THALAVAN (2024) MALAYALAM MOVIE REVIEW

 


തലവൻ (2024)

സംവിധാനം :- ജിസ് ജോയ്


ഫീൽഗുഡ് സിനിമകളുടെ ബ്രാൻഡ് അംബാസഡർ ആയ ജിസ് ജോയിയുടെ ഏറ്റവും പുതിയ ചിത്രമാണ് തലവൻ. ആസിഫ് അലി, ബിജു മേനോൻ, മിയ ജോർജ്, അനുശ്രീ, ജാഫർ ഇടുക്കി, ദിലീഷ് പോത്തൻ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നു. ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമ ഇന്നാണ് കാണാൻ സാധിച്ചത്.


കാർത്തിക് എന്ന സബ് ഇൻസ്പെക്ടർ,  ജയശങ്കർ എന്ന സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ പോലീസ് കരിയറിൽ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അവർ തമ്മിലുള്ള ഈഗോ ക്ലാഷും അതിനെ തുടർന്ന് അവർ നടത്തുന്ന ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ആണ് സിനിമ ചർച്ച ചെയ്യുന്നത്. നാം മുൻപ് കണ്ട ത്രില്ലർ സിനിമകളുടെ അതേ പാറ്റേണിലാണ് തലവനും സഞ്ചരിക്കുന്നത്. എന്നാൽ പോലും മികച്ച പ്രകടനങ്ങൾ കൊണ്ടും കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും സിനിമ എൻഗേജിങ് ആയി മാറുന്നുണ്ട്. 


പോസിറ്റീവ്


ആസിഫ് അലിയെന്ന മികച്ച നടൻ


ആസിഫ് അലിയുടെ മികവുറ്റ പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ഹൈ ലൈറ്റ്. കുറ്റവും ശിക്ഷയും, കൂമൻ തുടങ്ങിയ സിനിമകളിൽ അയാളുടെ റേഞ്ച് എന്താണെന്ന് നമ്മൾ കണ്ടതാണ്. എന്നാൽ പോലും അതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിൽ കാർത്തിക് എന്ന സബ് ഇൻസ്‌പെക്ടർ റോൾ അയാൾ നല്ല വെടിപ്പായി ചെയ്തു വെച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടി വന്ന നടനാണ് ആസിഫ് എന്നാൽ അയാളുടെ അഭിനയം മോശമാണെന്ന് ഒരാൾ പോലും പറയില്ല. തലവനിലും അത്തരത്തിലുള്ള മികച്ച പ്രകടനം ആസിഫ് നൽകുന്നുണ്ട്. ഒപ്പം ബിജു മേനോൻ, മിയ, ദിലീഷ് പോത്തൻ, തുടങ്ങി എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. 


മികച്ച തിരക്കഥയുടെ പിൻബലം


സ്ഥിരം ത്രില്ലർ ടെംപ്ലേറ്റ് പിടിച്ച് കഥ പറയുന്ന സിനിമ ആണെങ്കിൽ പോലും അതിനെ ഒരുപരിധിവരെ താങ്ങി നിർത്തിയത് നല്ലൊരു സ്ക്രിപ്റ്റിന്റെ ഹോൾഡ് ആയിരുന്നു. എന്നാൽ അത്ര ഗംഭീര സ്ക്രിപ്റ്റ് ആണെന്നുള്ള അവകാശ വാദം എനിക്കില്ല. ജിസ് ജോയ് എന്ന ഡയറക്ടറിൽ നിന്നും ലഭിച്ച മികച്ച വർക്ക് എന്ന് നിസ്സംശയം പറയാവുന്ന സ്ക്രിപ്റ്റ് വർക്ക് ആണ് തലവൻ. ജിസിന് ഒപ്പം ശരത് പെരുമ്പാവൂർ, ആനന്ദ് തേവർക്കാട് എന്നിവർ കൂടി എഴുത്തിൽ സഹായികൾ ആയിരുന്നു. 


കാസ്റ്റിങ് മികവ്


ആസിഫ് - ബിജു മേനോൻ കോംബോ എന്നൊക്കെ ഒന്നിച്ചിട്ടുണ്ടോ അന്നൊക്കെ അവിടെ ഹിറ്റുകൾ ഉണ്ടായിട്ടുണ്ട്. കാരണം അവർ തമ്മിലുള്ള കിടിലൻ കെമിസ്ട്രി തന്നെയാണ്. ആ പതിവ് ഇവിടെയും തെറ്റിച്ചില്ല. ഒപ്പം സഹതാരങ്ങൾ ആയി വന്നവരും നന്നായി തന്നെ പെർഫോം ചെയ്തു.


