു കൊണ്ടിരുന്നു. എന്നാൽ ഞാൻ എന്നെങ്കിലും ഒരിക്കൽ ഇതിനെല്ലാം മറുപടി നൽകുന്ന ഒരു ദിവസം വരുമെന്ന് പ്രത്യാശിച്ചു. ഇതാണ് ആ ദിവസം, ഇതാണ് ആ മറുപടി. ഇതിലും വലിയ പ്രതികാരം മറ്റൊന്നില്ല. ഏറെ സന്തോഷം, അതിലേറെ അഭിമാനം...❤️

സിനിമയിലേക്ക് വന്നാൽ മഹാരാജ എന്ന ടൈറ്റിൽ റോളിൽ തിളങ്ങി. ഒരേസമയം വാത്സല്യം തുളുമ്പുന്ന അച്ഛനും കോപാകുലനായ സാധാരണക്കാരനും ആയി അയാൾ നടത്തിയ പകർന്നാട്ടത്തിന് പകരം വെക്കാൻ മറ്റൊരാൾ ഇല്ല. തകർച്ചകളിൽ തളർന്ന് പോകാത്ത, സിനിമ സ്വപ്നം കാണുന്ന എന്നെപ്പോലെയുള്ള ആയിരങ്ങൾക്ക് പ്രചോദനം ആയി മാറിയ ഇഷ്ട താരത്തിന്റെ തിരിച്ചുവരവിൽ മനസ്സ് നിറഞ്ഞ സന്തോഷം മാത്രം. 

മനസ്സ് നിറച്ച പ്രകടനങ്ങൾ

നായകനൊപ്പം സഹതാരങ്ങൾ ആയി വന്നവരും കയ്യടി നേടി. അതിൽ തന്നെ പ്രത്യേകം എടുത്തു പറയേണ്ട പെർഫോമൻസുകൾ മകളുടെ റോളിൽ എത്തിയ കുട്ടി (പേര് അറിയില്ല), അഭിരാമി, അനുരാഗ് കശ്യപ്, മമ്ത മോഹൻദാസ് ചെറിയ റോൾ ആണെങ്കിലും അവർ നന്നായി ചെയ്തു. അതേപോലെ പോലീസ് ഓഫീസർ ആയി വന്ന നടരാജൻ, മുനിഷ്കാന്ത്, സിങ്കം പുലി തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. 

ക്വാളിറ്റി ടെക്നിക്കൽ ടീം

'കാന്താര'യ്ക്ക് ശേഷം അജനീഷ് ബി ലോക്നാഥ് ഒരുക്കിയ ബിജിഎം, ഫിലോമിൻ രാജിന്റെ കട്ടുകൾ, ദിനേശ് പുരുഷോത്തമൻ ഒരുക്കിയ മികച്ച ക്യാമറ വർക്ക് & വിഷ്വൽസ് സിനിമയുടെ ആർട്ട് ഡിപ്പാർട്ട്‌മെന്റ് തുടങ്ങി എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

നെഗറ്റീവ്

ERROR 404 - NOT FOUND

എന്റെ അഭിപ്രായം

ഏറെ കാലത്തിന് ശേഷം ഇത്രയും നീറ്റ് ആയി എഴുതിയ തിരക്കഥയുള്ള സിനിമ ഞാൻ കണ്ടിട്ടില്ല. അതിന്റെ ഫുൾ ക്രെഡിറ്റ് സംവിധായകൻ നിഥിലൻ സ്വാമിനാഥൻ മാത്രം അവകാശപ്പെട്ടതാണ്. കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ നല്ലൊരു സിനിമ സംഭവിക്കൂ എന്ന് ഒരിക്കൽ കൂടി തെളിയിച്ച സിനിമ, വിജയ് സേതുപതി എന്ന നടന്റെ ഗംഭീര തിരിച്ചുവരവ്, അങ്ങനെ ഈ സിനിമയെ എത്ര വിശേഷിപ്പിച്ചാലും അധികമാവില്ല. കൂടുതൽ ഒന്നും ചിന്തിക്കാതെ നേരെ തിയറ്ററിലേക്ക് വിട്ടോ. ഈ സിനിമയ്ക്ക് ഞാൻ ഗ്യാരന്റി.

#Naaz373 😊 

Comments