PRISON MOVIES IN MALAYALAM : A BRIEF STORY


 

മലയാള സിനിമയും ജയിൽ ജീവിതങ്ങളും...

ജയിൽ വാസം മലയാള സിനിമ ഉള്ള കാലം മുതൽ കണ്ടു വരുന്ന കാര്യമാണ്. എന്നാൽ ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് മലയാള സിനിമയിൽ മനോഹരമായി ചിത്രീകരിച്ച ചില ജയിൽ ജീവിതങ്ങളെ കുറിച്ചാണ്. എന്റെ പരിമിതമായ അറിവിൽ നിന്ന് കൊണ്ടാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. ഏതെങ്കിലും വിട്ടുപോയിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് കൂട്ടിച്ചേർക്കാം. അപ്പോൾ നമുക്ക് പറഞ്ഞു വന്ന വിഷയത്തിലേക്ക് കടക്കാം. 

സീസൺ (1989)

പത്മരാജന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിൽ ഒന്നായ സീസണിൽ ആണ് മലയാളത്തിലെ മികച്ച ജയിൽ ജീവിതങ്ങളിൽ ഒന്ന് ഞാൻ കണ്ടിട്ടുള്ളത്. മാത്രമല്ല ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ, നായകൻ ക്ലൈമാക്സ് രംഗത്തു സ്വയം പൊലീസിന് കീഴടങ്ങി ശിക്ഷ സ്വീകരിക്കുകയാണ്. സിനിമയുടെ ലാസ്റ്റ് ഷോട്ട് തന്നെ ജയിലിലേക്ക് വീണ്ടും എത്തിച്ചേരുന്ന നായകന്റെ മനോഹരമായ ചിരിയിലൂടെയാണ് സിനിമ അവസാനിപ്പിക്കുന്നത്. നായകനും വില്ലനും തമ്മിലുള്ള ഒത്തു ചേരൽ, അവരുടെ അവിടുത്തെ ജീവിതം അങ്ങനെ എല്ലാം പത്മരാജൻ ഗംഭീരമായി സിനിമയിൽ വരച്ചു കാണിക്കുന്നുണ്ട്. കാണാത്തവർ തീർച്ചയായും കണ്ടുനോക്കുക.

യാത്ര (1985)

ബാലു മഹേന്ദ്ര മലയാളത്തിൽ സംവിധാനം ചെയ്ത് തിയറ്ററുകളിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീക്കനൽ കോരിയിട്ട അതിഗംഭീര ചിത്രമാണ് യാത്ര. "തന്നന്നം താനന്നം താളത്തിൽ ആടി..." എന്ന ഗാനം ഇപ്പോഴും മൂളി നടക്കുന്ന കാമുകീ കാമുകന്മാർ ഉണ്ട്. മമ്മൂട്ടി - ശോഭന കോംബോയിൽ വന്ന സിനിമ പറയുന്നത് ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായ നായകൻ ആൾമാറാട്ടം ആരോപിച്ചു ജയിൽ ശിക്ഷ അനുഭവിക്കുന്നതും അയാളുടെ ജയിലിനുള്ളിലെ ദുസ്സഹമായ ജീവിതവും അവിടുത്തെ മറ്റ് മനുഷ്യ ജീവിതങ്ങളുമാണ്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചവർ വരെ ഗംഭീരമാക്കിയ മലയാളത്തിലെ മറ്റൊരു മാസ്റ്റർപീസ്.

കാലാപാനി (1996)

മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ റിലീസായ സ്വാതന്ത്ര്യ സമരം ആസ്പദമാക്കി പുറത്ത് വന്ന സിനിമയാണ് കാലാപാനി. ഈ സിനിമ ഷൂട്ട് ചെയ്തത് ആൻഡമാൻ നിക്കോബാർ ഐലന്റിലെ ഒരു യഥാർത്ഥ ജയിലിൽ വെച്ച് ആയിരുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. 

മതിലുകൾ (1989)

വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ ആസ്പദമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് മതിലുകൾ. മമ്മൂട്ടിയ്ക്ക് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായ മതിലുകൾ ഭൂരിഭാഗവും ചിത്രീകരിച്ചത് ജയിലിൽ ആയിരുന്നു.

ന്യൂ ഡെൽഹി (1987)

ജോഷി - മമ്മൂട്ടി കോംബോയിൽ വന്ന എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ന്യൂ ഡെൽഹി ചിത്രീകരിച്ചത് യഥാർത്ഥ സെൻട്രൽ ജയിലിൽ ആയിരുന്നു. വളരെ കുറച്ചു ഭാഗങ്ങൾ മാത്രമേ ജയിൽ സിനിമയിൽ കാണിക്കുന്നുള്ളൂ എങ്കിലും അവയെല്ലാം ഗംഭീരം ആയിരുന്നു. 


കൗരവർ (1992)

ഈ സിനിമയ്ക്ക് കൂടുതൽ വിശേഷണങ്ങളുടെ ആവശ്യമില്ല. ജോഷി - മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു സൂപ്പർഹിറ്റ് സിനിമയായ കൗരവർ നായകന്റെയും കൂട്ടാളികളുടെയും ജയിൽ വാസം മികച്ചതായി ചിത്രീകരിച്ച മറ്റൊരു സിനിമയാണ്.

സദയം (1992)

എംടി - സിബി മലയിൽ - മോഹൻലാൽ ത്രയത്തിന്റെ എവർ ഗ്രീൻ ക്ലാസിക്ക് ആണ് സദയം. അന്നും ഇന്നും മോഹൻലാൽ എന്ന നടന്റെ അഭിനയ പാടവം ചർച്ച ചെയ്യുമ്പോൾ ഏവരും പരാമർശിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് സദയത്തിലേത്.

ഭൂതക്കണ്ണാടി (1997)

ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ഭൂതക്കണ്ണാടി. ഏറെ നിരൂപക പ്രശംസ നേടിയ സിനിമയുടെ പ്രധാന കഥ നടക്കുന്നത് ജയിലിനുള്ളിൽ വെച്ചാണ്. 

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (2018)

ആന്റണി വർഗീസ്, വിനായകൻ, ടിറ്റോ വിൽസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ക്വാളിറ്റി മേക്കിങ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കോട്ടയം സബ് ജയിലിൽ വെച്ചാണ്. 

ഇനിയും ഒട്ടേറെ ചെറുതും വലുതുമായ ചിത്രങ്ങൾ ജയിൽ പശ്ചാത്തലമായി വന്നിട്ടുണ്ട്. വിട്ടുപോയവ കമന്റ് ആയി രേഖപ്പെടുത്താം.


#Naaz373 😊

Comments