ടെക്നിക്കൽ സൈഡ്


ദീപക് ദേവിന്റെ ബിജിഎം സിനിമയ്ക്ക് അനുയോജ്യമായിരുന്നു, ശരൺ നായരുടെ ഡിഒപി സിനിമയുടെ ത്രില്ലർ മൂഡിന് ചേർന്നു നിന്നപ്പോൾ സൂരജിന്റെ എഡിറ്റിംഗ് സിനിമയെ കൂടുതൽ ഗ്രിപ്പിംഗ് ആക്കി മാറ്റി. ആർട്ട്, മേക്കപ്പ് തുടങ്ങി മറ്റുള്ള ടെക്നിക്കൽ വിഭാഗങ്ങളും നന്നായിരുന്നു. 


നെഗറ്റീവ്


ആദ്യ പകുതിയിൽ സിനിമ നൽകിയ ഒരു എക്സൈറ്റ്മെന്റ് ഫാക്ടർ രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ അതിന്റെ വീര്യം കുറഞ്ഞു വന്നത് പോലെ തോന്നി. അതിൽ തന്നെ ക്ലൈമാക്സിന് എന്നിലെ പ്രേക്ഷകനെ യാതൊരു വിധത്തിലും ആകർഷിക്കാൻ കഴിഞ്ഞില്ല എന്ന് തന്നെ പറയേണ്ടി വരും. കാരണം അതുവരെ നല്ല പേസിൽ പൊക്കൊണ്ടിരുന്ന സിനിമ ക്ലൈമാക്സിനോട്‌ അടുക്കുമ്പോൾ 'അയ്യേ, ഇതാണോ ക്ലൈമാക്സ്' എന്ന് തോന്നിപ്പിക്കുന്ന തരത്തിലേക്ക് സിനിമയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞു എന്നാണ് എന്റെ പേർസണൽ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്. നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കാം. ദുർബലമായ ഒരു വില്ലൻ, അതിലും ദുർബലമായ ഒരു ക്രൈം മോട്ടിവ് എന്നിവ സിനിമയെ പ്രതികൂലമായി ബാധിക്കുന്നു. കുറേക്കൂടി നന്നായി ക്ലൈമാക്സ് എടുത്തിരുന്നു എങ്കിൽ ഇതിനേക്കാൾ മികച്ച എക്സ്പീരിയൻസ് നൽകാൻ സിനിമയ്ക്ക് കഴിയുമായിരുന്നു. എന്നിരുന്നാലും ഒരു തവണ കാണാവുന്ന ഒരു ഡീസന്റ് തിയറ്റർ എക്സ്പീരിയൻസ് ആണ് തലവൻ. 


ക്ലൈമാക്സ് മോശമായപ്പോൾ എനിക്ക് കുറച്ചെങ്കിലും ആശ്വാസം ആയി തോന്നിയത് സിനിമയുടെ ആന്റി ക്ലൈമാക്സ് + ടെയിൽ എൻഡിങ് സീനുകൾ ആണ്. "സിംഗിൾ തല രാവണൻ" സീൻ നൽകിയ ഇമ്പാക്ട് വേറെ ലെവൽ ആയിരുന്നു. അത് സിനിമയ്ക്ക് നൽകിയ ഗ്രിപ്പ് ചെറുതല്ല. ഒരു രണ്ടാം ഭാഗത്തിനായുള്ള വെടിമരുന്ന് ഇട്ട് വെച്ചിട്ടാണ് സിനിമ അവസാനിപ്പിക്കുന്നത്. അത് ഗംഭീരമായി ജിസ് ജോയ് എടുത്തിട്ടുണ്ട്. രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം.


എന്റെ അഭിപ്രായം


അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ ഫ്രഷ് മൈൻഡ് സെറ്റിൽ പോയി കണ്ടാൽ നിങ്ങൾക്ക് മികച്ച തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന നല്ലൊരു ഡീസന്റ് ത്രില്ലറാണ് തലവൻ. മികച്ച ഒരുപിടി കഥാപാത്രങ്ങളും അതിനേക്കാൾ മികച്ച പ്രകടനങ്ങളുമായി രണ്ടേകാൽ മണിക്കൂർ ത്രില്ലടിച്ചു കാണാം.


#Naaz373 😊


Comments